'സിഎംആർഎല്ലിന് ഇല്ലാത്ത പരാതി മോദിയുടെ പൊലീസിനുണ്ടെന്ന് പറഞ്ഞാൽ വീട്ടിൽ പോയി പറഞ്ഞാൽ മതി' : കെ അനിൽ കുമാർ
'മുഖ്യമന്ത്രിയെയും മകളെയും അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും വേണ്ടിയാണ് ഈ നീക്കം. കേന്ദ്ര സർക്കാർ കരുതിക്കൂട്ടി നടത്തുന്നതാണിതെല്ലാമെന്നും പ്രതികരണം'
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് സിപിഎം പ്രതികരിച്ചു.
''എസ് എഫ് ഐഒയ്ക്ക് എന്താണ് അധികാരമുളളതെന്നും ആരാണ് നിയന്തിക്കുന്നതെന്നും എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയെയും മകളെയും അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും വേണ്ടിയാണ് ഈ നീക്കം. കേന്ദ്ര സർക്കാർ കരുതിക്കൂട്ടി നടത്തുന്നതാണിതെല്ലാം. നിയമം അതിന്റെ വഴിക്ക് പോകും. സിഎംആർഎൽ എവിടെയും പരാതിപ്പെട്ടിട്ടില്ല. പിന്നെ എന്താണ് നിർമ്മലാ സീതാരാമന്റെയും മോദിയുടേയും പൊലീസിന്റെയും പ്രശ്നം'' ? സിഎംആർഎല്ലിനില്ലാത്ത പരാതി മോദിയുടെ പൊലീസിനുണ്ടെന്ന് പറഞ്ഞാൽ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നും അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിൽ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തുവെന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. കഴിഞ്ഞ ബുധനാഴ്ച്ച ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് നടപടി.
ASIANET NEWS BIG EXCLUSIVE : മാസപ്പടി കേസിൽ നിർണായക നടപടി, മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തു