കെ റെയിലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം; അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ മന്ത്രി, ശബരി പാതയിലും അനുകൂല നിലപാട്
ഏറെ കുറെ അസാധ്യമെന്ന് കരുതി സംസ്ഥാന സർക്കാർ തന്നെ കൈവിട്ട പദ്ധതിയാണ് കെ റെയിൽ. കേന്ദ്രം മുഖം തിരിച്ചതും, ജനം എതിരായതുമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ കെ റെയിലിന്‍റെ സാധ്യത ബാക്കി നിൽക്കുന്നുവെന്നാണ് റെയിൽവേ മന്ത്രി വ്യക്തമാക്കുന്നത്.
തൃശ്ശൂര്‍: സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ റെയിൽവേ സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.
ഏറെ കുറെ അസാധ്യമെന്ന് കരുതി സംസ്ഥാന സർക്കാർ തന്നെ കൈവിട്ട പദ്ധതിയാണ് കെ റെയിൽ. കേന്ദ്രം മുഖം തിരിച്ചതും, ജനം എതിരായതുമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ കെ റെയിലിന്‍റെ സാധ്യത ബാക്കി നിൽക്കുന്നുവെന്നാണ് റെയിൽവേ മന്ത്രി വ്യക്തമാക്കുന്നത്. സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർ നടപടികൾക്ക് സന്നദ്ധമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം - ഷൊർണൂർ പാത ഒഴിച്ച് മുഴുവൻ മേഖലയിലും സാങ്കേതിക നിലവാരം വർധിപ്പിക്കാൻ ശ്രമം നടന്നു. എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.