'മസ്‌ക്കും ഡോജ് ടീമും മികച്ചത്', എലോൺ മസ്കിന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഡോണൾഡ് ട്രംപ്
ഒന്നും നേടാനില്ലാതെയാണ് സർക്കാരിന് വേണ്ടി മസ്‌ക്ക് പ്രവർത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു

വാഷിംഗ്ടൺ: അമേരിക്കൻ സർക്കാരിന്‍റെ ഡോജ് ടീമിനെ നയിക്കുന്ന ഇലോൺ മസ്കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. മസ്‌ക്കും ഡോജ് ടീമും മികച്ചതെന്നാണ് ട്രംപിന്‍റെ പരാമർശം. മസ്കിന്റെ പ്രവർത്തനങ്ങൾ കോടതി വിലക്കിയ സാഹചര്യത്തിലാണ് ട്രംപ് പ്രതികരിച്ചത്. ഒന്നും നേടാനില്ലാതെയാണ് സർക്കാരിന് വേണ്ടി മസ്‌ക്ക് പ്രവർത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇനി വിദ്യാഭാസ വകുപ്പിലും, പെന്റഗണിലും ചിലവുകൾ വെട്ടികുറക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.
തിരിച്ചയക്കുന്നവരുടെ പൂർണ വിവരങ്ങൾ വേണം; അമേരിക്കയോട് ഇന്ത്യ, കൈമാറിയത് 298 പേരുടെ വിവരങ്ങൾ മാത്രം
യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും ഡോജ് സംഘത്തിനും കോടതി ഇന്നലെയാണ് താൽക്കാലിക വിലക്ക് ഏപ്പെടുത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. ഫ്രാൻസിൽ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും. ബുധനാഴ്ച ഫ്രാൻസിൽ നിന്ന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മോദി - ട്രംപ് ചർച്ചയിൽ ഉയർന്നു വരും.
