'സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാം', വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്
വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി അഞ്ചുകോടിയിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച ഇന്ന് നടക്കും. പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുക. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി അഞ്ചുകോടിയിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ദില്ലി 'മിനി ഹിന്ദുസ്ഥാൻ', ഐതിഹാസിക വിജയം; ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയെന്ന് മോദി
പരീക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തെരഞ്ഞെടുപ്പുകൾ, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ പരിപാടിയിൽ നടക്കും. ദീപിക പദുകോൺ, വിക്രാന്ത് മാസ്സി, മേരി കോം, അവാനി ലേഖര, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. ഫ്രാൻസിൽ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും. ബുധനാഴ്ച ഫ്രാൻസിൽ നിന്ന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മോദി - ട്രംപ് ചർച്ചയിൽ ഉയർന്നു വരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
