'ലേഡി സൂപ്പർസ്റ്റാർ'; ദില്ലിയിലേക്ക് പറന്ന വിമാനത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണു, രക്ഷകയായി വനിതാ ക്രൂ അംഗം

ഓക്സിജൻ ലഭിച്ച് യാത്രക്കാരന്റെ ജീവൻ പഴയ സ്ഥിതിയിൽ ആയപ്പോൾ ആ പെൺകുട്ടിയുടെ കണ്ണ് നിറയുന്നതായി കണ്ടു, അതാണ് തനിക്ക് ഏറ്റവും അധികം സന്തോഷം നൽകിയതെന്ന് മഹാജൻ പറയുന്നു.

Delhi Entrepreneur Praises IndiGo Superwoman Who Assisted Unconscious Man Mid-Flight

പൂനെ: യാത്രാമധ്യേ ഫ്ലൈറ്റിൽ ബോധംപോയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ഇൻഡിഗോ എയർലൈൻസിലെ വനിതാ ക്രൂ അംഗം. ജനുവരി 12 ന് പൂനെയിൽനിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റിലാണ് സംഭവം. യാത്രക്കിടയിൽ പെട്ടെന്ന് യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ക്രൂ അംഗമായ പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഇൻഡിഗോ ഫ്ലൈറ്റിലെ തന്നെ മറ്റൊരു യാത്രക്കാരനായ വ്യവസായി മഹാജൻ സംഭവം തന്റെ ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.

"70 വയസ്സ് പ്രായം തോന്നിക്കുന്നു യാത്രക്കാരന്റെ ബോധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. യാത്രക്കാരുടെ കൂട്ടത്തിൽ ഡോക്ടർമാരോ മെഡിക്കൽ ഫീൽഡിൽ ഉള്ളവരോ ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാർ ഭീതിയിൽ നിൽക്കുമ്പോഴാണ്, അവിടേക്ക് ക്രൂ അംഗങ്ങളിൽ ഒരാളായ പെൺകുട്ടി മുന്നോട്ട് വന്നത്. ധൈര്യത്തോടെ മുന്നോട്ടുവന്ന പെൺകുട്ടി സാഹചര്യങ്ങളെ പെട്ടെന്ന് തന്നെ മാറ്റിമറിച്ചു. അധികം ചിന്തിച്ച് നിൽക്കാതെ ഉടൻ തന്നെ അദ്ദേഹത്തിന്റെ കഴുത്ത് താങ്ങിപ്പിടിച്ച് ആ പെൺകുട്ടി ഓക്സിജൻ നൽകി യാത്രക്കാരന്റെ ജീവൻ തിരിച്ച് പിടിക്കുകയായിരുന്നു"- മഹാജൻ പോസ്റ്റിൽ പറഞ്ഞു.

ഓക്സിജൻ ലഭിച്ച് യാത്രക്കാരന്റെ ജീവൻ പഴയ സ്ഥിതിയിൽ ആയപ്പോൾ ആ പെൺകുട്ടിയുടെ കണ്ണ് നിറയുന്നതായി കണ്ടു, അതാണ് തനിക്ക് ഏറ്റവും അധികം സന്തോഷം നൽകിയതെന്ന് മഹാജൻ പറയുന്നു. ഇത്തരമൊരു പ്രതിസന്ധിയെ ദൃഢനിശ്ചയത്തോടെ കൈകാര്യം ചെയ്ത പെൺകുട്ടിയെ ഫ്ലൈറ്റിലെ മറ്റ് യാത്രക്കാരാരും അഭിനന്ദിച്ചില്ലെന്ന അമർഷവും മഹാജൻ തന്റെ പോസ്റ്റിൽ പങ്കിട്ടിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ അഭിനന്ദിക്കാൻ മറക്കരുതെന്ന ഉപദേശവും നൽകുകയുണ്ടായി.

അതേസമയം മഹാജന്റെ പോസ്റ്റിൽ പ്രതികരണവുമായി ഇൻഡിഗോ എയർലൈൻസ് രംഗത്തെത്തി. ഇത്തരം അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ തങ്ങൾക്ക് പ്രചോദനമുണ്ടാവുകയും അതുവഴി യാത്രക്കാര്ക്ക് വേണ്ട സേവനങ്ങൾ നൽകുവാനും സാധിക്കുമെന്നും ക്രൂ അംഗമായ പെൺകുട്ടിയുടെ സമർപ്പണത്തിന് അഭിനന്ദനം നൽകുമെന്നും  ഇൻഡിഗോ അധികൃതർ അറിയിച്ചു.

Read More : കോഴിക്കോട്ടെ പുതിയ വീട്, ആൾതാമസമില്ല, പക്ഷേ എസി ഫുൾടൈം ഓൺ! അകത്ത് ക്ലബ്ബ്, ഹൈബ്രിഡ് കഞ്ചാവ്; 3 പേർ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios