5 വർഷം, മനോജ് നേടിയത് 100 കോടി! 8 ലക്ഷം കൊടുത്താൽ വെറും 20 മിനിറ്റിൽ വിസ റെഡി; രാജ്യമാകെ വളർന്ന നെറ്റ്‍വർക്ക്
പ്രതിമാസം മുപ്പതോളം വ്യാജ വിസകളാണ് സംഘം നിർമ്മിച്ച് നൽകിയിരുന്നത്. 20 മിനിറ്റിനുള്ളിൽ ഒരു വിസ സ്റ്റിക്കർ തയ്യാറാക്കാൻ മനോജിന് കഴിഞ്ഞിരുന്നു.
ദില്ലി: വ്യാജ പാസ്പോർട്ടുകളും വിസകളും വിറ്റഴിച്ചിരുന്ന കേന്ദ്രം കണ്ടെത്തി ദില്ലി പൊലീസ്. പടിഞ്ഞാറൻ ദില്ലിയിലെ തിലക് നഗറിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും വ്യാജ വിസ, പാസ്‌പോർട്ടുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. 1,800-2,000 വ്യാജ വിസകളാണ് ഇതിനകം ഈ സംഘം വിറ്റിരുന്നത്. എട്ട് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വിസയ്ക്ക് വേണ്ടി ഇവർ വാങ്ങിയിരുന്നത്. ഇങ്ങനെ അഞ്ച് വർഷത്തോളമായി നടത്തുന്ന തട്ടിപ്പിലൂടെ 100 കോടി രൂപ നേടിയതായി പൊലീസ് കണക്കാക്കുന്നു.
അമ്പത്തിയൊന്നുകാരനായ മനോജ് മോംഗ തൻ്റെ വീട്ടിൽ തന്നെയാണ് ഈ കേന്ദ്രം നടത്തിയിരുന്നതെന്ന് ഡിസിപി (വിമാനത്താവളം) ഉഷാ രംഗ്‌നാനി പറഞ്ഞു. പ്രതിമാസം മുപ്പതോളം വ്യാജ വിസകളാണ് സംഘം നിർമ്മിച്ച് നൽകിയിരുന്നത്. 20 മിനിറ്റിനുള്ളിൽ ഒരു വിസ സ്റ്റിക്കർ തയ്യാറാക്കാൻ മനോജിന് കഴിഞ്ഞിരുന്നു. ആശയവിനിമയത്തിനായി അവർ ടെലിഗ്രാം, സിഗ്നൽ, വാട്ട്‌സ്ആപ്പ് എന്നിവ ഉപയോഗിച്ചതായും നിരവധി സംസ്ഥാനങ്ങളിലെ പ്രാദേശിക ഏജൻ്റുമാരുടെ ഒരു നെറ്റ്‍വർക്ക് തന്നെ ഇവർക്ക് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ശിവ ഗൗതം, നവീൻ റാണ, ബൽബീർ സിംഗ്, ജസ്വീന്ദർ സിംഗ്, ആഷിഫ് അലി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വ്യാജ സ്വീഡിഷ് വിസയുമായി സെപ്റ്റംബർ രണ്ടിന് ഐജിഐ വിമാനത്താവളത്തിൽ സന്ദീപ് എന്ന യാത്രക്കാരനെ പിടികൂടിയതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. അലി, റാണ, ഗൗതം എന്നിവർക്ക് വിസയ്ക്കായി 10 ലക്ഷം രൂപ നൽകിയതായി സന്ദീപ് പൊലീസിനോട് പറഞ്ഞു. മനോജിന്റെ വസതിയിൽ നിന്ന് ലാപ്‌ടോപ്പുകൾ, പ്രിൻ്ററുകൾ, സ്കാനറുകൾ, യുവി മെഷീനുകൾ, എംബോസിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം