'അന്ന് പിതാവിന്‍റെ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ചാണ്'; വെളിപ്പെടുത്തലുമായി ആപ്പിൾ സിഇഒ ടിം കുക്ക്
തനിച്ച് താമസിച്ചുവരികയായിരുന്ന ടിം കുക്കിന്‍റെ പിതാവ് ഒരിക്കൽ സുഖമില്ലാതെ വീടിനുള്ളിൽ വീഴുകയും ബോധരഹിതനാവുകയും ചെയ്തപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ആപ്പിള്‍ വാച്ച്
കാലിഫോര്‍ണിയ: കാലം മാറുന്നതോടെ സാങ്കേതികവിദ്യകളും അവയുടെ ആവശ്യകതയും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ആളുകൾ സാങ്കേതികവിദ്യകളെ ഏറെ ആശ്രയിക്കുന്നു. ദൈനംദിന ആവശ്യങ്ങൾ തുടങ്ങി അപകട ഘട്ടങ്ങളിൽ വരെ ഇന്ന് സാങ്കേതികവിദ്യയുടെ സേവനങ്ങൾ നമുക്ക് എളുപ്പത്തിൽ ലഭിക്കും. ഇത്തരം ഒരു അത്യാവശ്യഘട്ടത്തിൽ തന്‍റെ പിതാവിന്‍റെ ജീവൻ രക്ഷിച്ച ആപ്പിൾ വാച്ചിന്‍റെ ഫീച്ചറിനെ കുറിച്ച് പറയുകയാണ് ആപ്പിൾ സിഇഒ ടിം കുക്ക്.
തനിച്ച് താമസിച്ചുവരികയായിരുന്ന ടിം കുക്കിന്‍റെ പിതാവ് ഒരിക്കൽ സുഖമില്ലാതെ വീടിനുള്ളിൽ വീഴുകയും ബോധരഹിതനാവുകയും ചെയ്തു. എന്നാൽ അദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്ന ആപ്പിൾ വാച്ചിലെ, അത്യാവശ്യ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന അലെർട് ഫീച്ചര്‍ അന്ന് ഉപകാരമായി. അധികം വൈകാതെ തന്നെ വീട്ടിലേക്ക് എത്തുവാനും പിതാവിന്‍റെ ജീവൻ രക്ഷിക്കുവാനും സാധിച്ചതായി ടേബിൾ മാനേഴ്സ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‍റെ അഭിമുഖത്തില്‍ ടിം കുക്ക് വെളിപ്പെടുത്തി. അത്യാവശ്യ ഘട്ടങ്ങളിൽ അലെർട് നല്‍കുക മാത്രമല്ല, ഒപ്പം എമർജൻസി സർവീസിലേക്ക് നേരിട്ട് ഫോൺ കോൾ പോവുകയും ചെയ്യുന്നതാണ് ആപ്പിൾ വാച്ചിന്‍റെ ഈ ഫീച്ചർ. ഇതോടെ ആളുകൾക്ക് പെട്ടെന്ന് സംഭവ സ്ഥലത്തേക്ക് എത്തുവാനും ആളെ രക്ഷിക്കുവാനും കഴിയും.
ആപ്പിള്‍ ഗാഡ്‌ജറ്റുകള്‍ മനുഷ്യ ജീവന്‍ രക്ഷിച്ച മറ്റനേകം സംഭവങ്ങളുമുണ്ട്. ദില്ലിയിൽ ഒരു പെൺകുട്ടിയുടെ ഹൃദയമിടിപ്പ് കൂടുതലാണെന്ന് ആപ്പിൾ വാച്ചിന്‍റെ ഇസിജി ഡിക്ടറ്റർ ഫീച്ചര്‍ തിരിച്ചറിഞ്ഞതാണ് ഒരു സംഭവം. വാഹനാപകടത്തില്‍പ്പെട്ട ഒരു യുവാവിന് രക്ഷകനായത് ആപ്പിള്‍ വാച്ചിന്‍റെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറാണ് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത്തരത്തിൽ ആപ്പിള്‍ ഗാഡ്‌ജറ്റുകള്‍ ജീവന്‍ രക്ഷിച്ച നിരവധി സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ആധുനിക കാലത്ത് ദൈനംദിന ജീവിതത്തിൽ സാങ്കേതിക ഉപകരണങ്ങളുടെ പ്രാധാന്യത്തെയാണ് ഈ സംഭവങ്ങളൊക്കെയും ചൂണ്ടിക്കാട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം