ഐഫോണുകള്‍ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരമാകുന്നു; ആപ്പിള്‍ ആദ്യമായി ബിഗ് 5 ക്ലബില്‍, വില്‍പനയില്‍ റെക്കോര്‍ഡ്
ഇന്ത്യയില്‍ ഐഫോണുകളുടെ വില്‍പന ആരംഭിച്ച ശേഷം ഇതാദ്യമായാണ് ആപ്പിള്‍ രാജ്യത്തെ ഏറ്റവും വലിയ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി മാറുന്നത്
ദില്ലി: ഇന്ത്യന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ നേട്ടവുമായി ആപ്പിള്‍. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി ആപ്പിള്‍ മാറി. ഇന്ത്യയില്‍ ഐഫോണുകളുടെ വില്‍പന ആരംഭിച്ച ശേഷം ഇതാദ്യമായാണ് ആപ്പിള്‍ ആദ്യ അഞ്ചിലെത്തുന്നത് എന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐഫോണുകള്‍ക്കുള്ള ഉയര്‍ന്ന വില ഇന്ത്യക്കാരെ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ആ ചരിത്രം തിരുത്തപ്പെടുകയാണ്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ട ഫെസ്റ്റിവല്‍ കാലത്ത് ആപ്പിള്‍ 9-10 ശതമാനത്തിന്‍റെ മാര്‍ക്കറ്റ് ഷെയര്‍ സ്വന്തമാക്കി. ഇന്ത്യയില്‍ ആപ്പിള്‍ കമ്പനിയുടെ സ്‌മാര്‍ട്ട്ഫോണ്‍ വില്‍പനയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമാണിതെന്ന് കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചിന്‍റെയും ഐഡിസിയുടെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Read more: ബോണസ് മാത്രം 100 കോടിയിലധികം; ടിം കുക്കിന് ആപ്പിള്‍ 2024ല്‍ നല്‍കിയ പ്രതിഫലം 650 കോടിയോളം രൂപ
ആപ്പിള്‍ ഐഫോണുകളുടെ പ്രോ മോഡലുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നത് രാജ്യത്ത് കമ്പനിയുടെ വിപണി വളര്‍ച്ചയില്‍ നിര്‍ണായകമായതായാണ് അനുമാനം. ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ വഴിയാണ് ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളും ഇത്തരത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നു. മുമ്പ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഐഫോണുകള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ അസ്സംബിള്‍ ചെയ്‌തിരുന്നത്. 2024ല്‍ ആപ്പിള്‍ 1.20 കോടി ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചതായാണ് കണക്ക്. 2023ല്‍ 90 ലക്ഷം മാത്രമായിരുന്നു വിറ്റഴിഞ്ഞ ഫോണുകളുടെ എണ്ണം.
വരുമാനത്തിലും ആപ്പിള്‍ ഇന്ത്യയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ അറ്റാദായം 23 ശതമാനം ഉയർന്ന് 2,745.7 കോടി രൂപയിലും വരുമാനം 36 ശതമാനം വർധിച്ച് 67,121.6 കോടി രൂപയിലുമെത്തി. നടപ്പ് സാമ്പത്തിക വര്‍ഷവും ഇന്ത്യയില്‍ ആപ്പിള്‍ സാമ്പത്തിക വളര്‍ച്ച തുടരും എന്നാണ് പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം