'മീൻ കഴിയ്ക്കാൻ ഇഷ്ടമാണ്'; നയപ്രഖ്യാപനത്തിനിടെ മീൻപ്രിയം തുറന്ന് പറഞ്ഞ് ഗവർണർ, ചിരിയോടെ സഭ
എഴുതിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലില്ലാത്ത, ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഈ വാക്കുകള്‍ മന്ത്രിമാരും എംഎൽഎമാരുമടക്കം ചിരിയോടെയാണ് സ്വീകരിച്ചത്.
തിരുവനന്തപുരം: തൻ്റെ ആദ്യ നയപ്രഖ്യാപന വേളയിൽ മീൻ വിഭവങ്ങൾ വളരെ ഇഷ്ടമാണെന്ന് പറഞ്ഞ് ഗവർണർ സഭയിൽ ചിരി പടർത്തി. നയപ്രഖ്യാപന പ്രസംഗത്തിലെ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട ഖണ്ഡികവായിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഗവർണർ മീൻപ്രിയത്തെക്കുറിച്ച് പറഞ്ഞത്. ഞാൻ നന്നായി മീൻ കഴിക്കാൻ ഇഷ്‌ടപ്പെടുന്നയാളാണെന്നായിരുന്നു ഗവർണറുടെ വാക്കുകൾ. എഴുതിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലില്ലാത്ത, ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഈ വാക്കുകള്‍ മന്ത്രിമാരും എംഎൽഎമാരുമടക്കം ചിരിയോടെയാണ് സ്വീകരിച്ചത്.
കായിക മേഖലയുമായി ബന്ധപ്പെട്ട ഭാഗത്ത് അർജൻറീന ടീം കേരളത്തിലെത്തും എന്ന പ്രഖ്യാപനം കേട്ടതിന് പിന്നാലെ,"മെസി വരുമോ " എന്നായി പ്രതിപക്ഷത്തിൻ്റെ കൗണ്ടർ. ഗവർണർ പക്ഷേ ഇത് കേട്ടില്ലെങ്കിലും ഭരണ -പ്രതിപക്ഷ ബഞ്ചുകളിൽ വീണ്ടും കൂട്ടച്ചിരി പടർന്നു. മലയാളത്തിൽ 'നമസ്കാരം' പറഞ്ഞ് ആരംഭിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം 1 മണിക്കൂറും 57 മിനുട്ടും നീണ്ടു. ആലപ്പുഴ, വിഴിഞ്ഞം എന്നിങ്ങനെ പല സ്ഥലനാമങ്ങളും മലയാളത്തിലുള്ള പദ്ധതി നാമങ്ങളും ഉച്ചരിച്ചപ്പോൾ ഗോവക്കാരനായ ഗവർണർ വലഞ്ഞു. ചില വാക്കുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടിയെന്ന് ഗവർണർ സമ്മതിക്കുകയും ചെയ്തു.