13 ദിവസത്തെ വെല്ലുവിളി, ഡിഎസ്പിയുമായി മിണ്ടിയില്ല: പുഷ്പ 2വിന്‍റെ സംഗീത രഹസ്യം പൊട്ടിച്ച് സാം സിഎസ്
പുഷ്പ 2 ല്‍ ദേവി ശ്രീ പ്രസാദിനൊപ്പം സാം സിഎസും പാശ്ചാത്തല സംഗീതം ഒരുക്കിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് തന്നെ വിളിച്ചതെന്നും ദേവി ശ്രീ പ്രസാദിന്‍റെ തിരക്കു മൂലമാണ് താന്‍ ചിത്രത്തിലെത്തിയതെന്നും സാം സിഎസ് വെളിപ്പെടുത്തി.
![Pushpa 2 BGM Secrets sam cs revealed why Devi Sri prasad replaced by him Pushpa 2 BGM Secrets sam cs revealed why Devi Sri prasad replaced by him](https://static-gi.asianetnews.com/images/01jhvyz65k3adjw5cz25rezfpb/sam-cs_363x203xt.png)
ചെന്നൈ: ബോക്സോഫീസില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു പുഷ്പ 2. ചിത്രത്തിന്‍റെ സംഗീതവും പാശ്ചത്തല സംഗീതവും ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പലഘട്ടത്തിലും തമിഴ് സംഗീത സംവിധായകന്‍ സാം സിഎസും പാശ്ചത്തല സംഗീതം ഒരുക്കിയിരുന്നു. പുഷ്പ 2 റിലീസ് വേളയില്‍ സാം സിഎസ് തന്നെ ഇത് തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ പുഷ്പ 2വില്‍ താന്‍ പാശ്ചത്തല സംഗീതം ഒരുക്കാനുണ്ടായ സാഹചര്യം തുറന്നു പറയുകയാണ് സാം സിഎസ്. പുഷ്പ 2വിലേക്ക് തന്നെ വിളിച്ചത് ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ്. ഒരുഘട്ടത്തില്‍ ചിത്രം വേഗം തീര്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ദേവി ശ്രീ പ്രസാദ് കങ്കുവ അടക്കം ചിത്രങ്ങളുടെ തിരക്കിലായി എന്നാണ് അറിഞ്ഞത്.
പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സും ദേവി ശ്രീ പ്രസാദും തമ്മില്‍ സുഖകരമല്ല ബന്ധം എന്നത് വ്യക്തമായ കാര്യമായിരുന്നു. ഇത് ചിത്രത്തിന്‍റെ തമിഴ്നാട് ലോഞ്ചിംഗില്‍ അടക്കം വ്യക്തമായതാണ്. അതിനെ തുടര്‍ന്നാണ് സാം സിഎസ് ചിത്രത്തിലേക്ക് എത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
സിനിമ ഫൈനല്‍ മിക്സിന് കൊടുക്കാന്‍ വെറും 13 ദിവസം ഉള്ളപ്പോഴാണ് താന്‍ പുഷ്പ 2വില്‍ വരുന്നത്. തനിക്ക് നോ പറയാം, എന്നാല്‍ ഇന്ത്യ അറിയുന്ന ഒരു ചിത്രത്തിന് സംഗീതം നല്‍കി. അയാള്‍ക്ക് ഇത് സാധിക്കും എന്ന് തെളിയിക്കാന്‍ കൂടിയാണ് പുഷ്പ 2വിലെ വെല്ലുവിളി ഏറ്റെടുത്തത്. എന്‍റെ അടുത്തഘട്ടത്തിലെ വളര്‍ച്ചയ്ക്ക് അത് വേണമായിരുന്നു. ചിത്രത്തിലെ 90 ശതമാനം പാശ്ചത്തല സംഗീതവും ഞാനാണ് ഒരുക്കിയത്. എന്നാല്‍ ചില പ്രധാന ഭാഗങ്ങള്‍ ദേവി ശ്രീ പ്രസാദിന്‍റെയുണ്ട്. അദ്ദേഹവും ഈ ചിത്രത്തിനായി കഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വെറുതെ പറയുന്നതല്ല ഡിഎസ്പിയും പുഷ്പ 2 നിര്‍മ്മാതാക്കളും തമ്മില്‍ എന്താണ് പ്രശ്നം എന്ന് എനിക്ക് അറിയില്ല. ഞാന്‍ എന്‍റെ ദൗത്യം നിര്‍വഹിച്ചു. അതിന് അഭിനന്ദനവും കിട്ടി. ഞാന്‍ പുഷ്പ 2 ചെയ്യുന്ന സമയത്ത് ഡിഎസ്പിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ അദ്ദേഹം തിരക്കിലായതിനാല്‍ അത് സാധിച്ചില്ലെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സാം സിഎസ് പറയുന്നു.
ഇതോടെ പുഷ്പ 2 വില്‍ ഏതാണ്ട് മുഴുവന്‍ പാശ്ചത്തല സംഗീതവും സാം സിഎസ് ആണെന്ന് വ്യക്തമായിരിക്കുകയാണ്. കൈതി 2 അടക്കം വന്‍ ചിത്രങ്ങളാണ് സാം സിഎസിനെ കാത്തിരിക്കുന്നത്.