'അവര്‍ ശരീരത്തിലേക്ക് എറിയാന്‍ ശ്രമിച്ചു, പക്ഷേ..'; ഇംഗ്ലീഷ് പേസര്‍മാരെ അതിജീവിച്ചതിനെ കുറിച്ച് രോഹിത്
മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.

കട്ടക്ക്: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ 90 പന്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടും. അടുത്തിടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലും മോശം ഫോമിനെ തുടര്‍ന്ന് പഴി കേട്ടിരുന്നു താരം. ഇനിയും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കരുതെന്നും വിരമിക്കണമെന്നും വാദിച്ചവരുണ്ട്. എന്നാല്‍ വിമര്‍ശനകര്‍ക്കുള്ള മറുപടിയാണ് രോഹിത് കട്ടക്കില്‍ നല്‍കിയത്.
മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍നാല് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 305 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മത്സരശേഷം രോഹിത് ടീമിനെ കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടീമിനായി കുറച്ച് റണ്‍സ് സ്‌കോര്‍ ചെയ്തു. ശരിക്കും ആസ്വദിച്ചു. പ്രധാന മത്സരമായിരുന്നു ഇത്, പരമ്പര നേടാന്‍ സാദിച്ചു. ടി20 ക്രിക്കറ്റിനേക്കാള്‍ ദൈര്‍ഘ്യമേറിയതും ടെസ്റ്റിനേക്കാള്‍ വളരെ ചെറുതുമായ ഒരു ഫോര്‍മാറ്റാണിത്. അപ്പോഴും സാഹചര്യം വിലയിരുത്തുകയും ബാറ്റ് ചെയ്യുകയും വേണം. ശ്രദ്ധ കേന്ദ്രീകരിച്ച് കഴിയുന്നത്ര ആഴത്തില്‍ ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അവര്‍ ബോഡിയില്‍ ബൗള്‍ ചെയ്യാന്‍ ശ്രമിച്ചു, ഇടം കൊടുക്കാതെ ഞാനും എന്റെ പ്ലാന്‍ തയ്യാറാക്കി. ശുഭ്മാന്‍ ഗില്ലില്‍ നിന്നും പിന്നീട് ശ്രേയസ് അയ്യരില്‍ നിന്നും എനിക്ക് നല്ല പിന്തുണ ലഭിച്ചു. ഞങ്ങള്‍ പരസ്പരം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു.'' രോഹിത് മത്സരശേഷം വ്യക്തമാക്കി.
''മധ്യ ഓവറുകളില്‍ കളി ഇരുവശത്തേക്കും പോകാം. രണ്ട് കളിയിലും ഞങ്ങള്‍ മധ്യ ഓവറുകള്‍ ഞങ്ങള്‍ക്ക് മുതലെടുക്കാന്‍ സാധിച്ചു. ഒരു ടീമെന്ന നിലയില്‍ മെച്ചപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മത്സരത്തിന് ശേഷവും ഞാന്‍ പറഞ്ഞു, ഞങ്ങള്‍ ഒരു ടീമെന്ന നിലയിലും കളിക്കാരെന്ന നിലയിലും മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നു.'' രോഹിത് കൂട്ടിചേര്‍ത്തു.
രോഹിത്തിനെ കൂടാതെ ശുഭ്മാന്‍ ഗില്‍ (60), ശ്രേയസ് അയ്യര്‍ (44), അക്‌സര്‍ പട്ടേല്‍ (41) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
