സഞ്ജു, കരുണ്‍, പന്ത്... ആരൊക്കെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍? പ്രഖ്യാപനം ഇന്ന് ഉച്ചയോടെ
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെയും തുടര്‍ന്നുള്ള ബാറ്റിംഗ് ക്രമത്തില്‍ പ്രതീക്ഷിക്കാം.
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് 12.30ന് രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. രോഹിത് നയിക്കുന്ന 15 അംഗ ടീമില്‍ ഏതൊക്കെ താരങ്ങള്‍ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആര്‍ക്കൊക്കെയാണ് സാധ്യതയെന്ന് നോക്കാം. സമീപകാലത്ത് ഇന്ത്യ അതികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഇതേ ടീം തന്നെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലും കളിക്കും. രോഹിതിനൊപ്പം ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തുടരും. ബാക്കപ്പ് ഓപ്പണറായി ജയ്‌സ്വാള്‍ ടീമിലെത്തുമോ എന്നാണ് അറിയേണ്ടത്.
വണ്‍ഡൗണില്‍ വിരാട് കോലിക്ക് മാറ്റമുണ്ടാകില്ല. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെയും തുടര്‍ന്നുള്ള ബാറ്റിംഗ് ക്രമത്തില്‍ പ്രതീക്ഷിക്കാം. ഹാര്‍ദിക് പാണ്ഡ്യയും ആദ്യ ഇലവനില്‍ വരുത്താനാണ് സാധ്യത. ഏകദിനത്തില്‍ തിളങ്ങാത്ത സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാന്‍ ഇടയില്ല. ലോകകപ്പിനൊടുവില്‍ ഓള്‍റൗണ്ടര്‍ മാരെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ഇന്ത്യ. റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിഗ്ടണ്‍ സുന്ദര്‍... ഇവരില്‍ ആര്‍ക്കൊക്ക അവസരമെന്ന് കണ്ടറിയണം. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ കരുണ്‍ നായരെയും പരിഗണിക്കേണ്ടി വരും.
സെലര്‍ക്ടര്‍മാരുടെ പ്രധാന തലവേദന വിക്കറ്റ് കീപ്പര്‍മാരുടെ തെരഞ്ഞെടുപ്പില്‍. കെ.എല്‍ രാഹുലിന്, ടീമിലുണ്ടാകുമെന്ന് സെലക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്തും സഞ്ജും സാംസണും തമ്മിലാണ് നേര്‍ക്കുനേര്‍ മത്സരം. ടി20 ലോകകപ്പില്‍ പന്തിനെയാണ് പരിഗണിച്ചതെങ്കിലും പിന്നീടുള്ള ഏകദിനങ്ങളില്‍ താരം കാര്യമായി തിളങ്ങിയില്ല. ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ച്വറി നേടി. എന്നാല്‍ അടുത്തിടെ ഏകദിന ഫോര്‍മാറ്റിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും കളിച്ചിട്ടില്ലാത്തത് മലയാളി താരത്തിന് തിരിച്ചടിയാകുമോ എന്ന് അറിയില്ല.
രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് ബൗളിംഗില്‍ ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രിത് ബുമ്ര ടീമിലുണ്ടാകുമോ എന്നാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ബുമ്ര വിശ്രമത്തിലാണ്. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തിലെങ്കിലും ബുമ്ര കളിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ 15 അംഗ സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചുവരുന്ന മുഹമ്മദ് ഷമി ഏകദിന ടീമിലും എത്താന്‍ സാധ്യതയുണ്ട്. മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ് എന്നിവരും പേസര്‍മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍. സ്പിന്നര്‍മാരില്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കുമോ എന്നും കണ്ടറിയണം. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലാണ് ജഡേജ അവസാനമായി കളിച്ചത്.
ഫോമും ഫിറ്റ്‌നെസ് തെളിയിച്ചാല്‍ കുല്‍ദീപ് യാദവ് ഒന്നാം സ്പിന്നറാകും. ട്വന്റി 20 യില്‍ വൈസ് ക്യാപ്റ്റനായ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് തുടങ്ങിയവരും സ്പിന്നര്‍മാരുടെ ലിസ്റ്റിലുണ്ട്. രോഹിതിന്റെ ക്യാപ്റ്റസിയെ കുറിച്ച് ചോദ്യങ്ങളുയരുന്നതിനാല്‍ അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സമിതി വൈസ് ക്യാപ്റ്റനായി ആരെ തെരഞ്ഞെടുക്കുമെന്നതിലും കൗതുകമുണ്ട്. ശ്രീലങ്കയില്‍ ഗില്ലായിരുന്നു വൈസ് ക്യാപ്റ്റന്‍. ബുംറ ടീമിലിലെങ്കില്‍ ആരാകും വൈസ് ക്യാപ്റ്റനെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകര്‍.