മികച്ച റെക്കോഡുണ്ടായിട്ടും ഹാര്‍ദിക് പാണ്ഡ്യയെ എന്തുകൊണ്ട് നായകനാക്കുന്നില്ല? മറുപടിയുമായി ദിനേശ് കാര്‍ത്തിക്
ഹാര്‍ദിക്കിന്റെ കീഴില്‍ 16 ടി20 മത്സരങ്ങള്‍ ഇന്ത്യ കളിച്ചു. ഇതില്‍ 11 വിജയങ്ങള്‍ ഉണ്ടായിരുന്നു.
ജൊഹന്നാസ്ബര്‍ഗ്: ഒരുകാലത്ത് ഇന്ത്യയെ നയിക്കുമെന്ന കരുതപ്പെട്ടിരുന്ന താരമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായി വന്നതിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം സൂര്യകുമാര്‍ യാദവിന് നല്‍കുകയായിരുന്നു. മാത്രമല്ല, ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും പരിഗണിച്ചില്ല. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 പരമ്പരയ്ക്കുള്ള ടീമിലും വൈസ് ക്യാപ്റ്റനായി ഹാര്‍ദിക്കിനെ പരിഗണിച്ചില്ല. പകരം അക്‌സര്‍ പട്ടേലാണ് ടീമിന്റെ ഉപനായകന്‍.ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വൈസ് ക്യാപ്റ്റനില്ലായിരുന്നു.
എന്തുകൊണ്ടാണ് താരത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കുന്നത്, എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആര്‍ക്കുമില്ല. മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികിനും അതിനെ കുറിച്ച് ധാരണയില്ല. അദ്ദേഹം പറയുന്നതിങ്ങനെ... ''എനിക്ക് ശരിക്കും അറിയില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് എനിക്കറിയില്ല. ഒരു കാരണവും ഞാന്‍ കാണുന്നില്ല. ഹാര്‍ദിക് നന്നായി ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ല നേതാവാണെന്ന് നേരത്തെ തെളിയിച്ചതാണ്.'' കാര്‍ത്തിക് വ്യക്തമാക്കി.
ആശങ്കകള്‍ക്ക് വിരാമം! ബുമ്രയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം; ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും
ഹാര്‍ദിക്കിന്റെ കീഴില്‍ 16 ടി20 മത്സരങ്ങള്‍ ഇന്ത്യ കളിച്ചു. ഇതില്‍ 11 വിജയങ്ങള്‍ ഉണ്ടായിരുന്നു. നാല് പരമ്പരകളില്‍ മൂന്നെണ്ണം വിജയിച്ചു. പാണ്ഡ്യയുടെ ഫിറ്റ്നസ് റെക്കോര്‍ഡാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന ആശങ്കയെന്ന് ഇതിനിടെ വാര്‍ത്തകളുണ്ടായിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക്കിനെ ഏല്‍പ്പിച്ചേക്കുമെന്നും പറയപ്പെടുന്നുണ്ട്. ഇപ്പോള്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് വേണ്ടി തയ്യാറെടുക്കുകയാണ് താരം.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി.