മഞ്ഞുകാലമല്ലേ? വീട്ടിൽ ചടച്ചിരിക്കേണ്ട, സോളോ ട്രിപ്പ് പോകാം, ഇതാ പറ്റിയ സ്ഥലങ്ങൾ
സോളോ ട്രിപ്പാകുമ്പോൾ ആരേയും കാത്തിരുന്നു നേരം കളയണ്ട. നമ്മൾ റെഡിയാണെങ്കിൽ പ്ലാൻ ചെയ്യുക, പോവുക അത്രേയുള്ളൂ. എന്തായാലും അങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർക്കായി ആറ് വിന്റർ ഡെസ്റ്റിനേഷനുകളിതാ.
മഞ്ഞുകാലത്ത് വീട്ടിൽ ചടച്ചിരിക്കാൻ താല്പര്യമില്ലാത്തവരാണോ? മഞ്ഞുമൂടിയ നാടുകൾ കാണാനിഷ്ടമുള്ളവരാണോ? സോളോ ട്രിപ്പിന് പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം. സോളോ ട്രിപ്പാകുമ്പോൾ ആരേയും കാത്തിരുന്നു നേരം കളയണ്ട. നമ്മൾ റെഡിയാണെങ്കിൽ പ്ലാൻ ചെയ്യുക, പോവുക അത്രേയുള്ളൂ. എന്തായാലും അങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർക്കായി ആറ് വിന്റർ ഡെസ്റ്റിനേഷനുകളിതാ.
ജയ്പൂർ: മഞ്ഞുകാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ. പിങ്ക് സിറ്റി എന്നും പേരുണ്ട്. ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ ജയ്പ്പൂരിൽ മഞ്ഞായിരിക്കും. ഇവിടം സന്ദർശിക്കാൻ പറ്റിയ സമയവുമാണ്. ആംബേർ പാലസ്, സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ, ജൽ മഹൽ, ആംബർ കോട്ട, ജയ്ഗഢ് കോട്ട, നഹർഗഢ് കോട്ട, ഗൽതാ കുണ്ട് എന്നിവിടമെല്ലാം ജയ്പൂരിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ്.
മണാലി: മഞ്ഞ് മൂടിയ പ്രകൃതിദൃശ്യങ്ങൾ കാണാനും, സാഹസികതയ്ക്കും ഒക്കെ കൂടി പറ്റിയ സ്ഥലമാണ് മണാലി. സോളാങ് വാലി, ഓൾഡ് മണാലി കഫേകൾ, ഹിഡിംബ ക്ഷേത്രം, ട്രെക്കിംഗ്, സ്കീയിംഗ് എന്നിവയാണ് ഹൈലൈറ്റ്.
മൂന്നാർ: ഇനി ദൂരെയൊന്നും പോവാനുള്ള സമയമോ കാശോ ഇല്ലേ? നേരെ മൂന്നാറിലേക്ക് പോകാം. മൂന്നാർ സന്ദർശിക്കാൻ അനുയോജ്യമായ നാളുകളാണിനി. ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, തേയിലത്തോട്ടങ്ങൾ ഒക്കെ സന്ദർശിക്കാം.
ഉദയ്പൂർ: തടാകങ്ങളും കൊട്ടാരങ്ങളും എല്ലാമുള്ള സാംസ്കാരിക പൈതൃകത്താൽ സമ്പന്നമായ നഗരമാണിത്. പിച്ചോള തടാകം, സിറ്റി പാലസ്, സജ്ജൻഗഡ് പാലസ് എന്നിവ കാണാം. രാജസ്ഥാനി ഭക്ഷണം ആസ്വദിക്കാം.
ഗോവ: സുഖകരമായ കാലാവസ്ഥയിൽ ബീച്ചിലൂടെയൊക്കെ അലഞ്ഞുനടക്കാനും ആസ്വദിക്കാനും ഇഷ്ടമുള്ളവർക്ക് നേരെ ഗോവയ്ക്ക് പോകാം. അഞ്ജുന, വാഗറ്റർ, പാലോലം ബീച്ചുകൾ, ഫ്ലീ മാർക്കറ്റുകൾ, വാട്ടർ സ്‌പോർട്‌സ് എന്നിവയാണ് ഹൈലൈറ്റ്.
ഋഷികേശ്: ഇനി കുറച്ച് ആത്മീയമായ അനുഭവമാണോ നിങ്ങൾക്ക് വേണ്ടത്? ഋഷികേശാണ് പറ്റിയ സ്ഥലം. ഗംഗാ ആരതി, യോഗ റിട്രീറ്റുകൾ, ബീറ്റിൽസ് ആശ്രമം എന്നിവയെല്ലാമുണ്ട്. സാഹസികത ഇഷ്ടമുള്ളവരെയും മുഷിപ്പിക്കില്ല. റിവർ റാഫ്റ്റിംഗിനുള്ള സൗകര്യവും മറ്റുമുണ്ട്.
അപ്പോഴെങ്ങനെയാ ബാഗ് പാക്ക് ചെയ്യുകയല്ലേ?