സ്തനങ്ങളില്‍ മുഴ കണ്ടാല്‍ പരിശോധിക്കണേ; സ്വന്തം അനുഭവം വീഡിയോയിലൂടെ പങ്കിട്ട് യൂട്യൂബര്‍...
സ്തനാര്‍ബുദ കേസുകളില്‍ ചികിത്സ വൈകിപ്പിക്കുന്നതോടെയാണ് പലരിലും രോഗം സങ്കീര്‍ണമാകുന്നത്. സ്തനാര്‍ബുദത്തില്‍ വളരെ പ്രത്യക്ഷമായി കാണുന്ന ലക്ഷണമാണ് സ്തനങ്ങളിലെ മുഴ. ഇതിന് വേദനയുണ്ടാകില്ല എന്നാണ് പൊതുവെ എല്ലാവരും പറയുക. എന്നാല്‍ രണ്ട് രീതിയിലും ആകാം
നമ്മുടെ ശരീരത്തില്‍ എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ചയോ, മുഴ പോലുള്ള അവസ്ഥയോ ഉണ്ടായാല്‍ അത് തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയമാക്കണം. ഇങ്ങനെ കാണുന്ന എല്ലാം ക്യാൻസര്‍ (അര്‍ബുദം) ആണെന്ന് ഉറപ്പിക്കരുത്. ക്യാൻസറസ് അല്ലാത്ത ട്യൂമറുകളും ഇതുപോലെ വരാം. പലരും മുഴയോ വളര്‍ച്ചയോ കണ്ടാല്‍ പേടി കൊണ്ട് ആരോടും പറയാതിരിക്കുകയും പരിശോധിക്കാതിരിക്കുകയും ചെയ്യും.
ഇത്തരത്തില്‍ സ്തനാര്‍ബുദ കേസുകളില്‍ ചികിത്സ വൈകിപ്പിക്കുന്നതോടെയാണ് പലരിലും രോഗം സങ്കീര്‍ണമാകുന്നത്. സ്തനാര്‍ബുദത്തില്‍ വളരെ പ്രത്യക്ഷമായി കാണുന്ന ലക്ഷണമാണ് സ്തനങ്ങളിലെ മുഴ. ഇതിന് വേദനയുണ്ടാകില്ല എന്നാണ് പൊതുവെ എല്ലാവരും പറയുക. എന്നാല്‍ രണ്ട് രീതിയിലും ആകാം. അതുപോലെ തന്നെ സ്തനാര്‍ബുദത്തിലെ മുഴ കട്ടിയുള്ളതായിരിക്കും എന്നും പറയപ്പെടാറുണ്ട്. അങ്ങനെയും ആകണമെന്നില്ല. ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങളുള്ളതിനാല്‍ തന്നെ സംശയം കാണുന്ന പക്ഷം നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാവുകയാണ് വേണ്ടത്.
സമാനമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു യൂട്യൂബറായ സ്ത്രീ. തനിക്ക് ഒരു മാസം മുമ്പ് സ്തനാര്‍ബുദം സ്ഥിരീകരിച്ചുവെന്ന് തന്‍റെ പ്രേക്ഷകരോട് വീഡിയോയിലൂടെ തുറന്ന് പറഞ്ഞ യൂട്യൂബര്‍ ഗ്രേസ് ഹെല്‍ബിഗ് പിന്നീട് സ്തനാര്‍ബുദം സംബന്ധിച്ച് തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും വിശദമായി പങ്കുവച്ചു. ഇതിനിടെ സ്തനങ്ങളില്‍ മുഴ കൊണുന്നപക്ഷം പരിശോധനയ്ക്ക് മടിക്കരുതേ എന്നിവര്‍ സ്ത്രീകളോട് പറയുന്നുണ്ട്. ഒരുപക്ഷെ രോഗം കണ്ടെത്താൻ വൈകിയാല്‍ അത് എത്രമാത്രം സങ്കീര്‍ണമായ അവസ്ഥയിലേക്കാണ് നയിക്കുക എന്നതിനാലാണ് ഇവര്‍ ഇക്കാര്യം എടുത്ത് പറയുന്നത്.
'ഞാൻ ഷോക്ക്ഡാണ്. പക്ഷേ ഇപ്പോള്‍ ഒരുപാട് ഓക്കെ ആയി. എന്നോട് ഡോക്ടര്‍മാരും മറ്റ് എക്സ്പര്‍ട്ടുകളുമൊക്കെ ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുമെന്ന് തന്നെയാണ് പറയുന്നത്. എനിക്ക് സ്റ്റേജ് 2 ക്യാൻസറാണ്. കൃത്യമായൊരു ചികിത്സാപ്ലാനുമുണ്ട്. ആദ്യം കീമോതെറാപ്പിയാണ്. ഇതിന് ശേഷം സര്‍ജറി. അത് കഴിഞ്ഞാല്‍ ഹോര്‍മോണ്‍ തെറാപ്പി. ഇതാണ് ചികിത്സാ പദ്ധതി...'- ഗ്രേസ് വീഡിയോയില്‍ പറയുന്നു.
ഇടത് സ്തനത്തില്‍ മുഴ കണ്ടതിനെ തുടര്‍ന്ന് ഇവര്‍ തന്‍റെ ഗൈനക്കോളജിസ്റ്റിനെ വിവരമറിയിച്ച് വേണ്ട പരിശോധന നടത്തുകയായിരുന്നു. അങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
സ്തനാര്‍ബുദം വളരെ ഫലപ്രദമായി ചികിത്സയുള്ള അസുഖം തന്നെയാണ്. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ സമയത്തിന് രോഗനിര്‍ണയം നടത്തി, ചികിത്സ തുടങ്ങിയാല്‍ മാത്രമേ ഫലം കാണാൻ സാധിക്കൂ. അല്ലാത്ത പക്ഷം ഇത് ശരീരത്തിലെ മറ്റിടങ്ങളിലേക്കും പടരാം. ഏറ്റവും നല്ലത് വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദം പരിശോധിക്കുകയെന്നതാണ്. ഇതിന് ഗൈനക്കോളജിസ്റ്റിന്‍റെ മാര്‍ഗനിര്‍ദേശം തേടാവുന്നതാണ്.
ഗ്രേസിന്‍റെ വീഡിയോ...
Also Read:- 'പ്രമേഹരോഗികളില്‍ നാലില്‍ ഒരാളെ ഡയബെറ്റിക് റെറ്റിനോപ്പതി ബാധിക്കാം'; പഠനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-