Women's day 2023 : പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങൾ പറന്ന് തുടങ്ങി

വനിതാദിനത്തിന്റെ ആശംസകൾ നോക്കിയാൽ കാണാം, ഒരു മാറ്റവും കാണില്ല. സ്ത്രീ അമ്മയാണ്, ദേവിയാണ്, സർവംസഹയാണ് ഇങ്ങനെ പോകും. ശരിക്കും പുരുഷൻ മാറിയോ? സ്ത്രീകളെന്താണ് കരുതുന്നത്?

womens day special story changing world and men rlp

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

womens day special story changing world and men rlp

 

ലോകം മാറി, ഒരുപാട് മാറി. കഴിഞ്ഞ 10 വർഷത്തെ കാര്യം ഒന്ന് ചിന്തിച്ചു നോക്കിയാൽ തന്നെ എല്ലാ മേഖലകളിലും ഈ മാറ്റം കാണാം. സ്ത്രീകൾ കൈവയ്ക്കാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം. അവർ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി തുടങ്ങി. കൂടുതൽ വിദ്യാഭ്യാസം നേടാനും ജോലിക്ക് പോകാനും ഒക്കെ തുടങ്ങി. എന്നാൽ, ലിംഗസമത്വമുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോഴും ഇല്ല എന്ന് തന്നെയാണ് മറുപടി. അതിന് സ്ത്രീയോ ലോകസാഹചര്യമോ മാത്രം മാറിയാൽ പോരല്ലോ? പുരുഷൻ മാറണം, ലോകത്തിന്റെ പുരുഷാധിപത്യ കാഴ്ച്ചപ്പാട് മാറണം.

പുരുഷൻ ഒരുപാടൊക്കെ അങ്ങ് മാറി എന്ന് തോന്നുന്നുണ്ടെങ്കിൽ ചില റീൽസുകൾ എടുത്ത് നോക്കിയാൽ മതി. ഇപ്പോഴും അതിരാവിലെ നല്ല സാരിയൊക്കെ ഉടുത്ത്, പൊട്ടൊക്കെ തൊട്ട് മുഖത്തൊരു പുഞ്ചിരിയുമായി ചായക്കപ്പുമായി മുന്നിൽ നിൽക്കുന്ന ഭാര്യയെ കാണാം. ഷാളിടാൻ ഓർമ്മിപ്പിക്കുന്ന ഏട്ടായിമാരെ കാണാം. ഇതൊന്നും പോരാതെ സോഷ്യൽ മീഡിയയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളുടെ, ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രങ്ങൾ ധരിക്കുന്ന സിനിമാനടിമാരുടെ ഒക്കെ ഫോട്ടോയ്‍ക്ക് താഴെ വരുന്ന കമന്റുകൾ ശ്രദ്ധിച്ചാൽ മതിയാവും.

womens day special story changing world and men rlp

സ്ത്രീകളെ എങ്ങനെയെങ്കിലും ആകെ മൂടുന്ന വസ്ത്രം ധരിപ്പിക്കുക എന്നത് ഇപ്പോഴും തങ്ങളുടെ കടമകളായി കാണുന്ന പുരുഷന്മാർ ഏറെയാണ്. അതുപോലെ തന്നെ ഭാര്യ ജോലിക്കൊക്കെ പോയ്ക്കോട്ടെ, പക്ഷേ, അങ്ങനെ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും, എപ്പോൾ പോകണം എന്നും എപ്പോൾ വരണം എന്നും ഞാൻ തീരുമാനിക്കും, കിട്ടുന്ന പണം എന്ത് ചെയ്യണം എന്നും ഞാനാണ് തീരുമാനിക്കുക എന്ന് പറയുന്ന പുരുഷന്മാരും ഉണ്ട്.

പണ്ടൊക്കെ കല്യാണം കഴിഞ്ഞെത്തുന്ന സ്ത്രീകളോട് വീട്ടുകാർ 'ഇനിയവനെ നോക്കേണ്ടത് നീയാണ്' എന്ന് പറയാറുണ്ട്. അതായത് അമ്മ നോക്കുന്നത് പോലെയാണ് തന്നെ തന്റെ ഭാര്യ നോക്കേണ്ടത് എന്ന് കരുതുന്ന പുരുഷന്മാർ എന്തോരമാണ് അല്ലേ? എന്നാൽ, സ്ത്രീകൾക്ക് നല്ല മാറ്റമുണ്ട് കേട്ടോ. മിക്കവാറും പേരും അതൊന്നും മൈൻഡ് ചെയ്യാറില്ല. തീരെ പറ്റാത്തിടത്ത് ഇറങ്ങിപ്പോവാനുള്ള ധൈര്യവും അവർ കാണിച്ച് തുടങ്ങി.

സഹിക്കാനാവാത്ത ബന്ധത്തിൽ നിന്നും ഇറങ്ങി നടന്നാൽ

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടികളെ, പ്രണയബന്ധത്തിൽ നിന്നും ഇറങ്ങിവന്ന പെൺകുട്ടികളെ, പീഡിപ്പിക്കപ്പെട്ടതിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്നും ഇറങ്ങി വരുന്നവരെ ആയുധങ്ങളുമായി അക്രമിക്കുകയും കൊലപ്പെടുത്തുകയും വരെ ചെയ്യുന്ന സാഹചര്യങ്ങൾ വർധിച്ചു വരികയാണ്. ഇവിടെ നിന്നാണ് നാം പുരുഷൻ മാറിയോ എന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്. ഇത്തരം വാർത്തകൾ‌ക്ക് താഴെ വരുന്ന കമന്റുകളിലുണ്ട് പുരുഷൻ മാറുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ഉത്തരം.

womens day special story changing world and men rlp

ഓ തേച്ചിട്ടല്ലേ കണക്കായിപ്പോയി എന്ന കമന്റുകൾ എത്ര. അതായത്, തനിക്ക് യോജിച്ച് പോകാൻ പറ്റാത്ത ഒരു ബന്ധത്തിൽ നിന്നും ഗുഡ്ബൈ പറഞ്ഞ് ഇറങ്ങി വരാൻ പോലും സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല എന്ന് അർത്ഥം.

ഇതൊക്കെ പോരാഞ്ഞ് വനിതാദിനത്തിന്റെ ആശംസകൾ നോക്കിയാൽ കാണാം, ഒരു മാറ്റവും കാണില്ല. സ്ത്രീ അമ്മയാണ്, ദേവിയാണ്, സർവംസഹയാണ് ഇങ്ങനെ പോകും. ശരിക്കും പുരുഷൻ മാറിയോ? സ്ത്രീകളെന്താണ് കരുതുന്നത്?

എ ക്ലാസ് ഫെയ്ക്ക് ഫെമിനിസ്റ്റ്-പുരോഗമനിസ്റ്റ് പുരുഷൂസ്

ലിഖിത ദാസ്, അധ്യാപിക, എഴുത്തുകാരി

womens day special story changing world and men rlp

കാലം മാറിയിട്ടും നാടുമാറിയിട്ടും ഇതൊന്നുമറിയാതെ, തലയ്ക്കുള്ളിൽ വെളിച്ചമിറങ്ങാത്ത കുറെയധികം മനുഷ്യർ ജീവിച്ചിരിക്കുന്നുവെന്നതിൽ വേദനയുണ്ട്. ഒരു വിഭാഗത്തെ മുഴുവൻ പ്രതിസ്ഥാനത്ത് നിർത്താൻ കഴിയില്ല. ആണുങ്ങളിൽ സ്ത്രീപക്ഷക്കാരുണ്ട്. അവരെ ഞാൻ മനുഷ്യപക്ഷം എന്ന് വിളിയ്ക്കും. എന്നാൽ അതിൽത്തന്നെ വ്യാജന്മാരും ഉണ്ട്. അവരെപ്പറ്റിയാണ്.

സ്ത്രീകളോട് ഐക്യപ്പെടുന്നുവെന്നും അവരുടെ എല്ലാത്തരം അവസ്ഥകളെയും സഹാനുഭൂതിയോടെ കാണുന്നുവെന്നും അവർക്കെതിരെ വരുന്ന ഏതൊരു ആക്രമണങ്ങളെയും അവർക്കു മുൻപിൽ കേറി നിന്ന് പ്രതിരോധിക്കുമെന്നും ഉറക്കെ തൊണ്ടകത്തിക്കയറുന്ന നല്ല എ ക്ലാസ് ഫെയ്ക്ക് ഫെമിനിസ്റ്റ്-പുരോഗമനിസ്റ്റ് പുരുഷൂസ്. പുരോഗമന ഇടങ്ങളെയും സ്വതന്ത്ര ലൈംഗികതയെയും കുറിച്ച് സംസാരിക്കുന്ന സ്ത്രീകൾ ഉള്ളിടങ്ങളിലൊക്കെ ഇവരുടെ കുറുക്കൻ കണ്ണുകൾ ആങ്ങളയമ്മാവൻ നോട്ടങ്ങളുമായി കടന്നുചെല്ലാറുണ്ട്. ആൾക്കൂട്ട ആക്രമണങ്ങളിലും സദാചാര പോലീസിംഗിലുമൊക്കെ രഹസ്യക്കല്ലേറ് നടത്തി ഇവരങ്ങ് മാറി നിന്ന് കളികാണും.

പക്ഷെ രസമെന്താണെന്ന് വച്ചാൽ കുറുക്കനെ കണ്ടം വഴി ഓടിക്കാനും അവരുടെ സഹാനുഭൂതിയുടെ മൊത്തച്ചാക്കെടുത്ത് കിണറ്റിലിടാനും ധൈര്യമുള്ള ആൺ- പെൺ ഫെമിനിസ്റ്റുകളുടെക്കൂടി കാലമാണിത്. അവർ തോന്നിയ പോലെ ജീവിക്കും... നാട്ടുകാർക്ക് തോന്നിയപോലെയല്ല, തന്നിഷ്ടക്കാരിയായിട്ട് - നല്ലസ്സല് താന്തോന്നിയായിട്ട്.
അവനവനെ സ്നേഹിക്കുന്ന പെണ്ണുങ്ങളൊരു പ്രതീക്ഷയാണ്. അവർ ഹൃദയം കൊണ്ടും ബുദ്ധികൊണ്ടും ജീവിതത്തിലേർപ്പെടും. അതിനിടയിൽ ആര് ഇത്തരം പുരുഷന്മാരെ ഗൗനിക്കുന്നു.

സ്ത്രീയും ലോകവും മാറി, പുരുഷൻ?

ദീപ സെയ്‍റ, സംരംഭക

womens day special story changing world and men rlp

ലോകവും, ലോകത്തിനൊപ്പം സ്ത്രീകളും മാറുന്നുണ്ട്. പരമാവധി വിദ്യാഭ്യാസം നേടി ജോലിയിൽ പ്രവേശിച്ച് വിവാഹത്തിന് മുൻപ് സ്വന്തം കാലിൽ നിൽക്കണമെന്ന് അവൾ ചിന്തിച്ചു തുടങ്ങി. വിവാഹമെന്നത് പോലും അവളിലേക്കു അടിച്ചേൽപ്പിക്കാൻ ഇനി കഴിയില്ല.

അപ്പോഴും മാറാത്ത ഒരു പുരുഷസമൂഹം ഇവിടെ നിലനിൽക്കുന്നു. മാറ്റമില്ലെന്ന് പറഞ്ഞൂടാ! അവൾ ജോലിക്ക് പോകണം എന്നവൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, അവളുടെ ശമ്പളം എന്ത് ചെയ്യണം എന്നവൻ തീരുമാനിക്കും. കുറച്ചു സ്വാതന്ത്ര്യമൊക്കെ അനുവദിക്കുന്ന ടൈപ്പ് കാമുകൻ/ ഭർത്താവാണ് താനെന്നും, താൻ അനുവദിക്കാതെ അവൾക്ക് അത് ലഭ്യമല്ലെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. പുറത്തു പോകുന്നതിന് അനുവാദം ചോദിക്കണമെന്നും, അഞ്ചു മണിക്ക് മുൻപ് തിരികെ വീട്ടിൽ കയറുകയും, തനിക്കും  കുടുംബത്തിനുമുള്ളത് അവൾ ഒറ്റയ്ക്ക് വെച്ചു വിളമ്പണമെന്നും അവനു ഇന്നും നിർബന്ധമാണ്. അവനൊ, അവന്റെ കുടുംബമോ ആഗ്രഹിക്കുന്ന സമയത്ത് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ അവൾ തയ്യാതായിരിക്കണം എന്ന് ചിന്തിക്കുന്ന ആണുങ്ങൾ സുലഭമാണ് ഇപ്പോഴും...

കുട്ടികളുണ്ടായ ശേഷം അവൾ ജോലി കളഞ്ഞു വീട്ടിലിരിക്കേണ്ടത് പണ്ടേ എഴുതി വച്ച എന്തോ കലാപരിപാടിയായി ഇന്നും തുടരുന്നു. ഒരു പുരുഷനും കുട്ടിക്ക് വേണ്ടി ജോലി നിർത്തിയതായി  കേൾക്കുന്നില്ല!! ചുരുക്കത്തിൽ അവളുടെ അവകാശങ്ങളും സ്വപ്നങ്ങളും അവന്റെ ഔദാര്യമെന്ന് അന്നും ഇന്നും പുരുഷൻ വിശ്വസിക്കുന്നു. തന്റെ ഉള്ളിലെ ശക്തിയും സ്വാതന്ത്ര്യവും തിരിച്ചറിഞ്ഞു, അവകാശങ്ങൾ ആരും നൽകേണ്ടതല്ല എന്നുറച്ചു പറഞ്ഞ് സ്ത്രീകൾ സ്വയമുയർത്തുക, സ്വരമുയർത്തുക എന്നത് മാത്രമാണ് പോംവഴി.

പെണ്ണുങ്ങളുടെ ഉടുപ്പിന്റെ നീളം നോക്കുന്നവർ

അഗത കുര്യൻ, അസ്സിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ

womens day special story changing world and men rlp

ലോകം മാറിക്കൊണ്ടിരിക്കുകയാണ്, കാഴ്ചപ്പാടുകളും. മാറുന്ന യുവത്വത്തിൽ പ്രതീക്ഷയേറെയുണ്ട്. പിതൃഅധികാരത്തിന്റെ ഇരകളാണ് തങ്ങളെന്നു തിരിച്ചറിയുന്ന പുരുഷന്മാർ കൂടുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല. താൻ പണ്ട് ടോക്സിക് ആയിരുന്നു, പൊസ്സസീവ് ആയിരുന്നു ഇപ്പോൾ അത്‌ തിരിച്ചറിഞ്ഞു മാറ്റാൻ ശ്രമിക്കുന്നു എന്ന് തുറന്നു പറയുന്ന പുരുഷമാരെ നിത്യജീവിതത്തിൽ ചിലപ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്. അത് വലിയ ആശ്വാസമാണ്. എന്നാൽ, അതേ സമയത്ത് സൈബറിടം നോക്കിയാൽ ഇപ്പോഴും പെണ്ണുങ്ങളുടെ ഉടുപ്പിന്റെ നീളവും ജാരന്മാരുടെ എണ്ണവും അന്വേഷിക്കുന്നവരായി പലരും തുടരുന്നത് കാണാം. അവരിനിയെന്ന് മാറും?

മാറ്റങ്ങൾ വരും, പ്രതീക്ഷയുണ്ട്

ദേവിക എം.എ, അധ്യാപിക

womens day special story changing world and men rlp

പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയും ഇന്നാട്ടിലെ സ്ത്രീവിരുദ്ധ പൊതുബോധവും പെട്ടെന്നൊരു ദിവസം കൊണ്ട് തഴച്ചു വളർന്ന ഒന്നൊന്നുമല്ല. ആൺബോധങ്ങളിലൂന്നിയ ജീവിതശൈലിയും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും കുടുംബ നിർമ്മിതിയും കീഴ് വഴക്കവും ശീലിച്ചുപോന്ന നമ്മുടെ ആൺ പ്രിവിലേജുകൾക്ക് അത്രവേഗത്തിൽ അതിന്റെ ജീർണ്ണതയെ തിരിച്ചറിയാനോ അതിജീവിക്കാനോ മറികടക്കാനോ സാധിക്കുമെന്ന് കരുതുന്നില്ല.

അവർക്കിടയിലും ചരിത്ര- സാംസ്കാരിക- സാമൂഹിക - മൂല്യ നിർമ്മാണങ്ങളുടെ പിന്നിലെ ജണ്ടർ പൊളിറ്റിക്സുകൾ തിരിച്ചറിയുന്ന, അവയെ പൊളിച്ചെഴുതാൻ നിരന്തരം പരിശ്രമിക്കുന്ന, കാലനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന പരിഷ്കൃതമായി ചിന്തിക്കുന്ന പുരോഗമനപരമായി ജീവിക്കുന്ന വലിയൊരു വിഭാഗം ഇന്നിവിടെയുണ്ട് എന്നത് പ്രതീക്ഷാവഹമാണ്. യഥാസ്ഥിക മനോഭാവമുള്ള മനുസ്മൃതി സങ്കൽപങ്ങളിൽ ഇന്നും അഭിരമിക്കുന്ന ടോക്സിക് മാസ്കുലിനിറ്റി ചുമക്കുന്ന മറുപകുതിയോട് പൊരുതാൻ ആർജ്ജവമുള്ള പുതിയ തലമുറ സാവധാനമെങ്കിലും മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന ഉറച്ച വിശ്വാസത്തിലൂന്നിയാണ് ഈ ദിവസത്തെയും നോക്കിക്കാണുന്നത്.

മാറേണ്ടത് പുരുഷ സമൂഹമാണ്

ശില്പ ചന്ദ്രൻ, മലയാളം അധ്യാപിക

womens day special story changing world and men rlp

നോഹ ബായുംബാക്കിന്റെ  മാരേജ് സ്റ്റോറി എന്ന ഇംഗ്ലീഷ് സിനിമയിൽ അതിലെ നായിക കഥാപാത്രത്തോട് വക്കീൽ കഥാപാത്രം പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് ഉണ്ട്. അതിന്റെ ചുരുക്കമിതാണ്; പെർഫെക്ട് അല്ലാത്ത അച്ഛനെ നമ്മുടെ സമൂഹം അംഗീകരിക്കുന്നുണ്ട്. വലിയ റോൾ ഒന്നുമില്ലാത്ത, മിണ്ടാതിരിക്കുന്ന, വിശ്വാസയോഗ്യരല്ലാത്ത അച്ഛന്മാരെ അച്ഛന്മാരായി തന്നെ സമൂഹം കാണുന്നുണ്ട്. എന്നാൽ, സ്ത്രീയിലേക്ക് വരുമ്പോൾ അവളുടെ എല്ലാത്തരത്തിലുമുള്ള അധ്വാനവും കുടുംബത്തിനും പുരുഷനും കുഞ്ഞുങ്ങൾക്കുമുള്ളതാകണമെന്നും, അതിനാൽ പൂജിക്കപ്പെടണമെന്നുമുള്ള  നിലയിലേക്കാണ് എക്കാലവും  സമൂഹം  ചുമതലപ്പെടുത്തിയിട്ടുള്ളത്.

കലാകാലങ്ങളായി പൊതുഇടത്തിൽ എത്ര ആഘോഷിക്കപ്പെട്ടാലും തിരിച്ചു വീടിനകത്തെത്തുമ്പോൾ വ്യക്തി എന്ന നിലയിൽ കിട്ടേണ്ട കേവല മര്യാദ എത്ര സ്ത്രീകൾക്ക് കിട്ടുന്നുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ഈ വസ്തുത മനസിലാക്കി അതിനനുസരിച്ച് മാറേണ്ടത് പുരുഷ സമൂഹമാണ്. അതിനു പണ്ടും ഇപ്പോഴും വലിയ തോതിൽ മാറ്റമൊന്നുമില്ല.

എന്നിരുന്നാൽക്കൂടി പുതിയ തലമുറ കുറച്ചൊക്കെ ഈ വസ്തുത മനസിലാക്കി പെരുമാറാൻ, മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഒരധ്യാപിക എന്ന നിലയിൽ എനിക്കത് ക്യാമ്പസ്സിനകത്തു നിരീക്ഷിക്കാൻ പറ്റുന്നുമുണ്ട്. കൂടെ ഇരിക്കുന്ന സഹപാഠിയെ വ്യക്തികളായി കൂടെക്കൂട്ടുന്ന ഒരു തലമുറയെ പ്രതീക്ഷയോടു കൂടിയാണ് ഉറ്റുനോക്കുന്നത്.  അവരാ 'സോകോൾഡ് ' ആയ പുരുഷ സമൂഹത്തിന്റെ ഒഴുക്കിനെതിരെ ചലിക്കുന്നവരാണ്. നിലവിൽ സ്വത്വം കൊണ്ട് സ്ത്രീ ആണെന്ന് തിരിച്ചറിയുന്ന ട്രാൻസ്‍വുമൺസിനെക്കൂടി അംഗീകരിക്കുന്ന സമൂഹം ഉണ്ടാവട്ടെ നമ്മളാഗ്രഹിക്കുന്നൊരു മാറ്റം ചിലപ്പോൾ വളരെ വിദൂരത്തിലാവാം. അതിലേക്കെത്താനുള്ള ഏതു ചെറിയ ചലനങ്ങൾ  പോലും പ്രത്യാശയുള്ളതാണ്. അതിനാൽ തന്നെ വലിയ ശതമാനം പുരുഷന്മാർ മാറാത്തതിനേക്കാളും മാറുന്ന ചെറിയ ശതമാനത്തിലാണ് എന്റെ പ്രതീക്ഷ.

വണ്ടി കിട്ടാത്തവരോട് പതുക്കേ നടന്നു തുടങ്ങുക

അനുഷ ഇന്ദിര ഭരതൻ, മാധ്യമപ്രവർത്തക

womens day special story changing world and men rlp

രേണു രാജ് എറണാകുളം ജില്ലാ കളക്ടർ ആണ്. എന്നാൽ, അവർ ശ്രീറാം വെങ്കിടരാമന്റെ ഭാര്യ മാത്രമാകുന്ന ന്യൂസ്‌ റൂം ചർച്ചകൾ ഉണ്ടായിരുന്നു. അവരുടെ ചോയ്സ് ആണ് ശ്രീറാം. സർവസ്വതന്ത്രയായ ഒരു സ്ത്രീ അധികാരത്തിന്റെ ആണഹന്തകളിൽ ശ്രീറാമിന്റെ ഭാര്യ മാത്രമായി മാറുകയാണ്. ഏതോ ശിലയുഗത്തിൽ നിന്നും വണ്ടി കിട്ടാത്തവർ ഇപ്പോഴും ഉണ്ട് നാട്ടിൽ. പെണ്ണിങ്ങനെ പാറി നടക്കുമ്പോൾ വസ്ത്രവും അഴകളവുകളും പറഞ്ഞു അവളുടെ ഒഴുക്കിനെ തടയുന്നവർ. എന്താ ഈ ആണുങ്ങൾ നന്നാകാത്തെ?

വാലായി ചേട്ടന്റെ പേരുവെക്കണം, രാവിലെ എഴുന്നേറ്റ് ചായ കൊടുക്കുന്നത് മുതൽ കുഞ്ഞിന്റെ ഡയപ്പർ മാറുന്നത് വരെ പെണ്ണ് ചെയ്യണം. നന്നായി ഭക്ഷണം ഉണ്ടാക്കിയ കെട്ടാത്ത പെണ്ണാണ്ണേൽ അത് ചെക്കന്റെ ഭാഗ്യം... ഹോ രോമാഞ്ചം.... അടങ്ങി ഒതുങ്ങി നടക്കാനൊന്നും മനസില്ല ചേട്ടന്മാരെ... ഭാര്യ അമ്മ പെങ്ങൾ കീവേർഡ് അല്ലാതെ വ്യക്തിത്വം ഉള്ളവരാണ് ഞങ്ങൾ എന്ന് ഇന്നത്തെ പെണ്ണ് പറഞ്ഞ് തുടങ്ങി. ഉള്ളറിഞ്ഞു ചിരിക്കാനും, രാവും പകലും ആഘോഷിക്കാനും, ഇഷ്ടമുള്ളത് ഇടാനും, ഇഷ്ടമലെങ്കിൽ നല്ല നോ പറയാനും അറിയാവുന്ന സ്ത്രീകൾ. പിന്നെയാകട്ടെ എന്ന് പറഞ്ഞാലും അത് നോ ആണ്.

പിന്നേം വണ്ടി കിട്ടാത്തവരോട് പതുക്കേ നടന്നു തുടങ്ങുക... പതുക്കെ മതി... പക്ഷെ നടക്കണം... ഞങ്ങൾ പറക്കട്ടെ....

 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Latest Videos
Follow Us:
Download App:
  • android
  • ios