Women's Day 2023 : 'ഒറ്റപ്പെടുത്തലും അവഗണനയും തളര്‍ത്തില്ല' ; മുടിവെട്ടലില്‍ കിടിലമാണ് ഷൈലമ്മ

പണ്ടേ ഭര്‍ത്താവിന്‍റെയും മക്കളുടെയും മുടി വെട്ടുമായിരുന്നു. അന്നൊന്നും അതൊരു ജോലിയായി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചെങ്കിലും അങ്കണവാടിയില്‍ പോകുന്നത് കൊണ്ട് അത് തുടരാനും കഴിഞ്ഞില്ല.

womens day inspiring story of shylamma azn

നമ്മുടെ ഗ്രാമപ്രദേശത്തിലെ ഒരു സ്ത്രീ  പുരുഷന്മാരുടെ തലമുടി വെട്ടുകയോ? ഇങ്ങനെ ചോദിച്ച് മൂക്കത്ത് വിരൽ വെച്ചവരോടും അവഗണിച്ചവരോടും ആലപ്പുഴക്കാരിയായ കെ. ഷൈലമ്മയ്ക്ക് പറയാനുള്ളത് ഇതാണ്: 'നിങ്ങൾ എന്നെ അംഗീകരിക്കേണ്ട, പക്ഷേ എല്ലാ ജോലിക്കും അതിൻറെതായ മഹത്വമുണ്ട്. സ്ത്രീകൾക്കും ചില അവകാശങ്ങൾ ഉണ്ടെന്ന് മനസിലാക്കുക'. അറിയാവുന്ന ജോലി ചെയ്യുക, സ്വന്തം കാലിൽ നിൽക്കുക എന്നതാണ് കൈനകരി കുട്ടമംഗലം ചെറുകായിൽച്ചിറയിൽ കെ ഷൈലമ്മയുടെ ജീവിത മന്ത്രം.

49-കാരിയായ ഷൈലമ്മ കൊറോണ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് തനിക്ക് അറിയാവുന്ന മുടി വെട്ടൽ ഒരു ബിസിനസായി മാറ്റിയത്. അങ്ങനെ വീട്ടിൽ തന്നെ ഒരു ബാർബർ ഷോപ്പും തുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും പുരുഷന്മാരുടെയും മുടിവെട്ടാൻ  ഷൈലമ്മ അവിടെ റെഡിയാണ്.‘ഹെവൻ’എന്നാണ് സലൂണിൻറെ പേര്. വനിതാ ദിനത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സു തുറക്കുകയാണ് ഷൈലമ്മ.

കുടുംബം...

2001-ലായിരുന്നു വിവാഹം.  ഭർത്താവിന് കൂലിപ്പണിയാണ്. രണ്ട് ആൺ മക്കളുണ്ട്. പഠിത്തം കഴിഞ്ഞ മൂത്ത മകന് ജോലിയൊന്നും ആയിട്ടില്ല. ഇളയ മകൻ പത്താം ക്ലാസിൽ പഠിക്കുന്നു. പത്താം ക്ലാസ് തോറ്റ ഞാൻ ഇപ്പോൾ പഞ്ചായത്തിൻറെ കീഴിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. പത്താം ക്ലാസ് എഴുതിയെടുത്തു. ഇപ്പോൾ‌ പ്ലസ് ടൂവിന് പഠിക്കുന്നു. കുടുംബശ്രീയംഗവും അങ്കണവാടിയിൽ ഹെൽപ്പറായും പോകുന്നുണ്ട്.

മുടി വെട്ടൽ തുടങ്ങിയത്...

പണ്ടേ ഭർത്താവിൻറെയും മക്കളുടെയും മുടി വെട്ടുമായിരുന്നു. അന്നൊന്നും അതൊരു ജോലിയായി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചെങ്കിലും അങ്കണവാടിയിൽ പോകുന്നത് കൊണ്ട് അത് തുടരാനും കഴിഞ്ഞില്ല.

‘ഹെവൻ’എന്ന  സലൂൺ...

കൊവിഡ് കാലത്താണ് മുടി വെട്ടൽ ഒരു ബിസിനസായി തുടങ്ങിയത്. അന്ന് ആരും ബാർബർ ഷോപ്പിൽ പോലും പോകാതിരുന്ന സമയത്താണ് ഞാൻ ഇങ്ങനെ തലമുടി വെട്ടുമെന്ന് അറിഞ്ഞ് പലരും എന്നെ സമീപിച്ച് തുടങ്ങിയത്. മക്കളായ ആഷിക്കിന്റെയും  അതുലിന്റെയും ഭർത്താവ് പാപ്പച്ചന്റെയും മുടി വെട്ടിക്കൊടുത്തതോടെ കേട്ടറിഞ്ഞാണ് അത്യാവശ്യക്കാർ എത്തിത്തുടങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം അതൊരു ബിസിനസായി പിന്നീട് മാറുകയായിരുന്നു. അങ്ങനെ 2022 തുടക്കത്തിൽ വീടിനോട് ചേർന്ന് ഒരു സലൂൺ തുടങ്ങി. റീബിൽഡ്‌ കേരള ഇനിഷ്യേറ്റീവ്-എട്രപ്രണർഷിപ്പ് ഡെവലപ്‌ന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് സലൂൺ തുടങ്ങിയത്. ‘ഹെവൻ’എന്നാണ് സലൂണിൻറെ പേര്.

 

womens day inspiring story of shylamma azn

 

അങ്കണവാടിയിലെ ജോലി കഴിഞ്ഞു മടങ്ങി വന്നശേഷം വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഹെയർ കട്ട് ജോലി.  സ്കൂൾ കുട്ടികളുടെയും പുരുഷന്മാരുടെയും തലമുടി വെട്ടും. കൂടുതലും പ്ലസ് ടൂ പഠിക്കുന്ന ആൺകുട്ടികളാണ് വരുന്നത്.  മുടി വെട്ടാൻ വരുന്ന കുട്ടികൾ എങ്ങനെ വെട്ടണമെന്നൊക്കെ ചിത്രങ്ങൾ കാണിച്ച് നിർദ്ദേശങ്ങൾ തരാറുണ്ട്. പുത്തൻ മോഡൽ ഹെയർ സ്റ്റൈലൊക്കെ അങ്ങനെ പഠിക്കും. മക്കളും പുത്തൻ ട്രെൻഡുകളെ കുറിച്ച് പറഞ്ഞു തരും. യൂട്യൂബിലൂടെയും പുതിയ ഹെയർ കട്ടുകൾ കണ്ടുപഠിക്കാറുണ്ട്. 100 രൂപ വെച്ചാണ് മുടി വെട്ടാൻ വാങ്ങുന്നത്. 500 രൂപ വരെ ചില ദിവസങ്ങളിൽ വരുമാനം കിട്ടാറുണ്ട്. ഹെയർ സ്കിൻ ലെഗ് കെയർ, ബ്രൈഡൽ കെയർ, ഹെയർ കട്ടിങ്, ഫേഷ്യൽ, മസാജ് ട്രീറ്റ്മെന്റ്, നെയിൽ ആർട്ട്, മേക്കപ്പ് തുടങ്ങിയവയെല്ലാം ചെയ്യാറുണ്ട്.

നേരിട്ട വെല്ലുവിളികളും ബുദ്ധിമുട്ടുകളും...

വ്യത്യസ്തമായ വഴി തിരിഞ്ഞെടുത്തപ്പോൾ നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും അവഗണയുമൊക്കെ നേരിട്ടു. ഞാൻ തിരഞ്ഞെടുത്ത ഈ ജോലിക്ക് ഭർത്താവിൻറെയും മക്കളുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു. എന്നാൽ എതിർപ്പ് കാണിച്ചവരും ഒറ്റപ്പെടുത്തിയവരും നിരവധിയായിരുന്നു.

പലരും എന്നോട് മിണ്ടാതായി, ഒറ്റപ്പെടുത്തി. നമ്മളെ അംഗീകരിക്കാൻ അവർക്ക് പറ്റുന്നില്ല. ഒരു നല്ല വാക്ക് പറയാനോ, പ്രോത്സാഹിപ്പിക്കാനോ ഇത്തരക്കാർക്ക് പറ്റുന്നുല്ല. ആൺകുട്ടികളുടെ മുടി വെട്ടുന്നതിലുള്ള അമർഷം ആണ് പലരും കാണിച്ചത്. എൻറെ പിന്നിൽ നിന്നുകൊണ്ട് എന്നെ മോശം പറയുകയാണ് അവർ ചെയ്തത്. എൻറെ മക്കളുടെ പ്രായമുള്ള കുട്ടികളുടെ മുടി വെട്ടുന്നതിൽ എന്താണ് തെറ്റ്? പുരുഷന്മാരുടെ തലമുടി സ്ത്രീകൾ വെട്ടാൻ പാടില്ലേ?

ഒരു സ്ത്രീയെ വളരാൻ അനുവദിക്കാത്തത് പലപ്പോഴും ഈ സമൂഹവും തെറ്റായ ചില ചിന്താഗതിയുമാണ്. സ്വന്തം കാലിൽ നിൽക്കുകയാണ് വരും തലമുറ ചെയ്യേണ്ടത്. എനിക്ക് ഇപ്പോൾ എൻറെ കാര്യങ്ങൾക്കും, മക്കളെ സഹായിക്കാനും പറ്റുന്നുണ്ട്. എല്ലാത്തിനും ഭർത്താവിൻറെ മുമ്പിൽ കൈ നീട്ടണ്ടല്ലോ.  അതല്ലേ ഇന്നത്തെ കാലത്ത് വേണ്ടത്?

വനിതാ ദിനത്തിൽ...

മറ്റ് സ്ത്രീകൾക്ക് മാത്യകയായി ജീവിക്കണം എന്നതാണ് ഇപ്പോഴത്തെ എൻറെ ലക്ഷ്യം. സ്ത്രീകൾ മുന്നോട്ട് തന്നെ വരണം. സ്വന്തം കാലിൽ‌ നിൽക്കണം. അടിച്ചമർത്തേണ്ടവൾ അല്ല സ്ത്രീകൾ, സ്ത്രീകൾക്കും ചില അവകാശങ്ങൾ ഉണ്ട്. അത് അംഗീകരിക്കാൻ സമൂഹം പഠിക്കണം. അവനവന്റെ സ്വപ്നങ്ങൾക്ക് അതിരുകളിടാൻ ആരെയും അനുവദിക്കരുത്.

ഇരുണ്ട വഴികളിൽ നിന്ന് അഗ്നി'ശോഭ'യോടെ പുറത്തെത്തിയപ്പോൾ ; ഇത് സിനിമകളെ വെല്ലുന്ന കഥ

 

Latest Videos
Follow Us:
Download App:
  • android
  • ios