സ്തനാര്‍ബുദം; സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്...

ഒക്ടോബര്‍ മാസം സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം നടത്താനുള്ള മാസമായി തെരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും സ്ത്രീകളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമ്മള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ട്

women should know these things about breast cancer

ലോകത്ത് ആകെയും ക്യാന്‍സര്‍ പിടിപെട്ട് മരണപ്പെടുന്ന സ്ത്രീകളില്‍ പ്രധാന വില്ലനായി എത്തുന്നത് സ്തനാര്‍ബുദമാണെന്നാണ് അടുത്തിടെ ലോകാരോഗ്യസംഘടനയുള്‍പ്പെടെ പല സംഘടനകളും പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഇതിന്റെ കണക്കുകള്‍ കുത്തനെ ഉയരുകയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ജാഗ്രതാപൂര്‍വ്വം ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബര്‍ മാസം സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം നടത്താനുള്ള മാസമായി തെരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും സ്ത്രീകളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമ്മള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ട്. 

'ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ നമുക്ക് ഒന്നും ചെയ്യാനില്ല എന്നൊരു പൊതുധാരണയുണ്ട്. എന്നാല്‍ അത് തെറ്റാണ്. ജീവിതരീതി ആരോഗ്യകരമായ തരത്തില്‍ ക്രമീകരിക്കുന്നത് വഴി, ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും ഒരു പരിധി വരെ നമുക്ക് അകറ്റാനാകും. ക്യാന്‍സറാണെങ്കില്‍ പുതിയ കാലത്തിന്റെ രോഗമെന്ന് പോലും പറയാവുന്ന ഒന്നാണ്. ഓരോ വര്‍ഷവും ഇതിന്റെ കണക്കുകള്‍ പെരുകിവരികയാണ്....

...സ്ത്രീകളില്‍ പ്രധാനമായും കാണപ്പെടുന്നതും, ഏറ്റവുമധികം സ്ത്രീകളുടെ മരണത്തിന് ഇടയാക്കുന്നതുമായ ക്യാന്‍സര്‍ തീര്‍ച്ചയായും ബ്രെസ്റ്റ് ക്യാന്‍സറാണ്. 2018ല്‍ മാത്രം 20 ലക്ഷം പുതിയ കേസുകളാണ് സ്തനാര്‍ബുദം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 6,27000 സത്രീകള്‍ സ്തനാര്‍ബുദം ബാധിച്ച് പോയ വര്‍ഷം മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഇനിയെങ്കിലും നമ്മള്‍ സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനും, കൃത്യമായ ചികിത്സ തേടുന്നതിനും ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ട്....' ക്ലിനിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സിലും എമര്‍ജന്‍സി മെഡിസിനിലും പ്രാഗത്ഭ്യം തെളിയിച്ച ഡോ. നരേഷ് രാമരാജന്‍ പറയുന്നു. 

സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍, അത് നേരത്തേ കണ്ടെത്തുന്നതിലും കണ്ടെത്തിയാല്‍ തന്നെ ചികിത്സ തേടുന്നതിലുമുള്ള അശ്രദ്ധയാണ് ഇത്രമാത്രം ഭീകരമായ അന്തരീക്ഷമുണ്ടാക്കുന്നതെന്നാണ് ഡോ. നരേഷ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പറയുന്നത്. 

സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ച് ഇപ്പോഴും അറിവില്ലാത്ത സ്ത്രീകളുണ്ട്. എന്നാല്‍ മുപ്പത് കഴിഞ്ഞ ഒരു സ്ത്രീ നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തെങ്കിലും തരത്തിലുള്ള മുഴയോ തടിപ്പോ ഉണ്ടാകുന്നത്, സ്തനത്തിന്റെ ആകൃതിയിലും കാഴ്ചയിലും ഇടയ്ക്കിടെ മാറ്റം വരുന്നത്, സ്തനം കട്ടിപിടിച്ച അവസ്ഥയിലാകുന്നത്, സ്തനങ്ങളില്‍ അസ്വസ്ഥത തോന്നുന്നത്, പാടുകളോ നിറവ്യത്യാസമോ ഉണ്ടാകുന്നത്, മുലക്കണ്ണുകളില്‍ നിന്ന് ദ്രാവകം പുറത്തുവരുന്നത്- ഇവയെല്ലാമാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്. 

എന്നാല്‍ ഇത്തരത്തിലുള്ള ഏത് ലക്ഷണവും സ്തനാര്‍ബുദമാകണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, അത് അപകടമല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിലാണ് സ്ത്രീകള്‍ മടി കാണിക്കുന്നത്. ചിലരാണെങ്കില്‍ ഈ വിഷയങ്ങള്‍ പുറത്ത് പറയുക പോലുമില്ല. ഇങ്ങനെയുള്ള കാഴ്ചപ്പാടുകളാണ് പിന്നീട് ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് നയിക്കുക. 

അതിനാല്‍ത്തന്നെ സ്തനാര്‍ബദുത്തെ നേരത്തേ തിരിച്ചറിയുക, കൃത്യം ചികിത്സ തേടുക- ഈ രണ്ട് കാര്യങ്ങളെപ്പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios