Women's Day 2023 ; 'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

' ഏത് വസ്ത്രമായാലും നമ്മള്‍ കംഫര്‍ട്ടബള്‍ ആവുക എന്നതാണ് പ്രധാനം. അല്ലാതെ ഖാദി തന്നെ ധരിക്കണമെന്നില്ലല്ലോ. പണ്ട്  ബ്രിട്ടീഷ് നിർമ്മിത വസ്ത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി ഖാദി പ്രസ്ഥാനം തുടങ്ങിയതല്ലേ. ഈ പുതിയ കാലഘട്ടത്തില്‍ അതിന്‍റെ ആവശ്യമില്ലല്ലോ. പിന്നെ വസ്ത്രത്തില്ല, പ്രവര്‍ത്തനത്തിലാണ് കാര്യം...' -ചിന്ത ജെറോം പറഞ്ഞു.

women politicians changing dress code womens day azn

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

women politicians changing dress code womens day azn

 

അലക്കിതേച്ച ഖദർ മുണ്ടും വെള്ള ഷർട്ടും പിന്നെ കയ്യിലൊരു ഡയറിയും...ആഹാ ഇയാൾ  രാഷ്ട്രീയ നേതാവ് തന്നെ!  രാഷ്ട്രീയ പാർട്ടികൾ ഏതു തന്നെയായാലും, ഒരു പൊതുപ്രവർത്തകൻറെ ലുക്കിനെ കുറിച്ച് പണ്ടുള്ളവരുടെ ധാരണ ഇങ്ങനെയായിരുന്നു. വനിതാ നേതാവ് ആണെങ്കിലോ, ഒട്ടും കളർഫുൾ അല്ലാത്ത വെള്ള സാരിയോ ഖാദിയുടെ സാരിയോ ആയിരിക്കും വേഷം. എന്നാൽ മാറിയ കാലത്തെ വനിതാ നേതാക്കൾ അങ്ങനെ വെള്ളയും വെള്ളയും ധരിച്ചല്ല ജനങ്ങളുടെയിടയിലേയ്ക്ക് ഇറങ്ങുന്നത്. ശൈലജ ടീച്ചറും പി കെ ശ്രീമതിയും മേഴ്സിക്കുട്ടിയമ്മയും വീണാ ജോർജുമൊക്കെ കളർഫുൾ സാരികളാണ് ധരിക്കുന്നത്. ചുരിദാർ ധരിച്ച് പൊതുപ്രവർത്തനം നടത്തുന്ന കെ കെ രമ, യു പ്രതിഭ, വീണാ നായരെയുമൊക്കെ നാം കാണുന്നതാണ്.

രാഷ്ട്രീയ നേതാക്കളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് പൊതു പ്രവർത്തനത്തിലാണ് കാര്യം എന്നാണ് ഇവർ ഉറക്കെ പറയുന്നത്. രാഷ്ട്രീയ നേതാവായതു കൊണ്ട്  നമ്മൾ വേറെ ഒരാളായി മാറേണ്ടതില്ല എന്നാണ് പല യുവ വനിതാ നേതാക്കളുടെയും അഭിപ്രായം. ഇഷ്ടമുളള വസ്ത്രം ധരിക്കാനുള്ള സാഹചര്യമാണ് വേണ്ടത് എന്നാണ് സീനയർ നേതാക്കളും പറയുന്നത്. വനിതാ രാഷ്ട്രീയ നേതാക്കളുടെ മാറിയ വസ്ത്രധാരണത്തെ കുറിച്ച് അവർ തന്നെ പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ...  

'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല, നല്ല മാറ്റങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത്':  ചിന്ത ജെറോം

സമൂഹത്തിൽ പല മാറ്റങ്ങളും ഉണ്ടാകുമല്ലോ. പൊതു പ്രവർത്തകർ അല്ലെങ്കിൽ, രാഷ്ട്രീയ പ്രവർത്തകർ സമൂഹത്തിനോടൊപ്പം സഞ്ചിരിക്കുന്നവരാണ്. അപ്പോൾ സമൂഹത്തിനകത്തുണ്ടാകുന്ന പുരോഗനപരമായ മാറ്റങ്ങൾ രാഷ്ട്രീയ നോതാക്കളും സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. യുവ തലമുറയോടൊപ്പം സഞ്ചരിക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകരും. അല്ലാതെ അവരിൽ നിന്നും ഒറ്റപ്പെട്ട് മാറിനിന്ന് ഒരു ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ലല്ലോ. യുവ തലമുറയോടൊപ്പം സഞ്ചരിക്കുമ്പോൾ വസ്ത്ര ധാരണത്തിലും മാറ്റങ്ങൾ വരും. നല്ല മാറ്റങ്ങളെ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എകെജി പോലും നല്ല കളർഫുളായ വസ്ത്രങ്ങൾ ധരിച്ചിരുന്നതായാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അതായത് അന്നത്തെ കാലത്തും അത്തരം വസ്ത്രധാരണ രീതിയൊക്കെ തുടർന്നിരുന്നു. ഇപ്പോൾ നമ്മുക്കറിയാം ശ്രീമതി ടീച്ചറൊക്ക കളർഫുൾ സാരികൾ ധരിക്കാറുള്ളത്.

 

women politicians changing dress code womens day azn

 

ഏത് വസ്ത്രമായാലും നമ്മൾ കംഫർട്ടബൾ ആവുക എന്നതാണ് പ്രധാനം. അല്ലാതെ ഖാദി തന്നെ ധരിക്കണമെന്നില്ലല്ലോ. പണ്ട് ബ്രിട്ടീഷ് നിർമ്മിത വസ്ത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിൻറെ ഭാഗമായി ഖാദി പ്രസ്ഥാനം തുടങ്ങിയതല്ലേ. ഈ പുതിയ കാലഘട്ടത്തിൽ അതിൻറെ ആവശ്യമില്ലല്ലോ. പിന്നെ വസ്ത്രത്തില്ല, പ്രവർത്തനത്തിലാണ് കാര്യം. വസ്ത്രം ആത്മവിശ്വാസം നൽകുന്നതും കംഫർട്ടബൾ ആക്കുന്നതുമാണ്. മറ്റൊരാൾ ധരിക്കുന്ന വസ്ത്രത്തെ വിമർശിക്കാൻ നമ്മുക്ക് ഒരിക്കലും അവകാശമില്ല.

'വെള്ള സാരിയുടുത്ത് പുറത്തിറങ്ങുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം ഒന്നു വേറെയാണ്'; ബിന്ദു കൃഷ്ണ

വനിതാ രാഷ്ട്രീയ നേതാക്കളിൽ മാത്രമല്ല, പൊതുവേ രാഷ്ട്രീയ മേഖലയിൽ തന്നെ വസ്ത്രധാരണത്തിൻറെ സങ്കൽപങ്ങളെ കുറിച്ച് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സാധാരണ നിലയിൽ തൂവെള്ള വസ്ത്രം മാത്രമണിഞ്ഞ് പൊതു പ്രവർത്തനം നടത്തിയിരുന്ന ധാരാളം പേരുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ ഖദർ വസ്ത്രത്തെ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. പണ്ടത്തെ നേതാക്കൾ‌ ഖദർ വസ്ത്രം മാത്രമേ ധരിക്കാറുണ്ടായിരുന്നോള്ളൂ. ഞങ്ങളുടെ കാലഘട്ടമായപ്പോൾ ഖദർ വാങ്ങുക എന്നു പറയുന്നത് വളരെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരു ഖദർ സാരി വാങ്ങുന്ന പൈസ ഉണ്ടെങ്കിൽ‌, ഞങ്ങൾക്ക് മൂന്ന് കോട്ടൺ‌ സാരി വാങ്ങാം.

ഞാനൊക്കെ പൊതുപ്രവർത്തനത്തിൽ സജ്ജീവമായപ്പോൾ, വെള്ള ബോർ‌ഡറുള്ള സാരികളാണ് ധരിച്ചിരുന്നത്. പുരുഷന്മാർ അപ്പോഴും തൂവെള്ള ഖദർ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇന്നത്തെ ചെറുപ്പക്കാർ അതിൽ നിന്നും വ്യത്യസ്തമായി തന്നെയാണ് വസ്ത്രം ധരിക്കുന്നത്. എങ്ങനെയാണോ യുവാക്കൾ നമ്മുടെ നാട്ടിൽ നടക്കുന്നത്, അതുപോലെ വസ്ത്രം ധരിച്ചു തന്നെയാണ് യുവ നേതാക്കളും നടക്കുന്നത്. ആ മാറ്റം യുവ വനിതാ നേതാക്കളിലും വന്നിട്ടുണ്ട്.

 

women politicians changing dress code womens day azn
 

പൊതു പരിപാടികളിൽ ഞങ്ങളിൽ‌ കുറച്ചു പേർ ഇപ്പോഴും വെള്ള സാരി തന്നെയാണ് ധരിക്കുന്നത്. ഞാൻ ഇടയ്ക്കിടെ കളർ സാരിയൊക്കെ ധരിക്കാറുണ്ട്. എങ്കിലും വെള്ള സാരിയുടുത്ത് പുറത്തിറങ്ങുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം വേറെ തന്നെയാണ്. പൊതു പ്രവർത്തകയെ പെട്ടെന്ന് തിരിച്ചറിയാനും ഇത് സഹായിക്കും. ഞങ്ങളുടെ ഐഡെൻറ്ററ്റി വൈറ്റ് സാരിയായി മാറിയെന്നും പറയാം. ലളിത ജീവിതശൈലിയുടെ ഭാഗമായാണ് ഞങ്ങൾ വെള്ള വസ്ത്രം ധരിക്കുന്നത്. വെള്ള സാമാധനത്തിൻറെ നിറമാണല്ലോ.

ഇപ്പോൾ വരുന്ന വനിതാ നേതാക്കൾ എല്ലാ തരം വസ്ത്രവും ധരിക്കാറുണ്ട്. വെള്ളയും കളറും മോഡേൺ വസ്ത്രവും ഇടും. ശരിക്കും സ്കൂളുകളിൽ എന്തിനാണ് യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്നത്? നല്ല വസ്ത്രങ്ങൾ വാങ്ങാനുള്ള പണം ഉള്ളവരുണ്ട്, ഇതൊന്നുമില്ലാത്തവരും ഉണ്ട്. എല്ലാവരും ഒരുപോലെ എന്ന തോന്നൽ ഉണ്ടാകണം. രാഷ്ട്രീയ നേതാക്കളിലും പണം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. അവിടെയാണ് വെള്ള വസ്ത്രം നന്മയാകുന്നത്. എന്തു തന്നെയായാലും വസ്ത്ര ധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രം ആണ്. എന്ത് ധരിക്കണം എന്ന് തീരുമാനക്കേണ്ടത് അവരവരാണ്. ഇഷ്ടമുളള വസ്ത്രം ധരിക്കാനുള്ള സാഹചര്യമാണ് വേണ്ടത്.

'സമരത്തിന് പോകുമ്പോൾ ജീൻസ് ധരിക്കുന്നതാണ് നല്ലത്' :  വീണാ എസ് നായർ

കംഫർട്ടബളായ വസ്ത്രം ധരിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. സാഹചര്യത്തിനൊത്ത് വസ്ത്രം ധരിക്കുന്നതാണ് എന്നെ കംഫർട്ടബൾ ആക്കുന്നത്. ഉദാഹരണത്തിന് ഒരു സമരപരിപാടിയിൽ പോകുമ്പോൾ, പൊലീസ് നമ്മളെ വലിച്ചെടുക്കണ്ടേ സാഹചര്യത്തിൽ‌ സാരിയാണ് വേഷമെങ്കിൽ അത് കംഫർട്ടബൾ ആകണമെന്നില്ല. അത്തരം സാഹചര്യത്തിലൊക്കെ ജീൻസും ലോങ് കുർത്തയുമൊക്കെ ധരിക്കുന്നതാണ് ഉചിതം. എന്നാൽ‌ രാഷ്ട്രീയ നേതാക്കളുടെ വസ്ത്രധാരണത്തെ കുറിച്ച് പൊതു സമൂഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്.

 

women politicians changing dress code womens day azn

 

കംഫർട്ടബളായ വസ്ത്രം ധരിക്കുക എന്നതാണ് രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടത്. നിയമസഭയിൽ കുർത്തിയിട്ട് ഞാൻ പോയിട്ടുണ്ട്. എന്നാൽ സാരിയുടുക്കുന്നതാണ് ഗൗരവം തോന്നിക്കാൻ നല്ലതെന്ന് ചില നേതാക്കൾ അന്ന് പറഞ്ഞു. അത്തരം ചില വേദികളിൽ സാരി ധരിക്കേണ്ടി വരാറുണ്ട്. എങ്കിലും എനിക്ക് കൂടുതൽ‌ കംഫർട്ടബൾ ചുരിദാറിലും കുർത്തിയിലുമൊക്കെയാണ്. രാഷ്ട്രീയ നേതാക്കൾ കളർഫുളായി, അടിപ്പൊളി വസ്ത്രമൊക്കെ ധരിച്ചാൽ വിമർശിക്കുന്ന ഒരു വിഭാഗം ആളുകൾ ഉള്ളതിനാൽ പലപ്പോഴും നമ്മൾ ചില ഡ്രസ് കോഡിൽ ഒതുങ്ങേണ്ടി വരാറുണ്ട്.

രാഷ്ട്രീയക്കാർക്ക് ചുരിദാർ പാടില്ലേ? യു പ്രതിഭ എംഎൽഎയുടെ മറുപടി...

രാഷ്ട്രീയനേതാവ് ആയതുകൊണ്ട് വേഷത്തിൽ രൂപം മാറണോ എന്ന് സിപിഎം എംഎൽഎ യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൻറെ 'ജിമിക്കി കമ്മൽ' എന്ന പരിപാടിയിൽ മുമ്പ് ചോദിച്ചിട്ടുണ്ട്. 'ഞാൻ എൽഎൽബി രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് പഞ്ചായത്ത് അംഗമായി മത്സരിക്കുന്നത്. അന്ന് ക്യാംപയനിയിങ്ങിന് സാരിയുടുത്ത് പോകണമെന്ന് പറഞ്ഞപ്പോൾ‌ അതിശയമായിരുന്നു. രാഷ്ട്രീയനേതാവ് ആയതുകൊണ്ട് അങ്ങനെ രൂപം മാറണോ എന്ന് തോന്നിപോയി. അന്ന് സാരിയുടുത്ത് തന്നെ വോട്ട് ചോദിക്കേണ്ടി വന്നു. എന്നാലും അതിനുശേഷം ജനങ്ങളെ കാണാൻ പോയത് ചുരുദാർ‌ ഇട്ടുതന്നെയായിരുന്നു. നമ്മൾ വേറെ ഒരാളായി മാറേണ്ടതില്ല. നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാൽ മതി'- 2019ലെ ആ അഭിമുഖത്തിൽ പ്രതിഭ പറഞ്ഞതു ഇങ്ങനെയായിരുന്നു.  

'ഒരാളുടെ വസ്ത്രധാരണത്തെ മറ്റൊരാൾ നിയന്ത്രിക്കരുത്. അടുത്തിടെ ഞാൻ എൻറെ മണ്ഡലത്തിലെ ഒരു  പരിപാടിക്ക് ചുരുദാറിട്ട് പോയി. അന്ന് ആ പരിപാടി കഴിഞ്ഞ് പലരും എന്നോട് പറഞ്ഞു, 'സഖാവിന് സാരിയാണ് ഭംഗി, സാരിയിട്ട് വന്നൂടെ' എന്ന്. എനിക്ക് സാരിയോടൊ ചുരിദാറിനോടൊ ലെഗ്ഗിങ്സിനോടൊ വിരോദമില്ല. സൗദി അറേബ്യയിലെ വിപ്ലവത്തിനെ പിൻതാങ്ങുകയും സ്വന്തം ബ്രാഞ്ചിലെ സഖാവ് ചുരുദാറിടുമ്പോൾ മോശം എന്നു പറയുന്നതുമാണ് യോജിക്കാൻ കഴിയാത്തത്. അതൊരു ഇരട്ടത്താപ്പാണ്'- പ്രതിഭ അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ.

'രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ എന്തു വസ്ത്രം ധരിക്കണമെന്ന് ചോദിച്ചാൽ അത് അവരുടെ ഇഷ്ടമാണ്. ഇന്ദിരാഗാന്ധി ഒക്കെ വളരെ സ്റ്റൈലിഷായിരുന്നു. ആ കാലത്തെ മോഡേൺ ഡിസൈനുകളായിരുന്നു ധരിച്ചിരുന്നത്. സിംപിൾ ആൻറ്  എലഗൻറ് ആയിരുന്നു ഇന്ദിരഗാന്ധിയുടെ വസ്ത്രങ്ങൾ. എന്നാൽ അവരെ വിലയിരുത്തിയത് അവരുടെ പ്രവർത്തനം കൊണ്ടാണ്. ജയലളിതയെ വിലയിരുത്തിയത് വേറെ രീതിയിലായിരുന്നു. രാഷ്ട്രീയരംഗത്തെ സ്ത്രീകളെ കുറിച്ച് ഗോസിപ്പിറങ്ങാൻ സാധ്യത ഏറെയാണ്. വെളള സാരിയൊക്കെ ഇട്ട് നടക്കുന്ന സ്ത്രീ ആണെങ്കിൽ കുഴപ്പമില്ല. അവരായിരിക്കും ആ വർഷത്തെ സമാധാനത്തിനുളള പുരസ്കാരം പോലും സ്വന്തമാക്കുന്നത്. ഇപ്പോഴത്തെ നിയമസഭയിലെ മന്ത്രിമാർക്ക് മാറ്റങ്ങളുണ്ട്. മേഴ്സിക്കുട്ടിയമ്മ, ശൈലജ ടീച്ചർ എന്നിവരൊക്കെ കളർഫുൾ വസ്ത്രങ്ങളാണ് ഇടുന്നത്. ഞങ്ങൾക്ക് അങ്ങനെ തുടങ്ങിവെക്കാൻ സാധിച്ചു. നിയമസഭയ്ക്ക് അകത്ത് വരുമ്പോൾ അങ്ങനെ വെള്ളയും വെള്ളയും ധരിച്ച് വരണമെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചിട്ടില്ല. ഇഷ്ടമുളള വസ്ത്രം ഇടാനുളള സാഹചര്യമാണ് വേണ്ടത്.'- പ്രതിഭ വ്യക്തിമാക്കി. 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Latest Videos
Follow Us:
Download App:
  • android
  • ios