വര്‍ഷങ്ങളായുള്ള സ്വപ്നം; ആകാശയാത്ര സാധിച്ചെടുത്ത് ഈ അയല്‍ക്കൂട്ട അംഗങ്ങള്‍
ഏറെക്കാലമായി കണ്ട സ്വപ്നം പൂര്‍ത്തീകരിച്ചതിന്‍റെ സന്തോഷത്തില്‍ ഒരു കൂട്ടം വനിതകളാണ് വെള്ളനാത്തുരുത്തിലുള്ളത്.
വര്‍ഷങ്ങളായുള്ള വരുമാനത്തില്‍ നിന്നുള്ള ലാഭത്തില്‍ നിന്ന് മിച്ചം പിടിച്ച് ആകാശ യാത്ര നടത്തി അയല്‍ക്കൂട്ട അംഗങ്ങള്‍. ചെലവുകള്‍ക്കിടയില്‍ മിച്ചം പിടിച്ച ചെറുതുകകള്‍ കൂട്ടിവച്ച് നിക്ഷേപമുണ്ടാക്കി വീട്ടുകാരെ സഹായിക്കുന്ന നിരവധി സ്ത്രീകളെ നമ്മുക്ക് ചുറ്റും കാണാന്‍ കഴിയും. ചുറ്റുമുള്ളവരുടെ ആവശ്യമുസരിച്ച് അവര്‍ തങ്ങളുടെ സ്വപ്നം നീട്ടി വയ്ക്കാറാണ് പതിവ്. എന്നാല്‍ ഏറെക്കാലമായി കണ്ട സ്വപ്നം പൂര്‍ത്തീകരിച്ചതിന്‍റെ സന്തോഷത്തില്‍ ഒരു കൂട്ടം വനിതകളാണ് വെള്ളനാത്തുരുത്തിലുള്ളത്.
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടാംഗങ്ങളാണ് തങ്ങളുടെ സ്വപ്നമായ ആകാശ യാത്ര സാധിച്ചെടുത്തത്. വിമാനയാത്രയും ഷോപ്പിങ് മാള്‍ സന്ദര്‍ശനവുമൊക്കെയായി ആകെ ആഘോഷകരമായ ഒരു യാത്ര കഴിഞ്ഞെത്തിയിരിക്കുകയാണ് ഈ കുടുംബശ്രീ അംഗങ്ങള്‍. അയല്‍ക്കൂട്ടത്തിലെ 78വയസ്സുകാരിയായ സതീരത്‌നം ഉള്‍പ്പെടെ 9 പേര്‍ ആകാശയാത്ര സമ്മാനിച്ച അവിസ്മരണീയ സന്തോഷത്തിലാണ് ഇപ്പോഴുള്ളത്. അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയൽക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുന്‍കൈയെടുത്താണ് തങ്ങളുടെ അംഗങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയൊരു യാത്ര ഒരുക്കിയത്.
കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോയി അവിടെ കൊച്ചി മെട്രോയില്‍ യാത്രയും ചെയ്ത ശേഷം നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തുകയായിരുന്നു സംഘം. തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലും സന്ദര്‍ശനം നടത്തി. വര്‍ഷങ്ങളായി ശ്രീമുരുക കാറ്ററിങ് എന്ന പേരില്‍ ഇവര്‍ നടത്തിവരുന്ന സംരംഭത്തിന്റെ ഉള്‍പ്പെടെയുള്ള വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ലാഭത്തില്‍ നിന്നാണ് ഒരുമിച്ചുള്ള ആകാശയാത്രയ്ക്ക് തുക കണ്ടെത്തിയത്. 1998 ഏപ്രില്‍ മാസം 23ാംതീയതി രൂപീകരിച്ച അയല്‍ക്കൂട്ടത്തിലെ മറ്റ് അംഗങ്ങള്‍ ഇവരാണ് സുപ്രഭ, മണിയമ്മ, ഉഷ, ഐഷ, പെന്‍ സാകുമാരി, ജയലക്ഷ്മി, ലത.