Women's Day 2023 : പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

രതിയും സ്വയംഭോഗവും ശരീരവും ബന്ധങ്ങളും പീഡനങ്ങളും, അന്നുവരെ പൊതു സമൂഹത്തിന് മുന്നില്‍ മിണ്ടാന്‍ അറച്ചതെല്ലാം പച്ചയായി ചര്‍ച്ച ചെയ്യപ്പെടുന്നു, തുറന്നെഴുതുന്നു സോഷ്യൽ മീഡിയയിൽ

Women expressing themselves in social media jrj

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

Women expressing themselves in social media jrj

 

ഒരൊറ്റ പത്രവും വാരികയും പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും എച്ച്മുക്കുട്ടി തന്റെ ജീവിതം എഴുതിയത് ഫേസ്ബുക്കിലാണ്. ജീവിതത്തിന്റെ ഓരോ ഏടും നുള്ളിപ്പെറുക്കിയെടുത്ത പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അവര്‍ ആവരണങ്ങളില്ലാതെ തുറന്നുവെച്ചു. പിന്നീടത് പുസ്തകങ്ങളായി. ഫേസ്ബുക്കില്‍ സ്വന്തമായൊരിടം ഉണ്ടായതുകൊണ്ട് മാത്രമാണ് കൊത്തിക്കീറാന്‍ മൂര്‍ച്ചയുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെട്ടതും ആളുകളിലേക്ക് പെട്ടന്ന് തന്നെ എത്തിയതെന്നുമാണ് എച്ച്മുക്കുട്ടി പറയുന്നത്. 

സ്ത്രീകള്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ തുറന്നെഴുതാനുള്ള സ്ഥലമായി ഫേസ്ബുക്ക് മാറിയതിന്റെ തുടക്കക്കാരികളില്‍ ഒരാള്‍ കൂടിയാണ് എച്ചുമുക്കുട്ടിയെന്ന എഴുത്തുകാരി. കേരളം കൊണ്ടാടിയിരുന്ന എഴുത്തുകാരെ കുറിച്ച് എച്ചുമുക്കുട്ടി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. 

''കവി വിഷമമേതും കൂടാതെ എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോള്‍ തന്നെ മതിവരുവോളം  ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ്  അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എന്റെ  ചുക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിന് എന്ന് ചോദിക്കാനും കവി മുതിര്‍ന്നു'' കവി എ അയ്യപ്പനെ കുറിച്ച് എച്ചുമുക്കുട്ടി എഴുതിയ വാചകങ്ങളാണിത്. 

ഇന്നും അവര്‍ പറയുന്നു ഫേസ്ബുക്കിലൊരിടമില്ലായിരുന്നെങ്കില്‍ ഈ തുറന്നെഴുത്ത് അത്ര എളുപ്പം സാധ്യമാകുമായിരുന്നില്ല എന്ന്. നിമിഷ നേരം കൊണ്ട് ഈ എഴുത്തുകളെ കീറി മുറിച്ച് വിമര്‍ശിക്കുന്നവര്‍ കമന്റ് ബോക്‌സ് നിറയും. വിമര്‍ശനങ്ങള്‍ എട്ടും അനുകൂലികള്‍ രണ്ടും ആയിരിക്കാം. വിമര്‍ശനങ്ങളില്‍ തളാരാതെ അനുകൂലികളായ രണ്ട് പേരില്‍ താങ്ങിനിന്ന് മുന്നോട്ട് പോകാന്‍ കഴിയുമെങ്കില്‍ ഉച്ചത്തില്‍ വിളിച്ച് പറയാന്‍ സോഷ്യല്‍ മീഡിയ മികച്ച ഇടമാണെന്നും പറയുന്നു, എച്ച്മുക്കിട്ടി. 

Women expressing themselves in social media jrj
എച്ച്മുക്കുട്ടി

അതെ, സോഷ്യല്‍ മീഡിയയില്‍ എന്തും തുറന്നെഴുതാം. ചിലര്‍ വിമര്‍ശിക്കും. ചിലർ തെറി വിളിക്കും. ചിലപ്പോഴത് പൂരപ്പാട്ടുകളുമായിരിക്കും. മറ്റുചിലപ്പോള്‍ കൊണ്ടാടപ്പെടും. എന്തും പ്രതീക്ഷിക്കാം, പ്രതീക്ഷിക്കണം. കമന്റ് ബോക്‌സില്‍, വാളുകളില്‍ നിറയുന്ന പരിഹാസങ്ങളിലും അറപ്പു തോനുന്ന പ്രതികരണങ്ങളിലും ഭയക്കാതെ തുറന്നുപറയാന്‍ മടിയില്ലാത്ത സമൂഹത്തെക്കൂടി വാര്‍ത്തെടുക്കാന്‍ സോഷ്യല്‍ മീഡിയ കാലത്തിനായിട്ടുണ്ട്. അവിടെ രതിയും സ്വയംഭോഗവും ശരീരവും ബന്ധങ്ങളും പീഡനങ്ങളും, അന്നുവരെ പൊതു സമൂഹത്തിന് മുന്നില്‍ മിണ്ടാന്‍ അറച്ചതെല്ലാം പച്ചയായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഒളിച്ചുവെക്കേണ്ടതായി അത്രയൊന്നും അതിലില്ലെന്ന തിരിച്ചറിവുകൂടി അതിലുണ്ട്. പലരും പ്രകടനപരത മാത്രമെന്നും പ്രഹസനമെന്നും പരിഹസിക്കുന്ന സോഷ്യല്‍ മീഡിയ തരുന്ന സ്വാതന്ത്ര്യത്തിന്റെ കാര്യമാണ് ഈ പറയുന്നത്. 

സംരംഭകയായ അഞ്ജലി ചന്ദ്രന്‍, തന്റെ ഫേസ്ബുക്ക് പേജിലൂടെ തുടര്‍ച്ചയായി എഴുതുന്നത് ഗാര്‍ഹിക പീഡനങ്ങളെ കുറിച്ചാണ്. അവര്‍ക്ക് അറിയുന്നതും കണ്ടതും പലരും പങ്കുവച്ചതുമായ അനുഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ വിളിച്ച് പറയുന്നു. ഓരോ പോസ്റ്റ് എഴുതിയിടുമ്പോഴും സ്ത്രീകള്‍ നേരിടുന്ന ഈ പ്രതിസന്ധികള്‍ക്ക് അറുതിയില്ലേ എന്ന് തോനിപ്പോകും. എന്നാല്‍ അഞ്ജലി പറയുന്നത് ഓരോ കുറിപ്പുകള്‍ക്ക് ശേഷവും നിരവധി പേരാണ് അവര്‍ നേരിടുന്ന പീഡനങ്ങള്‍ വിവരിക്കുന്നതെന്നാണ്. സ്വയം തുറന്നെഴുതാന്‍ കഴിയാത്ത ആളുകളുടെ പ്രതിനിധിയാവുകയായിരുന്നു അതോടെ അഞ്ജലി. അവര്‍ക്ക് വേണ്ടി എഴുതിയതോടെ വിഷയം അഡ്രസ് ചെയ്തും അക്രമിച്ചും അഞ്ജലിയെ പലരും നേരിട്ടു. എന്നാല്‍ പുരുഷന്മാരില്‍ പലരും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് അബ്യൂസ് ആണെന്ന് തിരിച്ചറിഞ്ഞ് തനിക്ക് മെസേജ് അയച്ചെന്ന സന്തോഷവും ഈ തുറന്നെഴുത്തുകളില്‍ നിന്ന് അഞ്ജലിക്ക് ലഭിച്ചിട്ടുണ്ട്. ഒരു കൂട്ടം പേര്‍ തുറന്നുപറയുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ വെമ്പുന്ന മറ്റരു വിഭാഗം കൂടി ഉള്ള ഈ സമൂഹത്തിന്റെ പരിച്‌ഛേദം തന്നെയാണ് സോഷ്യല്‍മീഡിയയും.

Women expressing themselves in social media jrj
അഞ്ജലി ചന്ദ്രൻ

നല്ല നടപ്പു പഠിപ്പിക്കാന്‍ ക്ലാസുകളുള്ള സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ നേരിടുന്നതിലേറെ പങ്കും സിനിമാ താരങ്ങളാണ്. അവിടെ അവരുടെ വസ്ത്ര ധാരണം തന്നെയാണ് പ്രധാന പ്രശ്‌നം. നടി അനശ്വര രാജന്‍, അനിഖ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടത് കുറച്ചൊന്നുമല്ല. എന്നാല്‍ പുതു തലമുറ പേടിച്ച് മാറി നില്‍ക്കുന്നവരല്ല, പകരം ആഴത്തില്‍ മറുപടി നല്‍കുന്നവരാണ്. പോയി പണി നോക്ക് എന്ന് പറയാന്‍ അവര്‍ മടിക്കുന്നില്ല. ആരെ പേടിക്കണം എന്ന ചോദ്യം ആണ്  അടുത്ത പോസ്റ്റിലെ മറ്റൊരു മനോഹരമായ ചിത്രത്തിലൂടെ ഈ പുതുതലമുറ നടിമാര്‍ പങ്കുവെക്കുന്നത്. 'എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം' എന്ന് ബോധ്യമുള്ള ഈ തലമുറ മറുപടി പറയുന്നത് കാണാം ഇതേ സോഷ്യല്‍ മീഡിയയില്‍.

ഈ ഇടത്തില്‍ പ്രകടമാകുന്നതെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയാണ്. ഒരു വാക്ക്, ഒരു ചിത്രം, അല്ലെങ്കില്‍ ഒരു വീഡിയോ എന്തും നിമിഷ നേരം കൊണ്ട് വൈറലാകുന്നതുകൊണ്ടുതന്നെ വലിയൊരു ലോകം തുറന്നുകിട്ടിയവരും നിരവധിയാണ്. 'ടിക്ക് ടോക്ക്' എന്ന സോഷ്യല്‍ മീഡിയ ആപ്പ്  കണ്ണു തുറക്കുന്ന വേഗത്തിലാണ് പലരുടേയും ജീവിതം മാറ്റിയത്. അന്നുവരെ ഒരു മൂളിപ്പാട്ടുപാടിയിട്ടില്ലാത്തവര്‍, സദസിന് മുന്നില്‍ എത്താന്‍ ധൈര്യമില്ലാത്തവര്‍, എന്തിന് കണ്ണാടിക്ക് മുന്നില്‍ പോലും അഭിനയിച്ചിട്ടില്ലാത്തവര്‍ പാട്ടുകാരും നടിമാരും നര്‍ത്തകരുമായുള്ള പകര്‍ന്നാട്ടമായിരുന്നു അവിടെ. സ്‌കൂളില്‍ നാടകത്തില്‍ സജീവമായിരുന്നെങ്കിലും സ്‌നേഹ വിജേഷിന് സിനിമാ എന്ന വലിയ ലോകം തുറന്നുകൊടുത്തത് ടിക്ക് ടോക്ക് ആണ്. കോഴിക്കോട്ടുകാരിയായ സ്‌നേഹ ഇതുവരെ രണ്ട് സിനിമകളില്‍ അഭിനയിച്ചു. ടിക്ക് ടോക്കിലെ കുഞ്ഞുകുഞ്ഞു വീഡിയോകള്‍ ശ്രദ്ധ നേടിയതോടെ ഷോര്‍ട്ട് ഫിലിമുകളിലും സജീവമായി. ആളുകള്‍ക്കൂട്ടത്തിനിടയില്‍ തിരിച്ചറിയുന്ന മുഖമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സ്‌നേഹ പറയുന്നത്. 

Women expressing themselves in social media jrj
 സ്‌നേഹ വിജേഷ്

പെണ്ണിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞുപഠിപ്പിച്ച, അത് കേട്ടുവളര്‍ന്ന തലമുറകളില്‍ നിന്ന് ഏറെ മാറി നടക്കുന്ന യുവതയെയാണ് ഇന്ന് സോഷ്യല്‍ മീഡിയ തുറന്നുകാണിക്കുന്നത്. പുരുഷന്റെ ശബ്ദത്തിന് മുകളില്‍ ഉയരാന്‍ പാടില്ലാത്ത, തീരുമാനങ്ങള്‍ക്കപ്പുറം കടക്കാന്‍ അവകാശമില്ലാതിരുന്ന, വരച്ച വരയ്ക്കപ്പുറം 'അസുരഗണം' കാത്തിരിപ്പുണ്ടെന്ന് പറഞ്ഞുപേടിപ്പിച്ച് നിര്‍ത്തിയിരുന്ന കാലത്തുനിന്ന് തന്നെ ബാധിക്കുന്നതും തനിക്ക് പറയേണ്ടതുമായ എന്തും ഉറച്ച ബോധ്യത്തോടെ പ്രകടിപ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സ്ത്രീ മാറിക്കഴിഞ്ഞു. 

ഇതിന് വലിയൊരു അളവില്‍ കാരണമായി മാറിയത് സോഷ്യല്‍ മീഡിയയും അവയുടെ റീച്ചബിലിറ്റിയുമാണ്. ഫേസ്ബുക്ക്, ക്ലബ് ഹൗസ്, ഇന്‍സ്റ്റഗ്രാമോ, വാട്‌സ്ആപ്പോ എന്തുമാകട്ടെ അവളുടെ ആവിഷ്‌കാരത്തിന്റെയും അഭിപ്രായ പ്രകടനങ്ങളുടെയും അന്നുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യമാണ് ഇവിടെ കാണാനാകുക. 

അതിരുവിടുന്ന അഭിപ്രായപ്രകടനങ്ങളുടെയും അന്യ ജീവിതത്തിലേക്കുള്ള എത്തിനോട്ടങ്ങളുടെയും ഇടം കൂടിയായ ഒരിടത്ത് സ്ത്രീകള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതുകൂടി കുറഞ്ഞ കാലത്തിനിടെ നാം കണ്ടു. വസ്ത്ര ധാരണത്തില്‍, അഭിപ്രായ പ്രകടനങ്ങളില്‍ തുറന്നുപറച്ചിലുകളില്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കപ്പെടുമ്പോള്‍ കൂടുതല്‍ വ്യക്തയോടെ കൃത്യതയോടെ ഉറച്ച നിലപാടുകള്‍ പ്രകടമാക്കുന്ന സ്ത്രീയാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന പ്രതീക്ഷ.

 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Latest Videos
Follow Us:
Download App:
  • android
  • ios