'ഹാര്‍ട്ട് അറ്റാക്ക്' കൂടുതല്‍ പ്രശ്നമാകുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ? അറിയാം...
'ഹാര്‍ട്ട് അറ്റാക്ക്' സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തതകളോടെ വരാമെന്ന് നേരത്തെ തന്നെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാല്‍ ആരിലാണ് ഇതുമൂലമുള്ള അപകടസാധ്യത കൂടുതലെന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
'ഹാര്‍ട്ട് അറ്റാക്ക്' അഥവാ ഹൃദയാഘാതത്തെ കുറിച്ച് അറിയാത്തവര്‍ കാണില്ല. മിക്ക കേസുകളിലും രോഗിയുടെ ജീവൻ വലിയ രീതിയില്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയാണ് ഹൃദയാഘാതം. അതില്‍ തന്നെ വലിയൊരു വിഭാഗം പേരും മരണത്തിലേക്കും എത്തുന്നു.
ആഗോളതലത്തില്‍ തന്നെ അസുഖങ്ങള്‍ മൂലം മരിക്കുന്നവരുടെ കണക്കെടുത്താല്‍ അതില്‍ മുൻപന്തിയിലാണ് ഹൃദയാഘാതം വരുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ഹൃദയാഘാത കേസുകള്‍ കൂടിവരുന്നതായും ആകെയും ഹൃദയാഘാത കേസുകള്‍ കൂടിവരുന്നതായുമെല്ലാം പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും ഏവര്‍ക്കും താല്‍പര്യമാണ്.
ഇപ്പോഴിതാ 'യൂറോപ്യൻ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി'യുടെ ഒരു സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു പഠനറിപ്പോര്‍ട്ടാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്.
'ഹാര്‍ട്ട് അറ്റാക്ക്' സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തതകളോടെ വരാമെന്ന് നേരത്തെ തന്നെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാല്‍ ആരിലാണ് ഇതുമൂലമുള്ള അപകടസാധ്യത കൂടുതലെന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് 'ഹാര്‍ട്ട് അറ്റാക്ക്' മൂലം കൂടുതലും മരണത്തിന് കീഴടങ്ങുന്നത് എന്ന നിര്‍ണായക വിവരമാണ് പഠനം പങ്കുവയ്ക്കുന്നത്.
പുരുഷന്മാരെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളില്‍ ഇരട്ടിയില്‍ അധികമാണെന്നാണ് പഠനം പറയുന്നത്. ബിപി (രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പുകവലിയുമെല്ലാം ഇതിന് കാരണമായി വരാമെന്നും പഠനം പറയുന്നു.
രക്തക്കുഴലുകളിലെ ബ്ലോക്ക് തുറക്കാൻ സഹായിക്കുന്ന സ്റ്റെന്‍റുകളുടെ ഉപയോഗം സ്ത്രീകളില്‍ താരതമ്യേന കുറവാണ് കാണപ്പെടുന്നതെന്നും ഇതും ഇവരില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.
ശരാശരി 62 വയസ് പ്രായം വരുന്ന എണ്ണൂറിലധികം രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നവരില്‍ സ്ത്രീകള്‍ക്ക് താരതമ്യേന വൈകിയാണ് ചികിത്സ തുടങ്ങുന്നത് എന്നും പഠനം അവകാശപ്പെടുന്നു. അതുപോലെ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി ഹൃദയാഘാത സൂചനയായി ലക്ഷണങ്ങള്‍ കൂടുതല്‍ 'സൈലന്‍റ്' ആവുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നതും സ്ത്രീകളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.