മാട്രിമോണിയല്‍ സൈറ്റിലൂടെ വരനെ തപ്പി; പിന്നീട് സംഭവിച്ചത്, അനുഭവം പങ്കിട്ട് യുവതി
ഹര്‍ഷ രാമചന്ദ്രൻ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവച്ച അനുഭവകഥ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ കമന്‍റുകളിലൂടെ ഇതിനോട് പ്രതികരണവും അറിയിച്ചിട്ടുണ്ട്.
വിവാഹബന്ധത്തിനായി മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവര്‍ ഇന്ന് ഏറെയാണ്. അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതിനായി ആവശ്യമായ വിവരങ്ങളും തങ്ങള്‍ക്കുള്ള മാനണ്ഡങ്ങളുമെല്ലാം സൈറ്റുകളില്‍ പങ്കുവയ്ക്കുകയാണ് ആളുകള്‍ ചെയ്യാറ്. ഈ വിശദാംശങ്ങളോടെല്ലാം യോജിക്കുന്ന പ്രൊഫൈലുകള്‍ പിന്നീട് അന്വേഷണവുമായി എത്തും. ഇവരില്‍ നിന്ന് ആരെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ ജീവിതത്തിലേക്ക് തെരഞ്ഞെടുക്കാം.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന പല മാട്രിമോണിയല്‍ സൈറ്റുകളും ഉണ്ട്. ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള സൈറ്റുകള്‍ വഴിയുള്ള ആലോചനകളില്‍ നിന്ന് ആളുകള്‍ക്ക് അബദ്ധങ്ങളും സംഭവിക്കാം. അത്തരത്തില്‍ തനിക്കുണ്ടായ രസകരമായൊരു അനുഭവം പങ്കിടുകയാണ് ഒരു യുവതി.
ഹര്‍ഷ രാമചന്ദ്രൻ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവച്ച അനുഭവകഥ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ കമന്‍റുകളിലൂടെ ഇതിനോട് പ്രതികരണവും അറിയിച്ചിട്ടുണ്ട്.
സത്യത്തില്‍ ഹര്‍ഷയ്ക്കല്ല, ഹര്‍ഷയുടെ അച്ഛനാണ് അബദ്ധം പിണഞ്ഞത്. എന്നാല്‍ അല്‍പനേരത്തേക്ക് എങ്കിലും ആകെ കുടുംബവും ഇതില്‍ പെട്ടുപോയി എന്നതാണ് രസകരമായ സംഗതി.
ഹര്‍ഷയുടെ വിവാഹത്തിനായി അമ്മ തിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് മാട്രിമോണിയല്‍ സൈറ്റിലൂടെ വരനെ തിരയുകയായിരുന്നു അച്ഛൻ രാമചന്ദ്രൻ. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. അച്ഛനാണെങ്കില്‍ ഫോണെടുത്ത ശേഷം 'അതെ, ശരി വീട്ടിലേക്ക് വരൂ' എന്നെല്ലാം പറയുന്നത് അമ്മയും ഹര്‍ഷയും കേള്‍ക്കുന്നുണ്ട്. ഫോണ്‍ കട്ട് ചെയ്ത ശേഷം ഹര്‍ഷയെ കാണാൻ പയ്യൻ വരുന്നതായി അച്ഛൻ അറിയിക്കുകയും ചെയ്തു.
വൈകാതെ പയ്യനെത്തി. കാഴ്ചയ്ക്ക് ഒരു 'അങ്കിള്‍ ലുക്ക്' ഉള്ളയാള്‍ എന്നാണ് ഹര്‍ഷ വീട്ടിലെത്തിയ ആളെ പരിചയപ്പെടുത്തുന്നത് തന്നെ. പയ്യനെ കണ്ടതോടെ അച്ഛന്‍റെ മട്ട് മാറിയതായും ഹര്‍ഷ പറയുന്നു. എങ്കിലും അച്ഛൻ അദ്ദേഹത്തെ വീട്ടിനകത്ത് വിളിച്ചിരുത്തി. എന്തോ അപാകത തോന്നിയ ഭാവം അദ്ദേഹത്തിന്‍റെ മുഖത്തുമുണ്ടായിരുന്നു എന്ന് ഹര്‍ഷ പറയുന്നു.
ശേഷം അച്ഛൻ ചായ കഴിക്കാമെന്ന് പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന്‍റെ ഭാവം ഒന്നും പിടികിട്ടാത്തത് പോലെ തന്നെയായിരുന്നുവെന്ന് ഹര്‍ഷയുടെ എഴുത്തിലൂടെ വ്യക്തം. ചായ വന്നു, അത് കഴിച്ചു. അച്ഛനും അദ്ദേഹവും ഒരുപോലെ മോശം അവസ്ഥയില്‍ ഇരിക്കുകയാണ്. ഒടുവില്‍ അദ്ദേഹം ചോദിച്ചു.
'താങ്കള്‍ എത്ര ഇൻവെസ്റ്റ് ചെയ്യും?'
ഈ ചോദ്യത്തോടെ അച്ഛൻ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ഹര്‍ഷ പറയുന്നത്. അപ്പോഴാണ് അദ്ദേഹം വിവാഹക്കാര്യം പറയുന്നത്. ഇതോടെയാണ് സംഭവത്തിന്‍റെ നിജസ്ഥിതി വ്യക്തമാകുന്നത്.
ബജാജ് അലിയൻസ് ലൈഫ് ഇൻഷൂറൻസില്‍ നിന്നാണ് ഇദ്ദേഹം വരുന്നത്. ഫോണ്‍ ചെയ്തപ്പോള്‍ അച്ഛന് 'അലയൻസ്' എന്നാണ് മനസിലായത്. ഇതോടെ മകള്‍ക്കൊരു 'അലയൻസു'മായി എത്തുന്നു എന്ന് അച്ഛൻ മനസിലാക്കി. ബാക്കി ഒരുക്കങ്ങളിലേക്കും കടന്നു. എന്തായാലും മാട്രിമോണിയല്‍ സൈറ്റ് അന്വേഷണങ്ങള്‍ക്കൊടുവില്‍ പറ്റിയ അമളിയെ കുറിച്ച് ഹര്‍ഷ പങ്കിട്ട കുറിപ്പുകള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. പലരും തങ്ങള്‍ക്ക് പറ്റിയ ഇത്തരത്തിലുള്ള അബദ്ധങ്ങളെ കുറിച്ചും കമന്‍റിലൂടെ സൂചിപ്പിക്കുന്നുണ്ട്.
Also Read:- ദാമ്പത്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കണം; യുവതി അഭിപ്രായം ചോദിച്ചത് കംപ്യൂട്ടറിനോട്