സാരി ധരിച്ച് ഇന്ത്യന്‍ യുവതി യുകെ മാരത്തണില്‍; വൈറലായി വീഡിയോ
4 മണിക്കൂർ 50 മിനിറ്റെടുത്ത് 42.5 കിലോമീറ്റർ ദൂരമാണ് 41കാരിയായ മധുസ്മിത ജീന ദാസ് മാരത്തണിൽ പങ്കെടുത്തത്. യുകെയിൽ താമസക്കാരിയാണ് മധുസ്മിത ജീന ദാസ്.
പൊതുവേ ഏതൊരു കായികവിനോദത്തിനും സ്‌പോർട്‌സ് വസ്‌ത്രങ്ങൾ നിർബന്ധമാണ്. എന്നാല്‍ സാരി ധരിച്ച് മാരത്തണിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഇവിടെ ഒരു യുവതി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന മാരത്തണിലാണ് ഒഡിഷ സ്വദേശിയായ യുവതി സാരി ധരിച്ചെത്തിയത്. 4 മണിക്കൂർ 50 മിനിറ്റെടുത്ത് 42.5 കിലോമീറ്റർ ദൂരമാണ് 41കാരിയായ മധുസ്മിത ജീന ദാസ് മാരത്തണിൽ പങ്കെടുത്തത്. യുകെയിൽ താമസക്കാരിയാണ് മധുസ്മിത ജീന ദാസ്.
സാരിയിൽ അനായാസമായാണ് യുവതി മാരത്തണിൽ പങ്കെടുക്കുന്നത്. മാഞ്ചസ്റ്ററിലെ ഹൈസ്കൂൾ അധ്യാപികയും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഡിയ കമ്മ്യൂണിറ്റിയിലെ അംഗവുമാണ് മധുസ്മിത ജീന ദാസ്. മാരത്തണില്‍ മധുസ്മിതക്ക് പ്രോത്സാഹനം നൽകുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം. ‘മാഞ്ചസ്റ്ററിൽ താമസമാക്കിയ ഇന്ത്യൻ വനിത മധുസ്മിത സമ്പൽപ്പൂരി സാരി ധരിച്ചാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ പാരമ്പര്യം ഉയർത്തിപിടിച്ചാണ് യുവതി ഇന്ത്യൻ വസ്ത്രം ധരിച്ച് മാരത്തണിൽ പങ്കെടുത്തത്’– എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘Friends of India Soc Intl UK’ യുടെ ഔദ്യോഗിക ട്വിറ്റർ പേജിലും മധുസ്മിത മാരത്തണിൽ പങ്കെടുക്കുന്നതിന്‍റെ വീഡിയോ കാണാം. വീഡിയോ സോഷ്യൽ മീഡിയയിലെത്തിയതോടെ, മധുസ്മിതയുടെ തീരുമാനത്തെ പ്രശംസിച്ചും സാരിയിൽ മാരത്തണിൽ പങ്കെടുക്കുന്നതിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടിയും നിരവധി കമന്‍റുകള്‍ എത്തി.
Also Read: തലമുടി വളരാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...