പലസ്തീനിലെ മനുഷ്യക്കുരുതിയെ ന്യായീകരിച്ചവരോടൊപ്പം എങ്ങനെ ദീപാവലി ആഘോഷിക്കും? അമേരിക്കയുടെ ക്ഷണം തള്ളി രൂപി കൗർ

പ്രണയത്തെയും നഷ്ടത്തെയും വേദനയെയും മുറിവുണക്കലിനെയും സ്ത്രീകളെയും കുടിയേറ്റത്തെയും കുറിച്ചുള്ള രൂപിയുടെ കവിതകള്‍ക്ക് ആരാധകരേറെയുണ്ട്.

Who Is Indian Origin Poet Rupi Kaur who rejected Diwali Invite of White House SSM

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച കനേഡിയന്‍ കവയിത്രി രൂപി കൗർ ഇന്ത്യന്‍ വംശജയാണ്. പലസ്തീനിലെ മനുഷ്യക്കുരുതിയെ ന്യായീകരിച്ചവർക്കൊപ്പം ദീപാവലി ആഘോഷിക്കാനില്ലെന്ന് പറഞ്ഞാണ് രൂപി ക്ഷണം നിരസിച്ചത്. നേരത്തെ തന്‍റെ ആര്‍ത്തവകാല ചിത്രം സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തതിനെ വിമര്‍ശിച്ചും രൂപി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

ആരാണ് രൂപി കൗർ?

പഞ്ചാബില്‍ ജനിച്ച് കാനഡയിലേക്ക് ചെറുപ്പത്തിലേ കുടിയേറിയതാണ് 31 കാരിയായ രൂപി കൗർ. കവയിത്രി മാത്രമല്ല  ചിത്രകാരി കൂടിയാണ് രൂപി. രൂപിയുടെ ആദ്യ പുസ്തകമായ 'മിൽക്ക് ആൻഡ് ഹണി' യുടെ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയി. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ആ പുസ്തകം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ നാല് മില്യണിലധികം ഫോളോവേഴ്സുണ്ട് രൂപിക്ക്.

പ്രണയത്തെയും നഷ്ടത്തെയും വേദനയെയും മുറിവുണക്കലിനെയും സ്ത്രീകളെയും കുടിയേറ്റത്തെയും കുറിച്ചുള്ള രൂപിയുടെ കവിതകള്‍ക്ക് ആരാധകരേറെയുണ്ട്. ആർത്തവ കാലത്ത് രക്തക്കറയോടെ കട്ടിലിൽ ഉറങ്ങുന്ന രൂപിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തതോടെയാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്ത്രീകളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഫോട്ടോകൾ അനുവദിക്കുകയും എന്നാല്‍ തികച്ചും സാധാരണമായ സ്ത്രീ അനുഭവത്തെ നീക്കം ചെയ്യുകയും ചെയ്യുന്നത് ഇന്‍സ്റ്റഗ്രാമിന്‍റെ ഇരട്ടത്താപ്പാണെന്ന് രൂപി വിമര്‍ശിക്കുകയുണ്ടായി. 

അമേരിക്കയുടെ ക്ഷണം എന്തുകൊണ്ട് നിരസിച്ചു?

നവംബര്‍ 8 ന് നടക്കുന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ബൈഡന്‍ ഭരണകൂടം തന്നെ ക്ഷണിച്ചെന്ന് രൂപി കൗർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാധാരണ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിനെ (അവരില്‍ 50 ശതമാനം കുട്ടികളാണ്) പിന്തുണയ്ക്കുന്നവരുടെ ക്ഷണം നിരസിക്കുന്നുവെന്നാണ് രൂപി കുറിച്ചത്. 

'ഓഫീസ്, വീട്... ഇന്ത്യയിലെ സ്ത്രീകൾ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നു, ആരും ചര്‍ച്ച ചെയ്യാറില്ല': രാധിക ഗുപ്ത

അമേരിക്കന്‍ ഭരണകൂടം ഗാസയിലെ ബോംബാക്രമണത്തിന് ധനസഹായം നൽകുക മാത്രമല്ല ചെയ്യുന്നത്, പലസ്തീനികൾക്കെതിരായ വംശഹത്യയെ അവർ ന്യായീകരിക്കുകയാണെന്നും രൂപി വിമര്‍ശിച്ചു. എത്ര അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെയും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, റെഡ് ക്രോസ് തുടങ്ങിയ സംഘടനകളുടെയും മറ്റ് രാജ്യങ്ങളുടെയും വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിക്കളഞ്ഞു.10,000 പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍  70% സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചു. ഇത് യുദ്ധക്കുറ്റമാണെന്നും അന്വേഷിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും രൂപി വിശദീകരിച്ചു.

രൂപിക്ക് പിന്നാലെ മറ്റു ചില സെലിബ്രിറ്റികളും വൈറ്റ് ഹൌസിന്‍റെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് വ്യക്തമാക്കി. നടി റിച്ച മൂർജാനി പറഞ്ഞത് നിങ്ങളോടൊപ്പം വൈറ്റ് ഹൗസിന്‍റെ ദീപാവലി ആഘോഷം ബഹിഷ്‌കരിക്കുന്നു എന്നാണ്. കണ്ടന്‍റ് ക്രിയേറ്റര്‍ പായലും സമാന നിലപാട് സ്വീകരിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by rupi kaur (@rupikaur_)

Latest Videos
Follow Us:
Download App:
  • android
  • ios