പ്രസവശേഷം അമ്മയിൽ കാണുന്ന മാനസിക സമ്മർദ്ദം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ഞാൻ ഒരു നല്ല അമ്മയല്ല എന്നവൾ ചിന്തിച്ചു തുടങ്ങി. കുഞ്ഞിനെ കാണാൻ വരുന്ന ആളുകൾ പറയുന്ന ഓരോ അഭിപ്രായങ്ങളും അവളെ വല്ലാതെ ബാധിക്കാൻ തുടങ്ങി. ഈ ചിന്തകൾ എപ്പോഴും അവളുടെ മനസ്സിലേക്ക് വരികയും അവ നിയന്ത്രിക്കാനാവാതെ നിസ്സാര കാര്യങ്ങൾക്കുപോലും പെട്ടെന്നു ദേഷ്യം വരുന്ന അവസ്ഥയിലേക്ക് അവൾ മാറി.
മാനസികവും ശാരീരികവുമായി വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഒരു സ്ത്രീ അമ്മയാവുന്നത്. പ്രസവശേഷം മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ് Postpartum depression. പ്രസവശേഷമുള്ള മാനസിക സമ്മർദ്ദം പലതരത്തിലാണ് സ്ത്രീകളെ ബാധിക്കുന്നത്. ഇതിനെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതിയ ലേഖനം.
മുൻപ് കുഞ്ഞുങ്ങളെ എടുക്കാനും ലാളിക്കാനും ഒക്കെ അവൾക്ക് വളരെ ഇഷ്ടമായിരുന്നു. അമ്മയാകുക എന്നത് വളരെ പ്രതീക്ഷയോടെ അവൾ കാത്തിരുന്നു എങ്കിലും കുഞ്ഞ് ജനിച്ചതിനുശേഷം അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത മാനസികാവസ്ഥയിലേക്കാണ് അവൾ പോയത്.
കുഞ്ഞിന് പാൽ കൊടുക്കാൻ ഇടയ്ക്ക് ഉണരേണ്ടി വരുമ്പോൾ കുഞ്ഞ് ചിലപ്പോൾ നിർത്താതെ കരയുന്നത് കേൾക്കുമ്പോൾ ഒക്കെ അവളുടെ മനസ്സ് വളരെ അസ്വസ്ഥമായി തുടങ്ങി. കുഞ്ഞ് കരയുന്നത് പാൽ കിട്ടാത്തതുകൊണ്ടാണ് എന്ന അഭിപ്രായം ചിലർ പറഞ്ഞപ്പോൾ അതവളെ മാനസികമായി വലിയ വിഷമത്തിലാക്കി.
ഞാൻ ഒരു നല്ല അമ്മയല്ല എന്നവൾ ചിന്തിച്ചു തുടങ്ങി. കുഞ്ഞിനെ കാണാൻ വരുന്ന ആളുകൾ പറയുന്ന ഓരോ അഭിപ്രായങ്ങളും അവളെ വല്ലാതെ ബാധിക്കാൻ തുടങ്ങി. ഈ ചിന്തകൾ എപ്പോഴും അവളുടെ മനസ്സിലേക്ക് വരികയും അവ നിയന്ത്രിക്കാനാവാതെ നിസ്സാര കാര്യങ്ങൾക്കുപോലും പെട്ടെന്നു ദേഷ്യം വരുന്ന അവസ്ഥയിലേക്ക് അവൾ മാറി.
മുന്നോട്ടുള്ള ദിവസങ്ങൾ കുഞ്ഞിനെ നോക്കാൻ തനിക്കാവില്ല എന്ന ചിന്തയിലേക്ക് അവൾ മാറി. എന്താ ചെയ്യണ്ടത് എന്നറിയാതെ ടെൻഷനും വിഷാദവും എല്ലാം അവളുടെ മനസ്സിൽ നിറഞ്ഞു. മാതാപിതാക്കളോടും ഭർത്താവിനോടും എല്ലാവരോടും എപ്പോഴും ദേഷ്യപ്പെടുക മാത്രമായി.
ഒരു ദിവസം വളരെനാളുകൾക്കു ശേഷം അവൾ അവളുടെ ഒരു കൂട്ടുകാരിയുമായി ഫോണിൽ സംസാരിച്ചു. അവളുടെ വിഷമങ്ങൾ കൂട്ടുകാരിയോടു പറഞ്ഞു. അപ്പോൾ കൂട്ടുകാരി പറഞ്ഞാണ് അവൾക്ക് മനസ്സിലായത് ഈ ദേഷ്യത്തിനും പ്രതീക്ഷ ഇല്ലായ്മയ്ക്കും ഒക്കെ കാരണം പ്രസവശേഷമുള്ള മാനസിക സമ്മർദ്ദം ആണ് എന്ന്.
ചില സ്ത്രീകളിൽ ഇത് മനസ്സ് വളരെ സങ്കടപ്പെട്ട് ഇനി ജീവിക്കണ്ടേ എന്നുപോലും തോന്നുന്ന നിലയിൽ പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് പോകാം. എന്നാൽ ചില സ്ത്രീകളിൽ കൂടുതൽ തീവ്രമായ പോസ്റ്റുപാർട്ടം സൈക്കോസിസിലേക്കും പോകാം. നമ്മൾ വാർത്തകളിൽ കേട്ടിട്ടുണ്ടാവും അമ്മയ്ക്ക് മാനസിക നില കൈവിട്ടുപോകുന്ന നിലയിൽ കുഞ്ഞിനെ ജീവനെടുത്ത സംഭവങ്ങൾ വരെ.
ഇങ്ങനെ ഏത് അപകടകരമായ നിലയിലേക്കും പ്രസവശേഷമുള്ള മാനസിക സമ്മർദ്ദം പോകാം എന്നതിനാൽ നമ്മൾ വളരെ ഗൗരവമായി ഇതിനെ കാണണം. ഇതൊക്കെ എല്ലാ സ്ത്രീകൾക്കും ഉള്ള പ്രശ്നങ്ങൾ അല്ലെ, ഇതു തനിയെ മാറും, എല്ലാം നിന്റെ തോന്നലാണ് എന്ന നിലയിൽ വളരെ നിസ്സാരമായി ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരോട് സംസാരിക്കാൻ പാടില്ല. കാരണം ആരും എന്നെ മനസ്സിലാക്കുന്നില്ല എന്ന തോന്നൽ ഉണ്ടായാൽ അതവരുടെ മാനസികാവസ്ഥയെ കൂടുതൽ തകർക്കാൻ ഇടയാകും.
മനസ്സിനെ ബാധിക്കുന്ന ടെൻഷനെയും വിഷാദത്തെയും കുറയ്ക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) എന്ന മനഃശാസ്ത്ര ചികിത്സ പ്രശ്ന പരിഹാരത്തിന് സഹായിക്കും. എന്റെ പ്രിയപ്പെട്ടവർ എന്നെ മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു എന്ന തോന്നൽ ആ വ്യക്തിയിൽ ഉണ്ടാക്കാൻ കൂടെയുള്ളവർ ശ്രമിക്കണം.
മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാഹചര്യങ്ങൾ പലപ്പോഴും കാരണമാകുന്നു എന്നതിനെ ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ മാറ്റങ്ങൾ സാഹചര്യങ്ങളിലും ഉണ്ടാക്കണം. കുഞ്ഞിനെ എങ്ങനെ വളർത്തണം എന്ന കാര്യത്തിൽ ഉചിതമായ തീരുമാനം മാതാപിതാക്കൾ ചേർന്നെടുക്കേണ്ടതും ഒരുപാട് അഭിപ്രായങ്ങൾ കേട്ട് ആശയക്കുഴപ്പം തോന്നുന്ന അവസ്ഥ മാറ്റാൻ അനിവാര്യമാണ്.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
Read more എന്താണ് ബോർഡർ ലൈൻ പേഴ്‌സണാലിറ്റി ഡിസോഡർ? കൂടുതലറിയാം