ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗർഭധാരണത്തിന് മുമ്പ് ഫോളിഡ് ആസിഡ് അയേൺ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ടതും പ്രധാനമാണ്. കാരണം, ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ പോഷകങ്ങളുടെ കുറവുണ്ടായാൽ അത് കുഞ്ഞിന്റെ ബുദ്ധിയും വളർച്ചയും മുരടിക്കുന്നതിന് കാരണമാകും.
ഗർഭിണിയാകാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? ആരോഗ്യകരമായി ഗർഭം ധരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭിണി ആവുന്നത് മുതൽ ഒട്ടേറെ മാറ്റങ്ങൾ സ്ത്രീകൾ അവരുടെ ജീവിത ശൈലിയിൽ വരുത്താറുണ്ട്. ഗർഭകാലത്തെ ആദ്യ മൂന്ന് മാസം കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. 85% ഗർഭ അലസലും ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസം കൂടുതൽ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്.
ആർത്തവം ക്യത്യമാണോ എന്നതാണ് ആദ്യം അറിയേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആരോഗ്യകരമായ ഗർഭധാരണത്തിനുള്ള സാധ്യതയും കൂടും. ക്യത്യമായാണോ ആർത്തവം ആകുന്നതെന്നും അത് പോലെ ഓവുലേൽഷൻ സമയവും അറിഞ്ഞാകണം കുഞ്ഞിനായി ശ്രമിക്കേണ്ടത്.
മറ്റൊന്ന്, ഗർഭധാരണത്തിന് മുമ്പായി ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നം എന്നിവ ഉണ്ടോയെന്ന് കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്. വാക്സിനേഷനുകൾ എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വേണ്ടത് ചെയ്യുക.
ഗർഭധാരണത്തിന് മുമ്പ് ഫോളിഡ് ആസിഡ് അയേൺ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ടതും പ്രധാനമാണ്. കാരണം, ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ പോഷകങ്ങളുടെ കുറവുണ്ടായാൽ അത് കുഞ്ഞിന്റെ ബുദ്ധിയും വളർച്ചയും മുരടിക്കുന്നതിന് കാരണമാകും.
മറ്റൊന്ന് ഗർഭിണിയാകാൻ ശ്രമിക്കുന്നവർ പുകവലി, മദ്യപാനം തുടങ്ങിയ ശീലമുണ്ടെങ്കിൽ ഒഴിവാക്കുക. കാരണം, പുകവലി ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. കുഞ്ഞിന് ഭാരം കുറയുക, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കും ഇത് കാരണമാകുന്നു.
ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾ വ്യായാമം അനിവാര്യമാണ്. ഗർഭത്തിന്റെ ആരംഭം മുതൽ തന്നെ ശരീരം ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമാകും. ആരോഗ്യത്തോടെയുള്ള ഗർഭം ധരിക്കാൻ വ്യായാമം സഹായിക്കുന്നു. ഗർഭം ധരിക്കുന്നതിനു മുമ്പ് തന്നെ വ്യായാമം ശീലമാക്കുക. നിത്യേനയുള്ള വ്യായാമം ശാരീരികമായും മാനസികമായും കരുത്തുറ്റവരാക്കും. കൂടാതെ കുഞ്ഞിന്റെ മാനസിക ആരോഗ്യത്തിനും സഹായകമാണ്.
പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. ഓറഞ്ച്, പയറു വർഗ്ഗങ്ങൾ, ബ്രോക്കോളി തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. കാരണം ഇവയിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുക. മറ്റൊന്ന് പിസിഒസ്, ഗർഭാശയ മുഴകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ അവയ്ക്കുള്ള ചികിത്സ തേടേണ്ടതാണ്.