പ്രസവശേഷം ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
സമീകൃതാഹാരവും സ്ഥിരമായ വ്യായാമമുറകളും ഭക്ഷണനിയന്ത്രണവും ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്ന കാലയളവില്‍ പഞ്ചസാര, മധുരപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങൾ, ചിപ്‌സ് പോലെയുള്ള അമിത കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
പ്രസവശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉള്ളത് കൊണ്ട് തന്നെ ജിമ്മിൽ പോകാനോ വ്യായാമം ചെയ്യാനോ പലർക്കും സമയം ലഭിക്കാറില്ല. ആരോഗ്യകരമായ ഒരു ഗർഭകാലത്തിൽ 10 - 12 കിലോ വരെ ശരീരഭാരം വർദ്ധിക്കുന്നത് സാധാരണയാണ്. എന്നാൽ മുലയൂട്ടൽ കാലയളവിന് ശേഷവും തുടരുന്ന അമിതവണ്ണം ഭാവിയിൽ പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് കാരണമാകും.
പാരമ്പര്യം, പ്രസവ രക്ഷാ മരുന്നുകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഭാരം കൂടുന്നതിന് കാരണമാകുന്നു. സിസേറിയനായാലും സുഖപ്രസവമായാലും ആദ്യത്തെ മൂന്ന് മാസം അമ്മയുടെ ആരോഗ്യം പൂർവസ്ഥിതിയിലാകാനുള്ള സമയമാണ്. അതിനാൽ ഈ സമയത്ത് മതിയായ വിശ്രമവും സമീകൃതാഹാരവും ആവശ്യമാണ്. ഈ സമയത്ത് ഡയറ്റ് നോക്കുന്നത് മുലപ്പാൽ ഉൽപാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കാം.
മുലയൂട്ടുന്ന അമ്മമാർക്ക് സാധാരണ സ്ത്രീകളേക്കാൾ അധിക ഊർജം, പ്രോട്ടീൻ, അയൺ എന്നിവ ആവശ്യമാണ്. ഈ സമയത്തെ ഭക്ഷണനിയന്ത്രണം ഭാവിയിലെ വിളർച്ച, ക്ഷീണം, എല്ലിന് തേയ്മാനം എന്നിവയിലേക്ക് നയിച്ചേക്കാം.
ഡയറ്റ് നോക്കി പ്രാതലും അത്താഴവുമെല്ലാം ഒഴിവാക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഒരു ദിവസം 2 - 3 ലിറ്റർ വരെ വെള്ളം, മുലയൂട്ടുന്ന അമ്മമാർ കുടിക്കേണ്ടതാണ്. ഇത് നിർജ്ജലീകരണം, തളർച്ച, മുലപ്പാലിന്റെ അളവ് കുറയുക എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
സമീകൃതാഹാരവും സ്ഥിരമായ വ്യായാമമുറകളും ഭക്ഷണനിയന്ത്രണവും ശീലമാക്കിയാൽ ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്ന കാലയളവിൽ പഞ്ചസാര, മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, ചിപ്‌സ് പോലെയുള്ള അമിത കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.