'അമ്മായി അമ്മ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ മരുമകള്‍ക്കും അവസരമുണ്ടേ...'; പഠനം പറയുന്നത്...
വിവാഹത്തിലേക്ക് കടക്കാൻ പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നൊരു വിവരം തന്നെയാണിത്. വിവാഹശേഷം ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമോയെന്നത് ഇന്ന് അഭ്യസ്തവിദ്യരായ ധാരാളം യുവതികളുടെ ആശങ്കയാണ്.
ഇന്ത്യയില്‍ സ്ത്രീകളുടെ മുന്നേറ്റവുമായി ബന്ധപ്പെട്ട് നാം ഏറെ കേട്ടിട്ടുള്ളൊരു പരാതിയാണ് വിവാഹശേഷം സ്ത്രീകളെ ജോലിക്ക് പോകാൻ അനുവദിക്കാത്ത വ്യവസ്ഥിതി. എല്ലാ വീടുകളിലെയും അവസ്ഥ ഇതല്ല എന്നത് നിശ്ചയം. എങ്കിലും ധാരാളം വീടുകളില്‍ ഇന്നും, പ്രത്യേകിച്ച് വിദ്യാഭ്യാസവും നിലവാരമുള്ള കരിയറുമുള്ള പങ്കാളികളുണ്ടായിട്ട് പോലും ജോലിക്ക് പോകാൻ അനുവാദമില്ലാതെ സ്ത്രീകള്‍ വലയുന്ന സാഹചര്യമുണ്ട്.
ജോലിക്ക് പോകാൻ മുതിര്‍ന്ന ഒരു സ്ത്രീക്ക് എന്തിനാണ് അനുവാദമെന്ന ചോദ്യം ന്യായമായും സ്ത്രീപക്ഷവാദികള്‍ ഉയര്‍ത്തുന്നതാണ്. നിയമപരമായി മുതിര്‍ന്ന ഒരു വ്യക്തിക്ക് അവരുടെ കാര്യങ്ങള്‍ സ്വയം തീരുമാനിക്കാവുന്നതുമാണ്. എന്നാല്‍ സാമൂഹ്യ ചുറ്റുപാടുകള്‍ അതിന് ഇട കൊടുക്കുന്നില്ലാത്തതിനാലാണ് വിവാഹശേഷവും ജോലിക്ക് പോകാൻ സ്ത്രീക്ക് അനുവാദം തേടേണ്ടിവരുന്നത്. സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന തലത്തിലേക്ക് സ്ത്രീ മാറുമ്പോള്‍ പലപ്പോഴും കുടുംബവും ബന്ധങ്ങളും - സമൂഹം തന്നെയും അവളെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
എങ്കിലും ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഈ വിഷയങ്ങളുമെല്ലാമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ശ്രദ്ധ നേടുകയാണ്.
അമ്മായി അമ്മമാര്‍ ജോലിക്ക് പോകുന്നത് മരുമകളായി വരുന്ന പെണ്‍കുട്ടി/ സ്ത്രീക്കും ജോലിയവസരമുണ്ടാക്കുന്നു- അല്ലെങ്കില്‍ ആ രീതിയില്‍ സമൂഹം മാറുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2023' റിപ്പോര്‍ട്ടിലാണ് പഠനത്തിന്‍റെ വിശദാംശങ്ങളുള്ളത്. അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള വിദഗ്ധര്‍ തന്നെയാണ് പഠനം നടത്തിയിരിക്കുന്നത്.
അതായത്, രാജ്യത്ത് - പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ അമ്മായി അമ്മമാര്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ 70 ശതമാനം മരുക്കളായി വരുന്ന സ്ത്രീകളും ജോലി ചെയ്യുന്നവരാണ് എന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഗ്രാമങ്ങളിലേക്ക് എത്തുമ്പോള്‍ അത് 50 ശതമാനവും ആകുന്നു.
വിവാഹത്തിലേക്ക് കടക്കാൻ പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നൊരു വിവരം തന്നെയാണിത്. വിവാഹശേഷം ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമോയെന്നത് ഇന്ന് അഭ്യസ്തവിദ്യരായ ധാരാളം യുവതികളുടെ ആശങ്കയാണ്.
അതേസമയം സ്ത്രീകള്‍ കൂടുതലായി തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടുന്നുണ്ടെങ്കിലും അത് രൂക്ഷമായ പ്രതിസന്ധികളുടെ ഭാഗമായിട്ടാണെന്നാണ് പഠനം അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ഇതുവഴി വലിയൊരു വികസനം- സാമ്പത്തികനേട്ടം നേടാൻ കുടുംബങ്ങള്‍ക്കോ നമ്മുടെ സമൂഹത്തിനോ ഇതുവരെ ആയിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2019ലെ അതേ അവസ്ഥയിലാണ് ഇക്കാര്യത്തില്‍ നമ്മളെന്നും പഠനം വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് കൊവിഡ് കാലത്തിന് ഇപ്പുറവും അപ്പുറവും എന്നിങ്ങനെ ഈ വിഷയത്തില്‍ രാജ്യത്തെ ഭാഗിക്കാമെന്ന നിലയിലാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. കൊവിഡ് കാലത്തിന് ശേഷം വലിയ മാറ്റമാണ് സ്ത്രീകള്‍ ജോലിക്ക് പോകുന്ന കാര്യത്തില്‍ വന്നത് എന്ന്. കൊവിഡ് കാലത്തുണ്ടായ തൊഴില്‍ നഷ്ടം, സാമ്പത്തിക ഞെരുക്കം, മറ്റ് പ്രതിസന്ധികള്‍ എന്നിവയാണ് സമൂഹത്തെ തന്നെ ഇങ്ങനെയൊരു മാറ്റത്തിലേക്ക് നയിച്ചിരിക്കുന്നത്.
Also Read:- 'ചുമയുടെ ശബ്ദവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ തീവ്രത അറിയാം'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-