ബംഗളൂരുവില്‍ സ്‍ത്രീകള്‍ ഭയക്കേണ്ട ഇടങ്ങള്‍; മാപ്പ് തയ്യാറാക്കി വിദ്യാര്‍ത്ഥിനി

ബംഗളൂരു നഗരത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ ഒരൊറ്റ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയും ബംഗളൂരുവിൽ വിദ്യാർത്ഥിനിയുമായ 21 കാരിയായ നൂപുർ പാട്ണി.

Student created a map of Bangalore where crime against woman may happen more

പൊതുവിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഒരു മാപ്പ് തയ്യാറാക്കിയാൽ എങ്ങനെയിരിക്കും?  ബംഗളൂരു നഗരത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ ഒരൊറ്റ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയും ബംഗളൂരുവിൽ വിദ്യാർത്ഥിനിയുമായ 21 കാരിയായ നൂപുർ പാട്ണി. ബംഗളൂരുവില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ത്രീകൾക്ക് കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നതെന്നതിന്‍റെ മാപ്പാണ് നൂപുർ തയ്യാറാക്കിയത്.  

നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ശേഷമാണ് മാപ്പ് തയ്യാറാക്കിയത്. വിദ്യാർത്ഥിനികളുൾപ്പെടെ നൂറുലധികം സ്ത്രീകളുമായി സംസാരിച്ചതിന് ശേഷം തയ്യാറാക്കിയ മാപ്പിന് ‘ഇറ്റ്സ് നോട്ട് മൈ ഫാൾട്ട്’എന്ന പേരാണ് നൂപുർ നൽകിയിരിക്കുന്നത്.

“മിക്കവരും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ ദിവസവും നേരിടുന്നുണ്ടെന്നതാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. സ്വന്തം താത്പര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. സ്ത്രീകൾ ഒരു പാനിക് ബട്ടണുമായാണ് പൊതുസമൂഹത്തിൽ സഞ്ചരിക്കുന്നത്. അശ്ലീല വാക്കുകൾ പറയുക, സ്പർശിക്കുക, അനുവാദമില്ലാതെ മൊബൈലിൽ ഫോട്ടോ എടുക്കുക, വഴി തടയുക തുടങ്ങിയ അതിക്രമങ്ങൾ എപ്പോൾ വേണമെങ്കിലും അവൾക്ക് നേരെ ഉണ്ടായേക്കാം. ഈയൊരു സമീപനം എല്ലായിടത്തും  നിലനിൽക്കുന്നുണ്ട്. അത് സ്ത്രീകളുടെ ഭാഗത്തുള്ള പിഴവല്ല. സമൂഹത്തിന്റേതാണ്. അതിനാലാണ് ഇറ്റ്സ് നോട്ട് മൈ ഫാൾട്ട് എന്ന്  പേരു നൽകിയത് ’’- നൂപുർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകത ഇന്നിന്റെ അനിവാര്യതയാണെന്നും നൂപുർ പറയുന്നു.

Student created a map of Bangalore where crime against woman may happen more

 

നഗരത്തിൽ സംഘടിപ്പിച്ച ‘വീ ദ വുമൺ’ എന്ന കോൺഫറൻസിലാണ് നൂപുർ മാപ്പ്  പ്രദർശിപ്പിച്ചത്. പഠനത്തിനോടനുബന്ധിച്ചുള്ള പ്രൊജക്ടിന്റെ ഭാഗമായാണ് നൂപുർ വിവരങ്ങൾ ശേഖരിച്ചതെങ്കിലും ഇവ ബംഗളൂരു അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളിലെ അതിക്രമങ്ങളുടെ തോത് അനുസരിച്ച് പോലീസിന് സുരക്ഷ ഏർപ്പെടുത്താൻ കഴിയുമെന്നും നൂപുർ പറഞ്ഞു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അതുവഴി ആളുകൾക്ക് ഓൺലൈൻ ആയി അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനാവും എന്നും നൂപുർ കൂട്ടിച്ചേർത്തു.

ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹ്യുമൺ സെന്റേർഡ് ഡിസൈനുകീഴിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നാലാം വർഷ വിദ്യാർത്ഥിനിയാണ് നൂപുർ.

Latest Videos
Follow Us:
Download App:
  • android
  • ios