അഹാനയുടെ ഷൂട്ടിംഗ് സെറ്റ് മുതല്‍ ഹന്‍സികയുടെ ഡാന്‍സ് ക്ലാസ്സ് വരെ; സിന്ധു കൃഷ്‍ണകുമാര്‍ പറയുന്നു...
മാതൃദിനത്തോടനുബന്ധിച്ച് മക്കള്‍ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സു തുറക്കുകയാണ് സിന്ധു കൃഷ്ണകുമാര്‍.
ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു, മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവര്‍ക്ക് ഇൻസ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുമുണ്ട്. നാല് പെണ്‍മക്കളോടൊപ്പം ലോക്ക്ഡൗണ്‍ കാലം സന്തോഷകരമാക്കുന്ന സിന്ധു കൃഷ്ണകുമാര്‍ ഈ മാതൃദിനത്തില്‍ മക്കള്‍ക്കായി ബിരിയാണി ഉണ്ടാക്കുന്നതിന്‍റെ തിരക്കിലാണ്.
മക്കള്‍ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മാതൃദിനത്തില്‍ സിന്ധു കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സ് തുറക്കുന്നു....
ചെറുപ്പത്തിലെ വിഷമം...
എന്‍റെ അമ്മയ്ക്ക് 19 വയസുള്ളപ്പോഴാണ് ഞാന്‍ ജനിച്ചത്. വളരെ 'കളര്‍ഫുളായ' കുട്ടിക്കാലമായിരുന്നു എന്‍റേത്. നാല് വയസ്സുവരെ എനിക്ക് നടക്കേണ്ടി വന്നിട്ടില്ല എന്നുവേണമെങ്കില്‍ പറയാം. എന്നെ എടുക്കാനും നഴ്സറിയില്‍ കൊണ്ടുപോകാനും വരെ വീട്ടില്‍ ആളുകളുണ്ടായിരുന്നു. വളരെ അധികം സ്നേഹിച്ചും ലാളിച്ചുമാണ് എന്നെ വളര്‍ത്തിയത്. എനിക്ക് അഞ്ച് വയസ്സ് കഴിഞ്ഞപ്പോള്‍ അനിയത്തി ജനിച്ചു. ഏഴ് വയസ്സു മുതല്‍ ഞാന്‍ പഠിച്ചത് ഊട്ടിയിലെ സ്കൂളിലായിരുന്നു. അന്ന് അച്ഛനും അമ്മയും മസ്കറ്റിലായിരുന്നു.
അവധിക്കാലത്ത് മാത്രമാണ് ഞാന്‍ അച്ഛനെയും അമ്മയെയും കാണുന്നത്. അന്നൊക്കെ എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു വിഷമം സ്കൂളിലെ പരിപാടികള്‍ക്ക് മറ്റ് കുട്ടികളുടെ പോലെ എന്‍റെ മാതാപിതാക്കള്‍ക്ക് വരാന്‍ കഴിയുന്നില്ലല്ലോ എന്നതായിരുന്നു. ഞാന്‍ നന്നായി ഡാന്‍സ് കളിക്കുമായിരുന്നു. എന്നാല്‍ എന്‍റെ ഡാന്‍സൊന്നും അമ്മയും അച്ഛനും ഇന്നുവരെ കണ്ടിട്ടില്ല. അവര്‍ക്ക് അത്രയും ദൂരത്ത് നിന്ന് വരാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അത് അന്ന് എനിക്കൊരു വിഷമമായിരുന്നു.
അഹാനയുടെ ഷൂട്ടിംഗ് സെറ്റ് മുതല്‍ ഹന്‍സികയുടെ ഡാന്‍സ് ക്ലാസ്സ് വരെ...
എന്‍റെ അനിയത്തി തന്നെയാണ് എന്‍റെ ആദ്യത്തെ മകള്‍. അവളുടെ സ്കൂളിലെ പരിപാടികള്‍ കാണാന്‍ ഞാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. കാരണം എനിക്ക് മിസ് ആയതൊന്നും അവള്‍ക്ക് മിസാകരുത് എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതുപോലെയാണ് എന്‍റെ മക്കളുടെ എല്ലാ കാര്യത്തിനും ഞാന്‍ ഒപ്പം കാണും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അമ്മു (അഹാന) ജനിക്കുന്നത്. അന്ന് മുതല്‍ എന്‍റെ ജീവിതം ഞാന്‍ മാറ്റിവച്ചത് മക്കള്‍ക്ക് വേണ്ടിയാണ്. വര്‍ഷങ്ങളായി ഞാന്‍ എന്‍റെ കാര്യങ്ങളില്‍ ഒരു ശ്രദ്ധയും കൊടുത്തിട്ടില്ല. എനിക്ക് ഒരു കരിയര്‍ ഉണ്ടാക്കണം എന്നൊന്നും തോന്നിയിട്ടുമില്ല. എന്‍റെ മനസ്സില്‍ എപ്പോഴും മക്കള്‍ക്ക് മാത്രമേ സ്ഥാനമുണ്ടായിരുന്നോള്ളൂ. അഹാനയുടെ സിനിമാ ഷൂട്ടിംഗ് സെറ്റില്‍ മുതല്‍ ഇളയമകള്‍ ഹന്‍സികയുടെ ഡാന്‍സ് ക്ലാസ്സില്‍ വരെ ഞാന്‍ ഉണ്ടാകും. എങ്ങനെ എല്ലായിടത്തും ഓടിയെത്താന്‍ കഴിയുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ഒരു ആണ്‍കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍....
വര്‍ഷങ്ങളായി ഞാന്‍ മക്കളുടെ സെക്യൂരിറ്റി ജോലിയാണ് എടുക്കുന്നത് എന്നും പറയാം. നാലും പെണ്‍മക്കള്‍ ആയതുകൊണ്ട് കുറച്ചുകൂടുതല്‍ കരുതല്‍ എനിക്കുണ്ട്. ഒരു ആണ്‍കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്‍റെ പണി കുറച്ച് കുറഞ്ഞേനെ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.
ഞങ്ങള്‍ സുഹൃത്തുക്കളാണ്...
മക്കളോട് അടികൂടാറുണ്ടെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്. എന്നോട് അവര്‍ക്ക് എന്തും തുറന്നുപറയാം. എന്തുപൊട്ടത്തരത്തിനും ഞാന്‍ കൂടെ നില്‍ക്കും. ഇളയ മകളായ ഹന്‍സികയോട് സംസാരിക്കുമ്പോള്‍ അവളുടെ പ്രായമാണ് എനിക്ക്. അഹാനയോട് സംസാരിക്കുമ്പോള്‍ അവളുടെ പ്രായവും. വളരെ സന്തോഷവതിയായ അമ്മയാണ് ഞാന്‍.
അമ്മ എന്നതില്‍ അഭിമാനം...
മക്കളുടെ ചെറുപ്പത്തിലുള്ള ചിത്രങ്ങളും വസ്ത്രങ്ങളും വരെ നിധി പോലെ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്‍റെ ലോകം അവരാണ്. അവരുടെ അമ്മ എന്നതില്‍ അഭിമാനമാണ്. എല്ലാ മക്കളുടെയും ചെറിയ മികവില്‍ പോലും ഞാന്‍ അഭിമാനിക്കുന്നു.
സമ്മാനങ്ങള്‍...
മക്കള്‍ എപ്പോഴും സര്‍പ്രൈസുകള്‍ നല്‍കാറുണ്ട്. മക്കളില്‍ നിന്ന് ഏറ്റവും ഒടുവില്‍ കിട്ടിയ സമ്മാനം ഐഫോണ്‍ ആണ്.
ലോക്ക്ഡൗണിലെ ജീവിതം...
ലോക്ക്ഡൗണിലാണ് കൂടുതലായും പാചകം പരീക്ഷിക്കാന്‍ തുടങ്ങിയത്. രണ്ടാമത്തെ മകള്‍ ദിയയും ഒപ്പം കൂടും. ദിയയുടെ മീന്‍കറിയാണ് ഇപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടം.
ലോക്ക്ഡൗണിലെ ബോറടി മാറ്റാന്‍ അച്ഛനും മക്കളും ഇപ്പോള്‍ ടിക് ടോക്ക് ചെയ്യുകയാണ്. ഞാന്‍ അതൊക്കെ കണ്ട് ഇങ്ങനെ ആസ്വാദിക്കുന്നു.
Also Read: ലോക്ക്ഡൗൺ കാലത്ത് പുതിയൊരു ചലഞ്ചുമായി നടന്‍ കൃഷ്ണ കുമാറിന്‍റെ മക്കള്‍- വീഡിയോ...