കുട്ടികളിലെ 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' ലക്ഷണങ്ങള്‍...
മറ്റ് ഏത് പ്രായക്കാരിലെയും പോലെയല്ല കുട്ടികളിലെ സ്മാര്‍ട് ഫോണ്‍ അമിതോപയോഗം. അത് കൂടുതല്‍ സങ്കീര്‍ണതകള്‍ തീര്‍ക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കോ വീട്ടിലുള്ള മുതിര്‍ന്നവര്‍ക്കോ ഉത്തരവാദിത്തബോധം ഉണ്ടായേ തീരൂ.
ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരും തന്നെ ഗാഡ്ഗെറ്റുകളുടെ ഉപയോഗത്തില്‍ നിന്ന് മുക്തരല്ല. പ്രത്യേകിച്ച് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള മനുഷ്യര്‍ ഇന്ന് ദിവസത്തിലെ നല്ലൊരു പങ്കും സ്മാര്‍ട് ഫോണ്‍ നോക്കിയാണ് ചിലവിടുന്നത്. ഇത് പലവിധത്തിലുള്ള ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളിലേക്കാണ് നമ്മെ നയിക്കുക.
മറ്റ് ഏത് പ്രായക്കാരിലെയും പോലെയല്ല കുട്ടികളിലെ സ്മാര്‍ട് ഫോണ്‍ അമിതോപയോഗം. അത് കൂടുതല്‍ സങ്കീര്‍ണതകള്‍ തീര്‍ക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കോ വീട്ടിലുള്ള മുതിര്‍ന്നവര്‍ക്കോ ഉത്തരവാദിത്തബോധം ഉണ്ടായേ തീരൂ.
കുട്ടികളുടെ മാനസികവികാസം, വീട്ടുകാരുമായും മാതാപിതാക്കളുമായുള്ള ബന്ധം, പഠനം, പെരുമാറ്റം എന്നിങ്ങനെ എല്ലാ കാര്യങ്ങളെയും 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' ബാധിക്കാം. അതിനാല്‍ തന്നെ മാതാപിതാക്കള്‍ ഇത് തിരിച്ചറിഞ്ഞ് ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടതുണ്ട്. അതിന് ആദ്യം കുട്ടികളിലെ 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' മനസിലാക്കാൻ സാധിക്കണം.
'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' ലക്ഷണങ്ങള്‍...
കുട്ടികളില്‍ പതിവായി ഉറക്കപ്രശ്നങ്ങള്‍- അതായത് നേരത്തെ ഉറങ്ങാൻ കൂട്ടാക്കാത്ത സ്വഭാവം, ഉറങ്ങിയാലും ശരിയാംവിധം ഉറങ്ങാതെ ഇടയ്ക്കിടെ അസ്വസ്ഥതയിലാവുകയോ ഉണരുകയോ ചെയ്യുന്നുണ്ടോ, കുറവ് സമയമാണോ ഉറങ്ങുന്നത് എന്നിവയെല്ലാം നോക്കുക. ഇവയെല്ലാം 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' സൂചിപ്പിക്കുന്ന പ്രശ്നങ്ങളാണ്.
ഫോണ്‍ കാണാതായാല്‍, അല്ലെങ്കില്‍ ഫോണ്‍ അല്‍പസമയം കിട്ടിയില്ലെങ്കില്‍ കുട്ടി ദേഷ്യപ്പെടുകയോ അസ്വസ്ഥതപ്പെടുകയോ വാശി കാണിക്കുകയോ ചെയ്യുന്നത്, ഫോണില്ലാത്ത സമയത്തെല്ലാം ഇത്തരത്തില്‍ മുൻകോപം കാണിക്കുന്നത് എല്ലാം 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' ലക്ഷണങ്ങളായി കണക്കാക്കാം.
വീട്ടിലെ മറ്റുള്ളവരില്‍ നിന്നെല്ലാം അകലം പാലിച്ച് ഫോണില്‍ തന്നെ സമയം ചിലവിടാനാണ് കുട്ടി താല്‍പര്യം കാണിക്കുന്നതെങ്കിലും അത് 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' സൂചനയാകാം. ഏറ്റവും പ്രിയപ്പെട്ടവരോട് പോലും ഈ അകലമുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
ഇത്തരം ലക്ഷണങ്ങളിലൂടെ കുട്ടികളിലെ 'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' മാതാപിതാക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ മനസിലാക്കാവുന്നതാണ്. ഇതിന് ശേഷം വീട്ടില്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയം നിജപ്പെടുത്തുക, മാതാപിതാക്കളും മറ്റുള്ളവരും ഒന്നിച്ച് സമയം ചിലവിടുന്നത് കൂട്ടുക, വിനോദത്തിന് മറ്റുള്ള കാര്യങ്ങള്‍ (കായികവിനോദങ്ങളോ, കലാപരമായ പ്രവര്‍ത്തനങ്ങളോ, ക്രാഫ്റ്റ് വര്‍ക്കുകളോ ഗാര്‍ഡനിംഗോ എല്ലാം ) ചെയ്യുന്നതിലേക്ക് തിരിയുക, രാത്രി ഉറങ്ങാൻ പോകുമ്പോള്‍ നിര്‍ബന്ധമായും ഫോണുപയോഗം നിയന്ത്രിക്കുക, കുട്ടികള്‍ക്ക് അവരുടെ ശ്രദ്ധ തിരിക്കാനോ അവരെ സന്തോഷിപ്പിക്കാനോ ഫോണ്‍ നല്‍കാതിരിക്കുക ഭക്ഷണം കഴിക്കുമ്പോഴത്തെ ഫോണുപയോഗം ഒഴിവാക്കുക എന്നിങ്ങനെ പല പരിഹാരങ്ങളും തേടാവുന്നതാണ്.
Also Read:- കുഞ്ഞുങ്ങളോട് ഇടപഴകുമ്പോള്‍ അനാവശ്യമായ ദേഷ്യം വേണ്ട...