'തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം ആവശ്യമില്ല'; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശബരീനാഥൻ
ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മകനൊപ്പം എത്തിയ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നത്.
പത്തനംതിട്ടയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മകനൊപ്പം എത്തിയ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നത്. എഴുത്തുകാരന്‍ ബെന്യാമിന്‍, സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്‍ തുടങ്ങി നിരവധി പേര്‍ കളക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കളക്ടറുടെ ഭര്‍ത്താവും മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ. എസ്. ശബരീനാഥന്‍. തന്‍റെ ഫേസ് ബുക്കിലൂടെ ശബരീനാഥന്‍ കുറിപ്പ് പങ്കുവച്ചത്.
പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തത് മുതല്‍ ദിവ്യ എസ്. അയ്യര്‍ക്ക് 24 മണിക്കൂറും ഡ്യൂട്ടിയുണ്ടെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പറഞ്ഞാണ് ശബരീനാഥന്‍ പോസ്റ്റ് ആരംഭിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ രാത്രി എട്ട് മണി വരെ നീളും. ശേഷം വീട്ടിലെത്തുന്ന ദിവ്യ അര്‍ധരാത്രി വരെ മകന്‍ മല്‍ഹാറിന്റെയൊപ്പമാണ് സമയം ചെലവഴിക്കുന്നത്. എട്ട് മണി കഴിഞ്ഞ് അമ്മയെ കണ്ടില്ലെങ്കില്‍ മകന്‍ കരയാന്‍ തുടങ്ങും, അമ്മയെ കണ്ടാല്‍ പിന്നെ അവന് വേറെയാരെയും വേണ്ട, അമ്മയെ മാത്രം മതിയെന്നും ശബരീനാഥൻ പോസ്റ്റില്‍ കുറിച്ചു.
ഞായറാഴ്ചകള്‍ പൂര്‍ണമായും മകന് വേണ്ടി നീക്കി വച്ചിരിക്കുകയാണ് ദിവ്യ. ഈ ദിവസം ഔദ്യോഗിക കൃത്യനിര്‍വഹണമല്ലാത്ത മറ്റ് സ്വകാര്യ മീറ്റിങ്ങുകളും യാത്രകളും പരമാവധി ഒഴിവാക്കാന്‍ ദിവ്യ ശ്രമിക്കാറുണ്ട്. എങ്കിലും ചിലരുടെ സ്‌നേഹത്തോടെയുള്ള ക്ഷണവും നിര്‍ബന്ധവും കാരണവും ചില പരിപാടികളില്‍ പോകേണ്ടി വരും. എന്നാല്‍, അങ്ങനെയുള്ള പരിപാടികളില്‍ മകനെയും ഒപ്പം കൂട്ടുമെന്ന് കളക്ടര്‍ മൂന്‍കൂട്ടി പറയാറുണ്ട്. സംഘാടകര്‍ അതിന് എതിരൊന്നും പറയാറില്ലെന്ന് മാത്രമല്ല, അവര്‍ക്ക് അതില്‍ സന്തോഷമേയുള്ളൂ എന്നും ശബരീനാഥന്‍ പറയുന്നു. അത്തരമൊരു സന്ദര്‍ഭത്തിലെടുത്ത വീഡിയോ ആണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സാമൂഹിക മാധ്യമത്തില്‍ വളരെ സ്നേഹപൂര്‍വ്വം പങ്കുവച്ചതെന്നും ശബരീനാഥന്‍ കുറിച്ചു.
ഇപ്പോള്‍ ഈ സംഭവത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ച അനിവാര്യമായ ഒന്നാണെന്നും ശബരീനാഥന്‍ പറയുന്നു. കാരണം ധാരാളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് സ്ത്രീകള്‍ തൊഴിലെടുക്കുന്നതെന്നും ഭാര്യയായും അമ്മയായും വിവിധ റോളുകള്‍ ചെയ്യുന്നതിനിടയില്‍ ജോലി കൂടി അവര്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ഏറെ പ്രതിസന്ധികള്‍ കടന്നാണെന്നും ശബരി പറയുന്നു. തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം ആവശ്യമില്ലെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോസിറ്റീവായ ഒരു ഇടം സമൂഹം നല്‍കണമെന്നും ശബരീനാഥന്‍ പോസ്റ്റില്‍ പറഞ്ഞു. "പെണ്ണുങ്ങൾ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ പോരേ?" എന്ന് ചോദിച്ചവരെ വർഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങൾ അവസാനിക്കുന്നില്ല, ഇനിയും ഏറെ തിരുത്താനുണ്ടെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
പത്തനംതിട്ട കളക്ടറായി ചുമതല എടുത്തത് മുതൽ ദിവ്യക്ക് 24 hours ഡ്യുട്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . രാവിലെ 10 മണി മുതൽ രാത്രി 8 pm വരെ ജില്ലയിലെ മീറ്റിംഗുകളും പ്രവർത്തനങ്ങളും, അത് കഴിഞ്ഞു വീട്ടിൽ എത്തിയാൽ മകന്റെ കൂടെ അർദ്ധരാത്രി കഴിഞ്ഞു വരെയുള്ള കളിയും ചിരിയും.കുട്ടികൾക്ക് മനസ്സിൽ ഒരു sensor ഉണ്ട്, എത്ര സന്തോഷമായി ഞങ്ങളോടൊപ്പം ഇരുന്നാലും രാത്രി 8 pm ആകുമ്പോൾ അവൻ അമ്മയെ അന്വേഷിക്കും, അത് വരെ നമ്മളോടൊപ്പം ചിരിച്ചുകൊണ്ടിരുന്നവൻ കരയും. ദിവ്യ വന്നാൽ പിന്നേ അവൾ മാത്രം മതി, ബാക്കി എല്ലാവരും 'Get Outhouse' ആണ്.
ഞായറാഴ്ചകൾ പൂർണമായി അവനുവേണ്ടി മാറ്റിവയ്‌ക്കാൻ ദിവ്യ ശ്രമിക്കും . ഔദ്യോഗിക കൃത്യനിർവഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാൻ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോൾ ചില പ്രോഗ്രാമുകൾക്ക് സ്നേഹപൂർവ്വമായ നിർബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാകുളിൽ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടർക്ക് അതിൽ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂർവ്വം പോയ ഒരു പ്രോഗ്രാമിൽ അതിന്റെ സംഘാടകൻ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ശ്രി ചിറ്റയം ഗോപകുമാർ സ്നേഹപൂർവ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ ഈ ചർച്ച അനിവാര്യമാണ് - ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്നത്. ചെറുപ്പത്തിൽ സ്കൂൾ വെക്കേഷൻ കാലത്ത് കരമന കോളേജിൽ അമ്മയുടെ മലയാളം ക്ലാസിൽ അമ്മയോടൊപ്പം ഇരുന്ന ബാല്യ കാലം ഇന്നും മനസ്സിലുണ്ട്. ഭാര്യയായും അമ്മയായും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തു കൂടി മുന്നോട്ട് പോകുന്ന സ്ത്രീകൾ എത്ര പ്രതിസന്ധികൾ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാൽ പകുതി വിമർശനമെങ്കിലും കുറയും. കോവിഡിനു ശേഷം "വർക്ക് ഫ്രം ഹോം " ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തിൽ ലോകം മാറുന്നത് എല്ലാവരും അറിയണം.
'ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിലെ ജയ എന്ന നായിക നേരിടുന്ന മാനസിക വെല്ലുവിളികളുടെ ഓഫീസ് വേർഷനാണ് തൊഴിൽ ചെയ്യുന്ന പല അമ്മമാരും നേരിടുന്നത് . അവർക്ക് തൊഴിലിൽ താത്പര്യമില്ല എന്നും കുട്ടിയുടെ പുറകെയാണെന്നുമുള്ള ഒളിയമ്പുകൾ സമൂഹത്തിൽ പതിവാണ്. പ്രൈവറ്റ് കമ്പനികളിൽ കോർപ്പറേറ്റ് ജീവിതത്തിൽ അദൃശ്യമായ ഒരു glass ceiling അമ്മമാരായ സഹപ്രവർത്തകർക്ക് ഉണ്ടായിട്ടുള്ളത് എനിക്ക് നേരിട്ട് ബോധ്യമുണ്ട്. തൊഴിൽ ചെയുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവർക്ക് പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു സ്പേസ് സമൂഹം നൽകണം. "പെണ്ണുങ്ങൾ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ പോരേ?" എന്ന് ചോദിച്ചവരെ വർഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങൾ അവസാനിക്കുന്നില്ല, ഇനിയും ഏറെ തിരുത്താനുണ്ട്.