ലൈവ് റിപ്പോർട്ടിങ്ങിനിടെ തളർന്നു വീണ് മാധ്യമ പ്രവർത്തക; വീഡിയോ വൈറല്‍
കനേഡിയൻ വാർത്താമാധ്യമമായ സിടിവിയുടെ റിപ്പോർട്ടർ ജെസ്സിക്ക റോബ് എന്ന യുവതിക്കാണ് റിപ്പോർട്ടിങ്ങിനിടെ അടിയന്തര വൈദ്യ സഹായം വേണ്ടി വന്നത്.
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ലൈവ് റിപ്പോർട്ടിങ്ങിനെ ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കനേഡിയൻ വാർത്താമാധ്യമമായ സിടിവിയുടെ റിപ്പോർട്ടർ ജെസ്സിക്ക റോബ് എന്ന യുവതിക്കാണ് റിപ്പോർട്ടിങ്ങിനിടെ അടിയന്തര വൈദ്യ സഹായം വേണ്ടി വന്നത്. 'എനിക്ക് അസ്വസ്ഥത തോന്നുന്നുണ്ട്. ഞാൻ നിർത്തുകയാണ്'- എന്നാണ് ജെസ്സിക്ക ലൈവ് റിപ്പോർട്ടിങ്ങിനിടെ പറഞ്ഞത്.
വീഡിയോയിൽ ജസ്സീക്ക വാക്കുകൾക്കായി ബുദ്ധിമുട്ടുന്നതും വ്യക്തമായി കാണാം. ഇടയ്ക്ക് ജസ്സീക്കയുടെ ബാലൻസ് നഷ്ടമാകുന്നതും കാണാം. ഉടൻ തന്നെ വാർത്താ അവതാരക ഇടപെടുന്നുണ്ട്. 'നിങ്ങൾ ഓകെയായതിനു ശേഷം നമുക്കു തിരിച്ചു വരാം'- എന്നുപറഞ്ഞാണ് അവതാരക ഇടപെടുന്നത്.
ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. റിപ്പോർട്ടറുടെ ആരോഗ്യത്തെ കുറിച്ച് നിരവധി പേർ ട്വിറ്ററിൽ കമന്റുകളിലൂടെ ചോദിച്ചു. ഷുഗർ കുഞ്ഞതാകാം ഈ അവസ്ഥയ്ക്കു കാരണമെന്നായിരുന്നു ഒരാളുടെ കമന്റ്. ബിപി കുറഞ്ഞതാവാം എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇത്രയും കഷ്ടപ്പെട്ട് അവർക്കു ജോലി ചെയ്യേണ്ടി വന്നതിൽ വിഷമം തോന്നുന്നു എന്നായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. അവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് ശരിയായി അവര്‍ തിരിച്ചു വരട്ടെ എന്നും ചിലര്‍ കുറിച്ചു. അതേസമയം ജെസ്സിക്കയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അവർ വിശ്രമത്തിലാണെന്നും സിടിവി ട്വീറ്റ് ചെയ്തു.
Also Read: സ്‌കിപ്പിംഗ് ചെയ്യുന്ന നായ; ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ വീഡിയോ വൈറല്‍