'ഗര്‍ഭകാലത്തെ കൊതി';ഫോട്ടോ പങ്കുവച്ച് സൂപ്പര്‍ താരത്തിന്‍റെ ഭാര്യ
2012ലായിരുന്നു രാം ചരണിന്‍റെയും ഉപാസനയുടെയും വിവാഹം. പത്ത് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ആദ്യ കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അമ്മയാകാൻ താല്‍പര്യപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭകാലമെന്നത് ഏറെ സന്തോഷവും ത്രില്ലുമെല്ലാം അനുഭവിക്കുന്ന സമയമാണ്. മറ്റുള്ള സമയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ പല കാര്യങ്ങളിലും അധികശ്രദ്ധ പുലര്‍ത്തേണ്ട സമയം കൂടിയാണിത്. പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളില്‍ തന്നെ.
ഗര്‍ഭകാലത്ത് കാര്യമായ രീതിയിലുള്ള ഹോര്‍മോണ്‍ വ്യതിയാനം കാണുന്നത് മൂലം തന്നെ ഓരോ സ്ത്രീകളിലും അവരുടെ സാഹചര്യത്തിനും ആരോഗ്യാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നുതുടങ്ങും. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലെല്ലാം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചിലരില്‍ നല്ലതുപോലെ കാണാം.
എല്ലാ സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ ഒരുപോലെയല്ല ഇങ്ങനെയുള്ള മാറ്റങ്ങള്‍ കാണുകയെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഉപാസന കാമിനേനി പങ്കുവച്ചൊരു ചിത്രമാണ് ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സൂപ്പര്‍ താരം രാം ചരണിന്‍റെ ഭാര്യയാണ് ഉപാസന കാമിനേനി. തെലുങ്ക് സിനിമാലോകത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന താരകുടുംബമാണ് രാം ചരണിന്‍റേത്. അച്ഛന്‍ ചിരഞ്ജീവി, ചിരഞ്ജീവിയുടെ അനന്തരവൻ അല്ലു അര്‍ജുൻ എന്നിവരെല്ലാം ഇന്ത്യയില്‍ സിനിമയിലെ മിന്നും താരങ്ങളാണ്.
ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
2012ലായിരുന്നു രാം ചരണിന്‍റെയും ഉപാസനയുടെയും വിവാഹം. പത്ത് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ആദ്യ കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴിതാ വര്‍ഷാന്ത്യത്തില്‍ പുറത്തുപോയി കഴിക്കുന്നതിന്‍റെ സന്തോഷമെന്ന നിലയിലും ഒപ്പം ഇത് തന്‍റെ ഗര്‍ഭകാല കൊതി കൂടിയാണെന്നം സൂചിപ്പിച്ച് ഉപാസന ട്വിറ്ററില്‍ പങ്കുവച്ച ചിത്രം നോക്കൂ.
ടാക്കോയും നാച്ചോസും അടക്കമുള്ള മെക്സിക്കൻ ഭക്ഷണമാണ് ഉപാസനയുടെ ടേബിളില്‍ കാണുന്നത്. കൊതിയോടെ ഭക്ഷണം കഴിക്കാനൊരുങ്ങിയിരിക്കുന്ന സന്തോഷമുള്ള ഉപാസനയുടെ മുഖം ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ്.
സാധാരണഗതിയില്‍ ഇത്തരത്തില്‍ പുറത്തുനിന്നുള്ള ഭക്ഷണം ഗര്‍ഭിണികള്‍ കഴിക്കുന്നതിനെ അങ്ങനെ ആരും പ്രോത്സാഹിപ്പിക്കാറില്ല. എങ്കിലും ചിലപ്പോഴെങ്കിലും കൊതി തോന്നിയാല്‍ ഇങ്ങനെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് അപകടമൊന്നുമില്ല. എന്നാലിവ പതിവാക്കുന്നത് തീര്‍ച്ചയായും അനാരോഗ്യകരം തന്നെയാണ്.
ഗര്‍ഭിണികള്‍ കഴിവതും വീട്ടില്‍ തയ്യാറാക്കുന്ന വൃത്തിയുള്ള, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തന്നെയാണ് ഉചിതം.