തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് സ്ഥാനാര്‍ത്ഥി പ്രസവിച്ചു; അപൂര്‍വസംഭവം ശ്രദ്ധേയമാകുന്നു
വെറും സ്ഥാനാര്‍ത്ഥിയല്ല, മെയ് 14ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദത്തിന് വേണ്ടി മത്സരിക്കുന്ന വനിതയാണ് ജനവിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയത്തിലോ പൊതുപ്രവര്‍ത്തനമേഖലയിലോ സജീവമായി നില്‍ക്കുകയും ജനപ്രതിനിധികളാവുകയുമെല്ലാം ചെയ്യുന്നവര്‍ക്കും വ്യക്തിപരമായ ജീവിതമുണ്ടല്ലോ. എന്നാല്‍ ഇവരെല്ലാം തന്നെ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ എല്ലാ വിഷയങ്ങളും മാറ്റിവച്ച് ജനവിധിയെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മാത്രമായിരിക്കും.
പക്ഷേ, ഇവിടെയിതാ ഒരു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രസവിച്ചിരിക്കുകയാണ്. തായ്‍ലാൻഡിലാണ് കെട്ടോ അപൂര്‍വമായ സംഭവം നടന്നിരിക്കുന്നത്.
വെറും സ്ഥാനാര്‍ത്ഥിയല്ല, മെയ് 14ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദത്തിന് വേണ്ടി മത്സരിക്കുന്ന വനിതയാണ് ജനവിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. 'ഫ്യൂ തായ് പാര്‍ട്ടി'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് പൈത്തോങ്‍താണ്‍ ഷിനാവാത്ര.
മുപ്പത്തിയാറുകാരിയായ പൈത്തോങ്‍താണ്‍ ഷിനാവാത്ര തായ്ലാൻഡിലെ മുൻപ്രധാനമന്ത്രിയും മഹാകോടീശ്വരനുമായ താക്‍സിന്‍റെ മകളാണ്. 2006ല്‍ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് സൈനിക അട്ടിമറിയില്‍ സ്ഥാനം തെറിച്ച താസ്കിൻ പിന്നീട് സ്വദേശത്ത് ജയില്‍ ശിക്ഷ അനുഭവിക്കാതിരിക്കാൻ സ്വന്തം താല്‍പര്യാര്‍ത്ഥം നാട് വിട്ടയാളാണ്. ഇപ്പോള്‍ ഈ പേരക്കുട്ടിയുടെ കൂടി വരവോടെ ഇദ്ദേഹം തിരികെ നാട്ടിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി സൂചനയുണ്ട്.
നിലവില്‍ പൈത്തോങ്‍താണ്‍ ഷിനാവാത്രക്ക് ജയസാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ പാരമ്പര്യവും പാര്‍ട്ടി ബലവും ഇവരുടെ ജയസാധ്യത കൂട്ടുന്നുവെന്നാണ് വാദം. പ്രസവത്തിനായി ആശുപത്രിയില്‍ അഡ്‍മിറ്റാകുന്നതിന് മുമ്പ് വരെ ഇവര്‍ സജീവമായ തെരഞ്ഞെടുപ്പ് ക്യാംപയിനിലും ആയിരുന്നുവത്രേ.
ഇവരുടെയും കുഞ്ഞിന്‍റെയും ഭര്‍ത്താവിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയിലും ഏറെ ശ്രദ്ധ നേടുന്നുണ്ട്. അധികം വൈകാതെ തന്നെ മാധ്യമങ്ങളിലൂടെ ജനത്തെ അഭിസംബോധന ചെയ്ത് ഇവര്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാൻ ഇവര്‍ ശാരീരികമായും മാനസികമായും തയ്യാറാണെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.