രക്ഷിതാക്കളാണ് മാതൃക; മക്കളെ മിടുക്കരായി വളർത്താം

ഗര്‍ഭാവസ്ഥയില്‍ അമ്മ കേള്‍ക്കുന്ന പാട്ടുകള്‍ പോലും കുഞ്ഞിനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തല്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഗര്‍ഭപാത്രത്തില്‍ വച്ച് പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെ...

parenting tips and things to know in malayalam

കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. ലോകത്തിന്റെ ഓരോ തുടിപ്പുകളും കുഞ്ഞുങ്ങള്‍ ആദ്യം തന്റെ മാതാവിലൂടെയാണ് അറിയുന്നത്. വ്യക്തിത്വ വികസനത്തിന്റെ ആരംഭം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ തുടങ്ങുന്നു എന്നതാണ് ശരി. കാരണം ഭാഷയുടെ ബാലപാഠങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വച്ചാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭാവസ്ഥയില്‍ അമ്മ കേള്‍ക്കുന്ന പാട്ടുകള്‍ പോലും കുഞ്ഞിനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തല്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഗര്‍ഭപാത്രത്തില്‍ വച്ച് പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം നടക്കുമത്രേ. എന്നാല്‍ ജനനത്തിന് ശേഷം അവര്‍ സ്വയമുള്ള നിരീക്ഷണങ്ങളിലൂടെയാണ് കൂടുതല്‍ കാര്യങ്ങളും മനസ്സിലാക്കുന്നത്.

ഇത്തരത്തില്‍ കുഞ്ഞ് ഏറ്റവുമധികം നിരീക്ഷിക്കുക മാതാപിതാക്കളെ തന്നെയായിരിക്കും. അതിനാല്‍ നല്ല മാതാപിതാക്കളായാല്‍ മാത്രമേ, നല്ല വ്യക്തിത്വത്തിന് ഉടമയായ കുഞ്ഞിനെയും ലഭിക്കൂ. ഇക്കാര്യത്തില്‍ അമ്മയെ മാത്രം ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് അച്ഛന്‍ മാറിനില്‍ക്കുന്നത് ഒരിക്കലും നന്നല്ല. അമ്മയ്‌ക്കൊപ്പം തന്നെ അച്ഛനും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കുക. അച്ഛന്റെ സ്‌നേഹവും സംരക്ഷണയും കുട്ടികള്‍ക്ക് കൂടുതല്‍ ആത്മധൈര്യം പകര്‍ന്ന് നല്‍കാന്‍ ഉതകും.

കുട്ടികളില്‍ സ്നേഹബന്ധങ്ങള്‍ വളര്‍ത്തുവാനും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കണം. സന്തോഷകരമായ ജീവിതത്തിന് ഏറെ ആവശ്യമായ ഘടകമാണ് സാമൂഹ്യബന്ധങ്ങള്‍. ഇത്തരം സ്‌നേഹപൂര്‍വ്വമായ പരിസരം ചെറുപ്പത്തിലേ നല്‍കിയാല്‍ മാത്രമേ കുട്ടികളുടെ ഭാവിജീവിതം അടിത്തറയുള്ളതാകൂ എന്ന് മനശാസ്ത്ര വിദഗ്ധരും പറയുന്നു.

ഇതോടൊപ്പം തന്നെ ജീവിതത്തില്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനും അവരെ തയ്യാറെടുപ്പിക്കണം. പടി പടിയായി ഇതിനുള്ള പരിശീലനം നല്‍കാം. മാനസികമായ കരുത്ത് ശാരീരികമായ കരുത്ത് പോലെ പ്രധാനമാണെന്ന് അവര്‍ക്ക് ബോധ്യമാകണം.

അതുപോലെ തന്നെ കുട്ടികളിലുള്ള കഴിവുകളെ മാതാപിതാക്കള്‍ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. കുട്ടി കൈവരിക്കുന്ന നേട്ടത്തെക്കാള്‍ ഉപരി, അതിനായി ചെയ്ത കഠിനാദ്ധ്വാനത്തെയും അതിലെ ക്രിയാത്മകതയെയും, സ്ഥിരോത്സാഹത്തേയും വേണം പ്രോത്സാഹിപ്പിക്കാന്‍. ചെറുപ്പം മുതല്‍ തന്നെ നന്ദിയുടെയും കടപ്പാടിന്റെയും രീതികളും അവരെ പരിശീലിപ്പിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios