'മമ്മി ഒരു മിനിറ്റിനുള്ളിൽ വരാം, മോള്‍ ഉറങ്ങിക്കോളൂ'; ലൈവിനിടെ മകളോട് ന്യൂസിലൻഡ് പ്രധാനമന്ത്രി
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ചും ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ജസീന്ത. ഇതിനിടെയാണ് മൂന്ന് വയസുകാരിയായ മകളുടെ ശബ്ദം കേള്‍ക്കുന്നത്.
വീടുകളിലിരുന്നുകൊണ്ടുള്ള മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴുള്ള രസകരമായ വീഡിയോകള്‍ (Videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാകാറുണ്ട്. അക്കൂട്ടത്തിലിതാ ന്യൂസിലൻഡ് പ്രധാനമന്ത്രി (New Zealand Prime Minister) ജസീന്ത ആർഡേണിന്‍റെ (Jacinda Ardern) ലൈവാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ചും ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ജസീന്ത. ഇതിനിടെയാണ് മൂന്ന് വയസുകാരിയായ മകളുടെ ശബ്ദം കേള്‍ക്കുന്നത്. 'മമ്മീ' എന്ന് ഉറക്കെ വിളിക്കുകയായിരുന്നു കുരുന്ന്. ഇതുകേട്ട ജസീന്ത മകളോട് ഇത് ഉറങ്ങാനുള്ള സമയമാണെന്നും ബെഡിലേയ്ക്ക് പൊയ്ക്കോളൂ, ഒരു മിനിറ്റിനുള്ളിൽ മമ്മി വരാം എന്ന് പറയുന്നതും ലൈവില്‍ കേള്‍ക്കാം. ശേഷം സ്ക്രീനിൽ നോക്കി ലൈവ് തടസ്സപ്പെട്ടതിന് ജസീന്ത ക്ഷമ ചോദിക്കുകയും ചെയ്തു.
തന്റെ അമ്മ ഇവിടെയുണ്ടെന്നും മകളെ അമ്മ ഉറക്കുമെന്നും ജസീന്ത ലൈവിലൂടെ പറയുന്നുമുണ്ട്. എന്നാല്‍ ഇതിനു ശേഷവും ലൈവ് തുടരാൻ ശ്രമിക്കുന്നതിനിടെ മകൾ വീണ്ടും അമ്മയെ അന്വേഷിച്ചു. അമ്മ വരാന്‍ താമസിക്കുന്നത് എന്തുകൊണ്ടെന്നും അവള്‍ ചോദിച്ചു. ലൈവ് നീണ്ടുപോയതിന് മകളോട് ക്ഷമ ചോദിക്കുന്ന ജസീന്ത, മകളെ ഉറക്കാൻ തനിക്ക് പോകേണ്ടതുണ്ടെന്നും ലൈവ് അവസാനിപ്പുക്കുകയാണെന്നും പറഞ്ഞു.
എന്തായാലും അമ്മയുടെയും മകളുടെയും ലൈവ് വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്. മക്കളുള്ള മിക്ക അമ്മമാരുടെയും അവസ്ഥയിപ്പോള്‍ ഇതാണെന്നും പലരും കമന്‍റ് ചെയ്തു.
അടുത്തിടെ ന്യൂസിലൻഡിൽ നിന്നുള്ള ഒരു വനിതാ മന്ത്രിയുടെ വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു. ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സാമൂഹിക വികസന മന്ത്രിയായ കാർമെൽ സെപുലോനി. സൂം ഇന്‍റർവ്യൂ ചെയ്യുന്നതിനിടെ മകൻ വീഡിയോയിൽ കടന്നു കയറി. ഒരു ക്യാരറ്റും കയ്യില്‍പിടിച്ച് വന്ന മകൻ അത് സ്ക്രീനിന് മുന്നിൽ ഉയർത്തിക്കാണിക്കുന്നതും മകനിൽ നിന്നും അത് വാങ്ങാനായി കാർമെൽ പരിശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
Also Read: ഓണ്‍ലൈന്‍ അഭിമുഖത്തിനിടെ മകനുമായി ചെറിയൊരു 'അടിപിടി'; കാരണമിതാണ്...