'ഓഫീസ്, വീട്... ഇന്ത്യയിലെ സ്ത്രീകൾ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നു, ആരും ചര്‍ച്ച ചെയ്യാറില്ല': രാധിക ഗുപ്ത
'ഓഫീസിനും വീടിനും ഇടയില്‍ ഇന്ത്യയെയും (ജോലിയിലൂടെ) അടുത്ത തലമുറയെയും (കുട്ടികൾ) കെട്ടിപ്പടുക്കാൻ നിരവധി ഇന്ത്യൻ സ്ത്രീകൾ ആഴ്ചയില്‍ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നു'- നാരായണ മൂര്‍ത്തിക്ക് മറുപടിയുമായി രാധിക ഗുപ്ത
ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി കഴിഞ്ഞ ദിവസം നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ത്യൻ സ്ത്രീകൾ പതിറ്റാണ്ടുകളായി ആഴ്ചയിൽ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കാറില്ലെന്ന് എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ട് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാധികാ ഗുപ്ത പ്രതികരിച്ചു.
"ഓഫീസിനും വീടിനും ഇടയില്‍ ഇന്ത്യയെയും (ഞങ്ങളുടെ ജോലിയിലൂടെ) അടുത്ത തലമുറയെയും (നമ്മുടെ കുട്ടികൾ) കെട്ടിപ്പടുക്കാൻ നിരവധി ഇന്ത്യൻ സ്ത്രീകൾ ആഴ്ചയില്‍ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നു, പതിറ്റാണ്ടുകളായി പുഞ്ചിരിയോടെ, ഓവർടൈം ജോലിക്ക് അവകാശവാദം ഉന്നയിക്കാതെ... ആരും ഞങ്ങളെ കുറിച്ച് ട്വിറ്ററിൽ ചർച്ച ചെയ്തിട്ടില്ല"- രാധിക ഗുപ്ത കുറിച്ചു.
ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണം: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി
പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി- ഇന്ത്യൻ സ്ത്രീകളുടെ അശ്രാന്തമായ അർപ്പണബോധം അംഗീകാരിക്കപ്പെടണമെന്ന് ഒരു ഉപയോക്താവ് കുറിച്ചു."ഉദ്യോഗസ്ഥരല്ലാത്ത ഇന്ത്യയിലെ സ്ത്രീകളും കുടുംബത്തെ പോറ്റാൻ ആഴ്ചയിൽ 72 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. ഞങ്ങളുടെ വീട്ടിൽ പ്രഭാത ഭക്ഷണം എല്ലാവരും കഴിച്ചുതീരും മുന്‍പ് തന്നെ ഉച്ച ഭക്ഷണത്തിനായുള്ള പണി തുടങ്ങുന്നു. വീട്ടില്‍ അമ്മയാണ് ആദ്യം എഴുന്നേല്‍ക്കുന്നത്, അവസാനം ഉറങ്ങുന്നതും"- ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
അതേസമയം ഭര്‍ത്താവിന്‍റെ സഹായം തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് മുംബൈ സ്വദേശിനിയായ ഒരു സ്ത്രീ പ്രതികരിച്ചത്- "ഞങ്ങളുടെ മകനെ വളർത്താൻ എന്റെ ഭർത്താവും ഒരുപാട് കാര്യങ്ങൾ ചെയ്തു. വീട്ടില്‍ ഞാൻ മാത്രമല്ല അധിക സമയം ജോലി ചെയ്യുന്നത്. മുംബൈയില്‍ ജോലിക്കു പോകാന്‍ കുറേ മണിക്കൂറുകള്‍ യാത്ര ചെയ്യണം". ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായവും ഉയര്‍ന്നു. ഉദ്യോഗസ്ഥരായ ഇന്ത്യൻ സ്ത്രീകൾ വീട്ടിൽ അടിമകളെ പോലെ ജോലി ചെയ്യുന്നു. അതേസമയം പുരുഷന്മാർ പാർട്ടിക്ക് പോകുന്നു. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യരായി കാണാത്ത കാലത്തോളം ഒന്നും മാറാന്‍ പോകുന്നില്ലെന്നും ഒരാള്‍ കുറിച്ചു.
രാജ്യത്തെ തൊഴിൽ ഉൽപ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നാണ് നാരായണ മൂർത്തി നിര്‍ദേശിച്ചത്. ഇന്ത്യയിലെ യുവാക്കൾ കൂടുതൽ സമയം ജോലി ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ രാജ്യം കഷ്ടപ്പെടുമെന്നാണ് നാരായണ മൂര്‍ത്തിയുടെ വാദം. അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉൾപ്പെടെ ഇന്ത്യയുടെ പുരോഗതിക്ക് വിഘാതമായ കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്‍നിരയിലേക്ക് ഉയരണമെങ്കില്‍ ഈ തടസ്സങ്ങള്‍ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്രയും മണിക്കൂറുകള്‍ ജോലി ചെയ്താലുണ്ടാവാന്‍ പോകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ദീർഘനേരം ജോലി ചെയ്യുന്നത് യുവാക്കളിൽ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് കാർഡിയോളജിസ്റ്റ് ദീപക് കൃഷ്ണമൂർത്തി പ്രതികരിച്ചു. ദിവസത്തിൽ 24 മണിക്കൂറാണ് ഉള്ളത്. ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുകയാണെങ്കിൽ 72 മണിക്കൂറാവാന്‍ പ്രതിദിനം 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. ശേഷിക്കുന്ന 12 മണിക്കൂറില്‍ എട്ട് മണിക്കൂർ ഉറങ്ങണം. ബാക്കി നാല് മണിക്കൂർ - ബംഗളൂരു പോലൊരു നഗരത്തിൽ രണ്ട് മണിക്കൂർ റോഡിൽ ചെലവഴിക്കേണ്ടിവരും. പിന്നെ രണ്ട് മണിക്കൂറാണുള്ളത്. ദിനചര്യകള്‍ക്ക് സമയം വേണം. സൌഹൃദത്തിന് സമയമില്ല, കുടുംബത്തോട് സംസാരിക്കാൻ സമയമില്ല, വ്യായാമം ചെയ്യാൻ സമയമില്ല, വിനോദത്തിന് സമയമില്ല. യുവാക്കൾക്ക് ഹൃദയ സ്തംഭനം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക എന്നാണ് ദീപക് കൃഷ്ണമൂർത്തി പ്രതികരിച്ചത്.