Mother's day 2024: അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം
ഇന്ന് ലോക മാതൃദിനം (Mother's day). നമ്മുടെ ഏറ്റവും മോശം സമയങ്ങളിൽ നമ്മെ സഹായിക്കുകയും നമ്മുടെ ഏറ്റവും നല്ല സമയത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ഹീറോ അതാണ് അമ്മ.
ഇന്ന് ലോക മാതൃദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ആഘോഷിക്കുന്നത്. പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ദിനത്തില്‍ സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...
മാതൃദിനത്തിലെങ്കിലും മറക്കാതിരിക്കാം ഓരോ വ്യക്തിയുടെയും ഒന്നാം നമ്പർ ഹീറോയേ.... മാതൃത്വത്തിന് ആ ഹീറോ പരിവേഷം ലോകം വെറുതെ നൽകിയ പദവിയല്ല. വളർച്ചയുടെ പാതയിൽ ഓരോ കുട്ടിക്കും വിജയത്തിൻ്റെ പടവുകൾ കയറുന്നതിന് അമ്മ പകർന്നു നൽകുന്ന അറിവുകൾക്ക് ചരിത്രം നൽകുന്ന അംഗീകാരമാണത്. ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളിലായി 12 നേട്ടങ്ങളാണ് അമ്മ മക്കൾക്ക് പകർന്നു നൽകുന്നത്.
സാമൂഹിക മാനദണ്ഡങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഴയ തലമുറകളേക്കാൾ കൂടുതലായി ഇന്ന് അച്ഛൻമാർ മക്കളെ വളർത്തുന്ന റോൾ ഏറ്റെടുക്കുന്നത് കാണാൻ കഴിയും. എങ്കിലും ശാസ്ത്രവും നമ്മളും മക്കളുടെ ഹീറോകളുടെ സ്ഥാന പട്ടികയിൽ അമ്മമാർക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയാണ് നീക്കി വക്കുന്നത്.
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശാരീരികവും മാനസികവും വൈകാരികവുമായ മുന്നേറ്റങ്ങൾക്ക് ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ അമ്മമാർ ചെയ്യുന്നുണ്ട്. അവർ ജീവിച്ചിരിക്കുമ്പോഴും വിട്ടു പോയാലും ഓരോ വ്യക്തിക്കും അമ്മ പകർന്നു നൽകിയ മാനസിക ഊർജം ജീവിതത്തിൽ മറ്റെന്തിലൂടെയും കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ തന്നെയായിരിക്കും. നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യം വയ്ക്കുന്ന ഉയർചകളുടെ കൊടുമുടിയിൽ എത്തിക്കുന്നതിനു ഘട്ടം ഘട്ടമായി സഹായിക്കുന്നതിന് അമ്മ ശാരീരികമായി എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല. മറിച്ച് ഗൃഹാതുര ഓർമകളിലൂടെ അമ്മമാർക്ക് നമ്മളെ ഉപദേശിക്കാൻ കഴിയുമെന്ന് ഗവേഷണങ്ങളും പഠനങ്ങളും വെളിപ്പെടുത്തുന്നു . അങ്ങനെ നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും മാതൃകയാക്കുന്ന നിരവധി നായകന്മാർക്കൊപ്പം അമ്മയെന്ന മുഖ്യ ഹീറോ മറഞ്ഞിരിക്കുകയാണ്.
ജീവിത പാതയിൽ ഏതൊരു സാഹചര്യത്തെയും അതിജീവിക്കുവാനുള്ള അടിസ്ഥാന കഴിവുകളാണ് ആദ്യമേ അമ്മമാർ മക്കൾക്ക് നൽകുന്നത്. ചെറുപ്പത്തിൽ അസുഖങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ സംരക്ഷകയുടെ റോളും അമ്മയ്ക്ക് തന്നെയാണ്. അമ്മമാർ നമുക്ക് ബുദ്ധിശക്തി, സർഗ്ഗാത്മകത, ജ്ഞാനം തുടങ്ങിയ വൈജ്ഞാനിക നേട്ടങ്ങളും നൽകുന്നു എന്നും സമീപകാല ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമ്മയാണ് നമ്മുടെ ഏറ്റവും വലിയ ചിയർ ലീഡർ. നമ്മളെ ഏറ്റവും മികച്ച വ്യക്തികളാകാൻ ഓരോ നിമിഷത്തിലും എത്ര മനോഹരമായാണ് മോട്ടിവേറ്റ് ചെയ്യുന്നത്.
പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതം അഭിവൃദ്ധിപ്പെടുത്താനും അച്ഛൻ മക്കളെ സഹായിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തിൽ അമ്മമാർക്ക് എപ്പോഴും ഒരു മുൻതൂക്കം നൽകുന്നു. മാതൃത്വം ഓരോ മക്കൾക്കും പകർന്നു നൽകുന്ന ധാർമ്മികവും ആത്മീയവുമായ നേട്ടങ്ങൾ കൂടാതെ മറ്റുള്ളവരോടു സഹാനുഭൂതിയും അനുകമ്പയും വളർത്താനും പഠിപ്പിക്കുന്നുണ്ട്. നമ്മുടെ അമ്മമാരുടെ നിസ്വാർത്ഥതയും ദൈനംദിന ത്യാഗങ്ങളും കുട്ടികളെന്ന നിലയിൽ നാം കാണുകയും മുതിരുമ്പോൾ ഈ ദയ മറ്റുള്ളവരിലേക്ക് പ്രവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ബന്ധവും സ്നേഹവുമാണ് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള അടിത്തറയെന്ന് അമ്മ കാണിച്ചു തരുന്നു. ജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും എന്താണെന്ന് വ്യക്തമാക്കി ഊർജ്ജസ്വലരായിരിക്കാൻ പ്രാപ്തരാക്കുന്നത് അമ്മയാണ്. അവർ നമ്മളെ വളർത്തുന്നു, സുഖപ്പെടുത്തുന്നു, ജ്ഞാനം നൽകുന്നു, ധാർമികതയുടെ മാതൃകയാകുന്നു. സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നു, വികാരങ്ങൾ നിയന്ത്രിക്കുവാനുള്ള കഴിവുകൾ നൽകുന്നു, സാമൂഹിക ബന്ധങ്ങൾ വളർത്തുകയും ഏകാന്തത കുറയ്ക്കുകയും ചെയ്യുന്നു, വ്യക്തിഗത ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണ് അമ്മ നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ.
ഇതു തന്നെയാണ് വർഷംതോറും മാതൃദിനം ആഘോഷിക്കുന്നതിനു കാരണവും. ചുരുക്കത്തിൽ നമ്മുടെ ഏറ്റവും മോശം സമയങ്ങളിൽ നമ്മെ സഹായിക്കുകയും നമ്മുടെ ഏറ്റവും നല്ല സമയത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ഹീറോ അതാണ് അമ്മ.