അമ്മ മനസ്, തങ്ക മനസ്..! അമ്മ ഐസിയുവിൽ, കുഞ്ഞ് സ്റ്റേഷനിൽ; മുലയൂട്ടിയത് പൊലീസുകാരി, സ്നേഹപ്രപഞ്ചമെന്ന് മന്ത്രി
എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു
കൊച്ചി: ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിന് മുലപ്പാൽ നല്‍കിയ പൊലീസുകാരിയുടെ മാതൃസ്നേഹം വിവരിച്ച് മന്ത്രി വി ശിവൻകുട്ടി. എറണാകുളത്ത് നിന്നൊരു സ്നേഹ വാർത്ത എന്ന തലക്കെട്ടോടെയാണ് മന്ത്രി കാര്യങ്ങള്‍ പങ്കുവെച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മറ്റ് മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്നതായി ചിന്ത.
കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്. കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഹൃദയം തൊടുന്ന ഇത്തരമൊരു സംഭവം നടന്നിരുന്നു.
കുഞ്ഞിനെ കാണാൻ ഇല്ലെന്നുള്ള അമ്മയുടെ പരാതിയിലാണ് അന്ന് ചേവായൂര്‍ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയെ അച്ഛന്‍ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പൊലീസ് മനസിലാക്കി. ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും ഉടനെ വയനാട് നിന്ന് കണ്ടെത്തുകയും ചെയ്തു. മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്നാണ് വ്യക്തമായി.
കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂര്‍ പൊലീസ് സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ എം രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങിയ രമ്യ മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു. കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം