ജനിച്ചത് രണ്ട് ഗർഭപാത്രവുമായി, അണ്ഡാശയത്തില്‍ മുഴ, പലതവണ ഗർഭം അലസി; 28ാം വയസിൽ ശസ്ത്രക്രിയ ചെയ്തു
2014-ൽ റൂബിയെ ഗർഭം ധരിക്കുമ്പോൾ അമ്മയോട് എല്ലാവരും പറഞ്ഞത് മിക്കവാറും അത് അലസിപ്പോകുമെന്നാണ്. റൂബിക്ക് ഇന്ന് അഞ്ച് വയസ്സുണ്ട്.
28 വയസുകാരിയായ മേഗൻ ആർഗൈലിൻ ആർത്തവത്തെ വളരെ പേടിയോടെയാണ് നോക്കി കണ്ടിരുന്നത്. ആർത്തവം ആകുന്നതിന് രണ്ട് ദിവസം മുമ്പേ സഹിക്കാനാവാത്ത വേദന തുടങ്ങും. ആ ദിവസങ്ങൾ ഓർക്കാൻ പോലും പേടിയാണെന്ന് മേഗൻ പറയുന്നു.
രണ്ട് ഗർഭപാത്രങ്ങളും രണ്ട് സെർവിക്സുകളുമായാണ് മേഗൻ ജനിച്ചത്. എൻഡോമെട്രിയോസിസ് ബാധിച്ചതിനെത്തുടർന്ന് മേഗൻ അവളുടെ രണ്ട് ഗർഭപാത്രങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. രണ്ട് സെർവിക്സുകളും രണ്ട് ഗർഭാശയങ്ങളുമായി ജനിച്ച ഈ യുവതിയ്ക്ക് യൂട്രസ് ഡീഡെല്ഫിസ് എന്നറിയപ്പെടുന്ന ഒരു രോഗമാണെന്ന് കണ്ടെത്തി.
ഒരു ഗർഭപിണ്ഡത്തിലെ രണ്ട് ചെറിയ ട്യൂബുകൾ ഒരൊറ്റ ഗർഭപാത്രത്തിൽ കൂടിച്ചേരുന്നതിൽ പരാജയപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പകരം രണ്ട് വ്യത്യസ്ത ഘടനകളായി വളരുന്നു. 3000 സ്ത്രീകളിൽ ഒരാളെ ബാധിക്കുന്ന ഈ അവസ്ഥ ഗർഭം അലസൽ, അകാല പ്രസവം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു.
2014-ൽ റൂബിയെ ഗർഭം ധരിക്കുമ്പോൾ അമ്മയോട് എല്ലാവരും പറഞ്ഞത് മിക്കവാറും അത് അലസിപ്പോകുമെന്നാണ്. റൂബിക്ക് ഇന്ന് അഞ്ച് വയസ്സുണ്ട്. പിന്നീട് എൻഡോമെട്രിയോസിസ് വന്ന് മേഗൻ അവരുടെ ഗർഭപാത്രം തന്നെ നീക്കം ചെയ്യേണ്ടി വന്നു.
ഇരട്ട ഗർഭപാത്രം ഉണ്ടെന്ന് അറിഞ്ഞപ്പോഴേ തന്നെ ഇരട്ട ഹിസ്റ്റെറക്ടമി ചെയ്യുന്നതാകും കൂടുതൽ നല്ലതെന്ന് ഡോക്ടർമാർ പറഞ്ഞു. 30 വയസിന് മുമ്പ് ഒരു കുഞ്ഞിനായി ശ്രമിക്കണമെന്നും അല്ലെങ്കിൽ കുഞ്ഞ് കിട്ടാൻ വളരെ പ്രയാസമാകുമെന്നും ഡോക്ടർമാർ 21ാം വയസിൽ പറഞ്ഞിരുന്നതായും മേഗൻ പറയുന്നു.
എൻഡോമെട്രിയോസിസ് കൂടുതൽ വഷളാകുകയും മറ്റ് ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഓർത്തപ്പോൾ ഉടൻ തന്നെ കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നു. 23ാം വയസിൽ റൂബിയെ ഗർഭം ധരിക്കുന്നതിന് മുമ്പ് ഒരു അബോർഷൻ നടന്നിരുന്നുവെന്നും മേഗൻ പറഞ്ഞു.
കൗമാര പ്രായത്തിൽ അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് 18ാം വയസിലാണ് എൻഡോമെട്രിയോസിസ് എന്ന രോഗം കണ്ടെത്തിയതെന്ന് മേഗൻ വെളിപ്പെടുത്തി. അണ്ഡാശയത്തിൽ മുഴ ഉള്ളതായും പരിശോധനയിൽ കണ്ടെത്തി.
എൻഡോമെട്രിയോസിസിന്റെ ഒരു സാധാരണ പാർശ്വഫലമായിരുന്നു അതെന്ന് ഡോക്ടർമാർ പറഞ്ഞു. ബെക്കൻഹാമിലെ ബിഎംഐ ദി സ്ലോൺ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നതെന്ന് മേഗൻ പറഞ്ഞു.
എന്താണ് എൻഡോമെട്രിയോസിസ് ...?
ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. ഗർഭത്തിന് സജ്ജമാവുകയും ഹോർമോൺ ഏറ്റകുറച്ചിലനനുസരിച്ച് രക്തസ്രാവത്തോടെ നശിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.'എൻഡോമെട്രിയ' ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് 'എൻഡോമെട്രിയോസിസ്' എന്നറിയപ്പെടുന്നത്.
ശരീരത്തിനുള്ളിൽ ഏത് ഭാഗത്തും കാണാമെങ്കിലും ഈ അവസ്ഥ കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗർഭാശയത്തിൻറെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലും ആയാണ് കാണപ്പെടുന്നത്. അപൂർവമായി യോനി, ഗർഭാശയഗളം, കുടൽ, മൂത്രസഞ്ചി, മുറിവ്/തുന്നലുണങ്ങിയുണ്ടാകുന്ന വടുക്കൾ ( Scarring ) എന്നീയിടങ്ങളിലും, അത്യപൂർവമായി, ശ്വാസകോശത്തിലും തലച്ചോറിലും,തൊലിപ്പുറത്തും വരെ എൻഡോമെട്രിയോസിസ് കാണപ്പെടാം.
എന്താണ് യൂട്രസ് ഡീഡെല്ഫിസ്...?
രണ്ട് ഗർഭപാത്രവുമായി ജനിക്കുന്ന അവസ്ഥയാണ് യൂട്രസ് ഡീഡെല്ഫിസ്. രണ്ട് സെർവിക്സുകളും രണ്ട് യോനികളുമായി ജനിക്കുന്ന അപൂർവ്വം രോഗാവസ്ഥയാണ് ഇത്. ഒരു ഗർഭപിണ്ഡത്തിൽ ഗർഭപാത്രം രണ്ട് ചെറിയ ട്യൂബുകളായി ആരംഭിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.