'ആദ്യ ദിനങ്ങളില്‍ മകനോട് അടുപ്പം തോന്നിയിട്ടില്ല'; പ്രസവാനന്തര വിഷാദത്തേക്കുറിച്ച് മന്ദിര ബേദി
ആദ്യമായി അമ്മയായ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയുണ്ടായി എന്നും അന്ന് അതിനേക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും മന്ദിര പറഞ്ഞു.
പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം എന്നത് ഇന്ന് പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഇപ്പോഴിതാ താന്‍ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം മന്ദിര ബേദി. ആദ്യമായി അമ്മയായ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയുണ്ടായി എന്നും അന്ന് അതിനേക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും മന്ദിര പറഞ്ഞു.
മകനെ പ്രസവിച്ച ശേഷം ആദ്യ ദിവസങ്ങളിലൊന്നും അവനോട് അടുപ്പം തോന്നിയിരുന്നില്ലെന്നും സമയമെടുത്താണ് മകനുമായി ആത്മബന്ധം ഉടലെടുത്തതെന്നും മന്ദിര പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെയാണ് മന്ദിര ഇതേക്കുറിച്ച് പങ്കുവച്ചത്.
വീട്ടിലേയ്ക്ക് വന്നപ്പോൾ മുതൽ താൻ കരയുകയായിരുന്നു. ഡോക്ടർമാർ അത് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാണെന്നാണ് പറഞ്ഞത്. പ്രസവശേഷം വണ്ണം വച്ചതും നെഗറ്റീവ് ചിന്തകൾ വർധിപ്പിച്ച് വിഷാദത്തിലേയ്ക്ക് വഴിവച്ചുവെന്നും താരം പറയുന്നു. എന്നാല്‍ പോസ്റ്റ്പാർട്ടത്തിലൂടെ കടന്നുപോയ കാലത്ത് ഭർത്താവ് നൽകിയ പിന്തുണ വാക്കുക്കൾക്കതീതമാണെന്നും മന്ദിര പറയുന്നു.
പ്രസവം കഴിഞ്ഞ് നാൽപത് ദിവസം കഴിഞ്ഞതിന് ശേഷമാണ് വ്യായാമം ആരംഭിച്ചത്. ഇത് തന്റെ മാനസികസമ്മർദങ്ങളെ അതിജീവിക്കാൻ സഹായിച്ചുവെന്നും മന്ദിര കൂട്ടിച്ചേര്‍ത്തു. 2011-ൽ മകന്റെ ജനനത്തിനുപിന്നാലെ മന്ദിരയും ഭർത്താവ് രാജ് കൗശലും 2020-ൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. അന്ന് 9 വയസായിരുന്നു മകന്‍ വീറിന്. എന്നാല്‍ സഹോദരിയെ അംഗീകരിക്കാന്‍ തുടക്കത്തില്‍ വീറിന് സാധിച്ചില്ല എന്നും മന്ദിര തുറന്നു പറഞ്ഞിട്ടുണ്ട്. താര വരുന്ന സമയത്ത് വീര്‍ കരച്ചിലായിരുന്നെന്നും ഇത് കണ്ട് തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ആശങ്കപ്പെട്ടെന്നും താരം തുറന്നുപറയുകയുണ്ടായി.
2021-ൽ രാജിന്റെ അകാലവിയോഗമാണ് തന്നെ ഏറെ തളർത്തിയതെന്ന് പിന്നീട് മന്ദിര പറഞ്ഞിരുന്നു. അദ്ദേഹത്തേക്കുറിച്ച് ഓര്‍ക്കാതെ ഒരു ദിവസം പോലും തന്റേയും മക്കളുടേയും ജീവിതത്തില്‍ ഇല്ല എന്നാണ് താരം പറയുന്നത്.
Also read: വിറ്റാമിന്‍ എ മുതല്‍ കാത്സ്യം വരെ; ഡയറ്റില്‍ ചീസ് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍