ഡേറ്റിംഗ് ആപ്പില്‍ അയച്ച മെസേജ് വൈറല്‍; 'സെക്സിസ്റ്റ്' തന്നെയെന്ന് വിമര്‍ശനം
റെഡ്ഡിറ്റില്‍ സ്ക്രീൻ ഷോട്ട് വന്നതോടെ ഇദ്ദേഹത്തിന് വിമര്‍ശനങ്ങളുടെ മേളമാണ്. തീര്‍ത്തും സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളുമായി ഏത് കാലത്തിലാണ് ഇദ്ദേഹം ജീവിക്കുന്നത് എന്നാണ് ഏവരും ചോദിക്കുന്നത്.
ഡേറ്റിംഗ് ആപ്പുകള്‍ ഇന്ന് കാര്യമായ രീതിയില്‍ തന്നെ നമ്മുടെ നാട്ടിലെല്ലാം പ്രചാരത്തിലുള്ളതാണ്. വ്യക്തികള്‍ക്ക് പരസ്പരം അടുത്തറിയാനും, ബന്ധങ്ങള്‍ തുടങ്ങാനുമെല്ലാം സഹായകമാകുന്ന ഡേറ്റിംഗ് എന്ന സമ്പ്രദായത്തിന് സഹായകമായൊരു പ്ലാറ്റ്ഫോം (ഇടം ) എന്ന നിലയ്ക്കാണ് ഡേറ്റിംഗ് ആപ്പുകള്‍ വന്നിട്ടുള്ളത്.
ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ളൊരു ആപ്പ് ആണ് ടിൻഡര്‍. ടിൻഡറിലൂടെ വ്യക്തികള്‍ക്ക് പരസ്പരം പ്രൊഫൈലുകള്‍ കാണാനും അടിസ്ഥാനപരമായ വിവരങ്ങള്‍ അറിയുവാനും എല്ലാം സാധ്യമാണ്. ഇതിന് ശേഷം പരസ്പരം ചാറ്റിലൂടെ സംസാരിക്കുകയുമാവാം.
ഇത്തരത്തില്‍ ടിൻഡര്‍ ചാറ്റിലൂടെ ഒരാള്‍ മുപ്പത്തിയഞ്ച് വയസുള്ള, ഭര്‍ത്താവില്ലാത്ത- കുട്ടികളുള്ളൊരു സ്ത്രീക്കയച്ച മെസേജാണിപ്പോള്‍ വൈറലായിരിക്കുന്നത്. തങ്ങള്‍ക്ക് പരസ്പരം അടുക്കാൻ സാധിക്കുമോയെന്ന അന്വേഷണത്തില്‍ യുവതി തനിക്ക് യോജിച്ചയാളല്ലെന്ന് ഇവരോട് തന്നെ ചാറ്റിലൂടെ പറയുകയാണിദ്ദേഹം.
എന്നാല്‍ എന്തുകൊണ്ടാണ് യുവതി തനിക്ക് യോജിച്ചത് അല്ലാത്തതെന്നതിന് ഇദ്ദേഹം നിരത്തിവയ്ക്കുന്ന കാരണങ്ങളാണ് വലിയ രീതിയില്‍ വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്. ലിംഗപരമായി വിവേച മനോഭാവമുള്ള വ്യക്തി (സെക്സിസ്റ്റ് ) ആണിദ്ദേഹം എന്നാണ് ഈ മെസേജ് വായിച്ചവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. യുവതിയുടെ വ്യക്തിത്വത്തെയും ജീവിതത്തെയുമെല്ലാം അപമാനിക്കുംവിധമാണ് ഇദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
റെഡ്ഡിറ്റില്‍ ഈ യുവതി തന്നെയാണ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്. ഇതോടെയാണ് സംഗതി വൈറലായത്.
നിങ്ങളെ കുറിച്ച് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഞാൻ വായിച്ചു. സോറി, നമ്മള്‍ ചേരുമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണിദ്ദേഹത്തിന്‍റെ ആദ്യ മെസേജ്. എന്നാലിങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ, അറിയാനുള്ള ആകാംക്ഷ മൂലമാണെന്നായിരുന്നു യുവതിയുടെ മാന്യമായ മറുപടി. ഇതിന് വിശദമായൊരു മെസേജ് തന്നെയാണ് മറുപടിയായി ഇദ്ദേഹം അയച്ചിരിക്കുന്നത്.
മുപ്പത്തിയഞ്ച് വയസുള്ള, കുട്ടികളുള്ള സ്ത്രീയായതിനാല്‍ തന്നെ ഈ കുട്ടികള്‍ക്ക് ശേഷമാവും തനിക്ക് പരിഗണന കിട്ടുകയെന്നും, അതും തന്‍റെ കുട്ടികളല്ലല്ലോ എന്നും ഇതെല്ലാം പോട്ടെ, ഇനി നിങ്ങള്‍ക്ക് കുട്ടികള്‍ വേണമെന്ന് തോന്നാൻ സാധ്യതയില്ലല്ലോ, തോന്നിയാലും ഈ പ്രായത്തില്‍ എഴുപത് ശതമാനവും അത് നടക്കില്ലെന്നുമെല്ലാം ഇദ്ദേഹം മെസേജില്‍ പറയുന്നു.
ഇതിന് ശേഷം കരിയറിന് ശ്രദ്ധ കൊടുക്കുന്ന സ്ത്രീ ആയതിനാല്‍ തന്നെക്കാള്‍ പ്രാധാന്യം കരിയറിന് പോകുമെന്നും പുരുഷന്മാരോട് ഇത്തരത്തിലുള്ള സ്ത്രീകളുടെ മനോഭാവം മോശമാണെന്ന തരത്തിലുമെല്ലാം ഇദ്ദേഹം എഴുതിയിരിക്കുന്നു. തുടര്‍ന്ന് താൻ ആഗ്രഹിക്കുന്നത് എങ്ങനെയുള്ള സ്ത്രീയെ ആണെന്നും ഇദ്ദേഹം പറയുന്നു.
'എനിക്ക് ആവശ്യം വീട്ടില്‍ തന്നെ കഴിയുന്ന എന്‍റെ കുട്ടികളുടെ അമ്മയായി ജീവിക്കുന്ന ഒരു സ്ത്രീയെ ആണ്. അവരാകുമ്പോള്‍ എന്നെ നന്നായി നോക്കുകയും എന്നോട് ആത്മാര്‍ത്ഥത കാണിക്കുകയും ചെയ്യും. എന്നും എന്നോട് വിധേയപ്പെട്ട് ജീവിക്കുകയും ചെയ്യും. പക്ഷെ എന്തുചെയ്യാം അങ്ങനെയൊരാളെ കണ്ടെത്തുക സാധ്യമല്ല. എന്നെപ്പോലെയുള്ളവര്‍ക്കാണെങ്കില്‍ ഈ ഡേറ്റിംഗ് ഒന്നും ശരിപ്പെട്ട് വരികയുമില്ല...' - ഇതാണ് മെസേജിന്‍റെ അവസാനഭാഗം.
റെഡ്ഡിറ്റില്‍ സ്ക്രീൻ ഷോട്ട് വന്നതോടെ ഇദ്ദേഹത്തിന് വിമര്‍ശനങ്ങളുടെ മേളമാണ്. തീര്‍ത്തും സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളുമായി ഏത് കാലത്തിലാണ് ഇദ്ദേഹം ജീവിക്കുന്നത് എന്നാണ് ഏവരും ചോദിക്കുന്നത്. ഇത്തരം സമീപനങ്ങളും ചിന്തകളും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നിരവധി പേര്‍ ഇത് പങ്കുവച്ചുകൊണ്ട് പറയുന്നു.
Also Read:- രാത്രി 'കറങ്ങാൻ' പോകേണ്ടെന്ന് യുവതിയോട് ഉപദേശം; പ്രതിഷേധവുമായി കമന്‍റുകള്‍