Women Empowerment : രാത്രി 'കറങ്ങാൻ' പോകേണ്ടെന്ന് യുവതിയോട് ഉപദേശം; പ്രതിഷേധവുമായി കമന്‍റുകള്‍
എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ ങുരാങ് റീന, ആദ്യം സൗത്ത് ദില്ലിയിലെ ഒരു കഫേയില്‍ വച്ച് നേരിട്ട വംശീയാതിക്രമത്തെ കുറിച്ചായിരുന്നു ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിന് ശേഷം ദില്ലിയില്‍ തന്നെ ഒരു പാര്‍ക്കില്‍ വച്ച് ഒരാള്‍ കടന്നുപിടിച്ച അനുഭവവും ഇവര്‍ പങ്കുവച്ചു.
സ്ത്രീസുരക്ഷയെ കുറിച്ച് വാ തോരാതെ നാം സംസാരിക്കുമെങ്കിലും ഇന്നും നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരായല്ല തുടരുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ നഗരങ്ങളില്‍ പോലും സുരക്ഷിതമായ അന്തരീക്ഷം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്നുപങ്കുവയ്ക്കാറുണ്ടെങ്കിലും അവര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്കോ പൊലീസിനോ ഒന്നും കഴിയാറില്ല. കാരണം സാമൂഹികമായ മാറ്റം വരാതെ ഇക്കാര്യത്തില്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ല എന്നതാണ് വാസ്തവം.
ഇപ്പോഴിതാ ഇത്തരത്തില്‍ താൻ നേരിട്ടൊരു മോശമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചപ്പോള്‍ ഒരു യുവതിക്ക് കിട്ടിയ ഉപദേശമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത്. അരുണാചല്‍ സ്വദേശിയും ദില്ലി ജെഎൻയുവില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ ങുരാങ് റീനയാണ് താൻ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പരസ്യമായി പങ്കുവച്ചത്. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ ങുരാങ് റീന, ആദ്യം സൗത്ത് ദില്ലിയിലെ ഒരു കഫേയില്‍ വച്ച് നേരിട്ട വംശീയാതിക്രമത്തെ കുറിച്ചായിരുന്നു ട്വിറ്ററില്‍ പങ്കുവച്ചത്.
ഇതിന് ശേഷം ദില്ലിയില്‍ തന്നെ ഒരു പാര്‍ക്കില്‍ വച്ച് ഒരാള്‍ കടന്നുപിടിച്ച അനുഭവവും ഇവര്‍ പങ്കുവച്ചു. വംശീയാതിക്രമം നേരിട്ടതോടെ ആദ്യം സൂചിപ്പിച്ച കഫേയില്‍ പോകുന്നത് നിര്‍ത്തിയിരുന്നുവെന്നും ഇപ്പോള്‍ പാര്‍ക്കില്‍ വച്ച് ഒരാള്‍ കടന്നുപിടിച്ചതോടെ ഇനിയെന്താണ് ചെയ്യേണ്ടതെന്നുമാണ് ഇവര്‍ ട്വീറ്റിലൂടെ ചോദിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ പോകുന്നത് നിര്‍ത്തി എവിടെയെങ്കിലും തന്നെ പൂട്ടിവയ്ക്കുകയാണോ വേണ്ടതെന്നും ഇവര്‍ ചോദിക്കുന്നു.
നിരവധി പേര്‍ ഇവരുടെ അനുഭവങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടും, രാജ്യത്ത് പൊതുവെ സ്ത്രീകള്‍ നേരിടുന്ന യാത്രാസ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് പ്രതിപാദിച്ചും ഇവര്‍ക്ക് കമന്‍റുകളിട്ടു. വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനിടെ മദ്ധ്യവയസ് കടന്നൊരാള്‍ ഉപദേശുമായി എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയില്‍ സത്രീകള്‍ക്ക് പതിവായി കിട്ടുന്ന ഉപദേശം തന്നെയാണിത്. എന്നാല്‍ ഈ കേസില്‍ ഉപദേശം അസ്ഥാനത്തായി എന്ന് വേണം കരുതാൻ. ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കുന്ന എല്ലാവര്‍ക്കും ഒരു പാഠമാകും വിധത്തിലാണ് ഈ ഉപദേശത്തിനെതിരെ കമന്‍റുകളും പ്രതിഷേധവും ഉയരുന്നത്.
'പാതിരാത്രിയില്‍ അറിയാത്ത സ്ഥലങ്ങളിലും റോഡിലുമെല്ലാം അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ഒഴിവാക്കണം. എന്നിട്ട് സുരക്ഷിതയാകണം. നിങ്ങളുടെ സുരക്ഷയാണ് നമുക്ക് വലുത്'- എന്നായിരുന്നു ഉപദേശം. ഇതുതന്നെയാണ് മിക്കവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളോട് പറയുകയെന്നും എന്നാല്‍ ഇത് സമൂഹത്തെ വീണ്ടും പിറകോട്ട് വലിക്കുകയേ ഉള്ളൂവെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്. കൂടുതലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രതിഷേധമറിയിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകളോട് പുറത്തിറങ്ങരുതെന്ന് പറയുന്നതിന് പകരം അവര്‍ക്ക് അന്തസായി നടക്കാനുള്ള സാഹചര്യങ്ങളൊരുക്കുകയാണ് വേണ്ടതെന്നും അതിന് സാധിക്കുന്നില്ലെങ്കില്‍ പുരുഷന്മാര്‍ പുറത്തിറങ്ങി നടക്കുന്നതിലും നിയന്ത്രണം വരട്ടെയെന്നുമെല്ലാമാണ് അഭിപ്രായങ്ങള്‍.
Also Read:- ഹനാന്‍റെ വീഡിയോയ്ക്ക് താഴെ അസഭ്യവര്‍ഷം; ഇതിനുള്ള മറുപടി ഹനാൻ വീഡിയോയില്‍ തന്നെ പറഞ്ഞു