Kidnapped Girl : 9 വര്‍ഷം മുമ്പ് കുട്ടികളില്ലാത്ത ദമ്പതികള്‍ തട്ടിക്കൊണ്ടുപോയ മകളെ തിരികെ കിട്ടിയപ്പോള്‍...
സ്വന്തം വീട്ടില്‍ നിന്ന് മീറ്ററുകള്‍ അകലെ മാത്രമുള്ള വീട്ടിലായിരുന്നു പൂജ. എന്നാലിത് പൂജയോ വീട്ടുകാരോ അറിഞ്ഞില്ല. ഒരിക്കല്‍ അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഹെൻറി വഴക്കിനിടെ പൂജ തന്‍റെ മകളല്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെയാണ് പൂജ സത്യം തിരിച്ചറിയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെടുക. ഈ നഷ്ടങ്ങളെ കുറിച്ചൊന്നും അറിയാതെ ദുരിതപൂര്‍ണമായ ജീവിതത്തോട് പൊരുതി പോകുന്നതിനിടെ പെട്ടെന്നൊരുനാള്‍ ഭൂതകാലത്തെ തിരികെ കിട്ടുക. സിനിമയെ വെല്ലുന്ന കഥയാണ് പൂജയുടേത്. മുംബൈ അന്ധേരി ( Andheri Mumbai ) സ്വദേശിയായ പൂജയെ 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴ് വയസുള്ളപ്പോഴാണ് ( Girl Kidnapped ) കാണാതായത്.
വീട്ടുകാര്‍ ഏറെ അന്വേഷിച്ചെങ്കിലും അവളെ കുറിച്ചുള്ള അറിവൊന്നും ലഭിച്ചില്ല. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. ഇപ്പോള്‍ അവിചാരിതമായാണ് മകളുടെ ഫോണ്‍ കോള്‍ ഇവരെ തേടിയെത്തിയതും ഇവര്‍ വീണ്ടും ഒരുമിച്ചതും.
അന്ന് സ്കൂളിലേക്ക് പോകും വഴി, പൂജയെ ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് അടുത്ത് വിളിച്ച ഹെൻറി ഡിസൂസയെന്ന ആള്‍ പൂജയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു ( Girl Kidnapped ). കുട്ടികളില്ലായിരുന്നതിന്‍റെ ദുഖത്തിലാണ് തങ്ങള്‍ പൂജയെ തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ അറസ്റ്റിലായ ഇയാളും ഭാര്യയും പറയുന്നത്.
തട്ടിയെടുത്ത ശേഷം കുട്ടിയെ ഇവര്‍ കര്‍ണാടകയിലെ ഒരു ഹോസ്റ്റലില്‍ ആക്കുകയായിരുന്നുവത്രേ. ആരാലും പൂജ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. പൂജയുടെ പേരും മാറ്റി. ആനി ഡിസൂസ എന്ന പേരിലായിരുന്നു ഹോസ്റ്റലില്‍ ചേര്‍ത്തിരുന്നത്.
പിന്നീട് ഈ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചതോടെയാണ് പൂജയെ ഇവര്‍ തിരികെ മുംബൈയിലേക്ക് ( Andheri Mumbai ) കൊണ്ടുവന്നത്. ഇതിന് ശേഷം പൂജയെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുകയും ദയയില്ലാതെ പെരുമാറുകയുമെല്ലാം ചെയ്തതായാണ് പൊലീസ് അറിയിക്കുന്നത്.
സ്വന്തം വീട്ടില്‍ നിന്ന് മീറ്ററുകള്‍ അകലെ മാത്രമുള്ള വീട്ടിലായിരുന്നു പൂജ. എന്നാലിത് പൂജയോ വീട്ടുകാരോ അറിഞ്ഞില്ല. ഒരിക്കല്‍ അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഹെൻറി വഴക്കിനിടെ പൂജ തന്‍റെ മകളല്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെയാണ് പൂജ സത്യം തിരിച്ചറിയുന്നത്.
ശേഷം താൻ ആരാണെന്നും, തന്‍റെ വീട്ടുകാര്‍ ആരാണെന്നുമെല്ലാം അറിയാനുള്ള അന്വഷണം പൂജ ആരംഭിച്ചു. ഒരു സുഹൃത്തും ഇക്കാര്യത്തില്‍ പൂജയെ സഹായിച്ചു. അങ്ങനെ ഇന്‍റര്‍നെറ്റില്‍ വന്നിട്ടുള്ള മിസിംഗ് കേസുകളുടെ പോസ്റ്ററുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ഏറെ അന്വേഷണം നടത്തി. ആദ്യമൊന്നും ൊരു തുമ്പും കിട്ടിയില്ല. എങ്കിലും തളരാതെ ശക്തയായി പൂജ അന്വേഷണം തുടര്‍ന്നു.
ഒടുവില്‍ 2013ലെ ഒരു പോസ്റ്ററിന്‍റെ കോപ്പി ഇവര്‍ക്ക് കിട്ടി. അതിലുണ്ടായിരുന്ന നാല് നമ്പറുകളിലേക്കും ഇവര്‍ മാറിമാറി ബന്ധപ്പെട്ടു. ഒരു നമ്പറൊഴികെ മറ്റ് മൂന്ന് നമ്പറുകളും പ്രവര്‍ത്തിക്കുന്നത് പോലുമുണ്ടായിരുന്നില്ല. നാലാമത്തെ നമ്പര്‍ പൂജയുടെ അയല്‍വാസിയായ റഫീക്കിന്‍റെ വീട്ടിലെ നമ്പറായിരുന്നു. ഭാഗ്യവശാല്‍ ആ നമ്പര്‍ മാറിയിരുന്നില്ല.
അങ്ങനെ അവിടേക്ക് പൂജ ഫോണ്‍ ചെയ്യുകയായിരുന്നു. ആദ്യം ആര്‍ക്കും ഒന്നും വിശ്വസിക്കാൻ സാധിച്ചില്ല. വീഡിയോ കോളിലൂടെ മകളുടെ മുഖം കണ്ട അമ്മ ഏറെ കരഞ്ഞു. പിന്നീട് വൈകാതെ തന്നെ ഇവര്‍ കണ്ടുമുട്ടി. പൂജയെ കാണാതായിക്കഴിഞ്ഞുള്ള ഈ ഒമ്പത് വര്‍ഷക്കാലയളവിനുള്ളില്‍ പൂജയുടെ അച്ഛൻ മരിച്ചിരുന്നു. അമ്മയും സഹോദരനുമാണ് നിലവിലുള്ളത്. ഇവരുമൊന്നിച്ചാണ് ഇപ്പോള്‍ പൂജയുള്ളത്.
ഹെൻറിക്കും ഭാര്യക്കുമെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ മകളെ തിരികെ കിട്ടിയ സന്തോഷത്തിലാണ് പൂജയുടെ കുടുംബമിപ്പോള്‍. പൂജയുടെ അവിശ്വസനീമയമായ അനുഭവകഥ വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൂജയുടെ ധൈര്യത്തിനും ആത്മവിശ്വാസത്തിനും സഹനത്തിനുമാണ് ഏറെ പേരും കയ്യടിക്കുന്നത്. തന്‍റെ അവസ്ഥയില്‍ ദുഖിച്ചിരിക്കാതെ ബുദ്ധിപൂര്‍വം പരിശ്രമിക്കാൻ പൂജ കാണിച്ച മനസിനാണ് അഭിനന്ദപ്രവാഹം.