മാല മോഷ്ടാക്കളെ സാഹസികമായി കീഴ്പ്പെടുത്തിയ സുധയ്ക്ക് കേരളാ പൊലീസിന്‍റെ അഭിനന്ദനം
രാവിലെ ജോലിക്ക് പോകാനായി നരിക്കുനിയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറിയ സുധ, തിരിച്ച് ബസിറങ്ങുമ്പോഴാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മാല പൊട്ടിച്ച് കൊണ്ടോടുന്നത്. എന്നാല്‍ ഇവര്‍ക്ക് പിറകെ സുധയും ഓടുകയായിരുന്നു. തുടര്‍ന്ന് സാഹസികമായി ഇരുവരെയും കയ്യോടെ പിടികൂടി. നാട്ടുകാരും കൂടി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷ്ടാക്കളെ അതിസാഹസികമായി കീഴ്ചപ്പെടുത്തിയ സുധയ്ക്ക് കേരളാ പൊലീസിന്‍റെ അഭിനന്ദനം. ഫേസ്ബുക്കിലൂടെയാണ് കോഴിക്കോട് നരിക്കുനി സ്വദേശി സുധയ്ക്ക് കേരള പൊലീസ് അഭിനന്ദനമറിയിച്ചത്. സംഭവത്തെ കുറിച്ച് വിശദമായി കുറിപ്പും ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കേരളാ പൊലീസിന്‍റെ പോസ്റ്റില്‍ സുധയ്ക്ക് അഭിനന്ദനമറിയിക്കുന്നത്.
രാവിലെ ജോലിക്ക് പോകാനായി നരിക്കുനിയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറിയ സുധ, തിരിച്ച് ബസിറങ്ങുമ്പോഴാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മാല പൊട്ടിച്ച് കൊണ്ടോടുന്നത്. എന്നാല്‍ ഇവര്‍ക്ക് പിറകെ സുധയും ഓടുകയായിരുന്നു. തുടര്‍ന്ന് സാഹസികമായി ഇരുവരെയും കയ്യോടെ പിടികൂടി. നാട്ടുകാരും കൂടി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
വീട്ടുജോലിയെടുത്ത് സമ്പാദിച്ച സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇതാണ് സുധയെ ഏറെയും പ്രകോപിപ്പിച്ചത്.
'വിടരുത്, എങ്ങനെയെങ്കിലും പിടിക്കണം എന്നുള്ള ധൈര്യം അങ്ങോട്ട് കിട്ടി. ചെയിൻ കയ്യില്‍ തിരിച്ച് കിട്ടിയാല്‍ പോലും എനിക്കിവരെ പിന്തുടര്‍ന്ന് പിടിക്കണം എന്നായി. അങ്ങനെ ഇവരെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി... എത്രയോ അമ്മമാരുടെ സ്വര്‍ണമാലകള്‍ ഇതുപോലെ പിടിച്ചുപോയിട്ടുണ്ട് എന്നറിയാം. അപ്പോ അതിനും കൂടി ഒരു രക്ഷയല്ലേ... ഇവരെ ഞാൻ കയ്യോടെ പിടിക്കണം എന്ന ഒരു ധൈര്യം അങ്ങോട്ട് വന്നതാ...'- സുധ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്.
ഇവരെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ ഇവര്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേരളാ പൊലീസിന്‍റെയും സല്യൂട്ട്.
സംഭവത്തിലെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാല്‍ ഒരുപാട് മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് വനിതകളെയാണ് നാട്ടുകാരുടെ സഹായത്തോടെ സുധ പിടികൂടിയിരിക്കുന്നത്. ഇവരിലൂടെ കവര്‍ച്ച നടത്തി വന്നിരുന്ന രണ്ട് പേരെ കൂടി പിടികൂടാനും പൊലീസിനായി. നാല് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ അന്തര്‍സംസ്ഥാന മോഷണസംഘമാണെന്നാണ് പൊലീസ് അറിയിച്ചത്.
നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. ഇപ്പോള്‍ വടക്കൻ കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്തവിധം നല്ല വസ്ത്രം ധരിച്ച് ബസ്സുകളിലും കടകളിലും തിരക്കുള്ളയിടങ്ങളിലുമെത്തി മോഷണം നടത്തുന്നതാണത്രേ ഇവരുടെ രീതി. എന്തായാലും കേരളത്തിലെ സ്ത്രീകള്‍ക്ക് ഒന്നടങ്കം അഭിമാനമാവുകയാണ് സുധ. ഇവരുടെ ധീരത തീര്‍ച്ചയായും അഭിനന്ദനത്തിലുപരി ആദരം തന്നെയാണ് അര്‍ഹിക്കുന്നത്.