പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് താരപുത്രി
ഇക്കഴിഞ്ഞ ദിവസം 'ദംഗല്‍' ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫാത്തിമ സന ഷെയ്ഖും സമാനമായ അനുഭവം തുറന്നുപറഞ്ഞിരുന്നു. മൂന്ന് വയസുള്ളപ്പോള്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും, 'സെക്‌സിസം' എത്ര ആഴത്തിലുള്ളതാണെന്ന് മനസിലാക്കുവാനായാണ് താനിത് തുറന്നുപറഞ്ഞതെന്നുമായിരുന്നു സന വ്യക്തമാക്കിയത്
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ച്ചയായി മാറുമ്പോള്‍ അതെക്കുറിച്ച് ആളുകളില്‍ ബോധവത്കരണമുണ്ടാക്കുക എന്നത് തന്നെയാണ് ആരോഗ്യകരമായ ഒരിടപെടല്‍. ഇതിനായി പല പ്രമുഖ വനിതകളും തങ്ങള്‍ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങള്‍ തുറന്നുപറയുകയും, ഇത്തരത്തില്‍ തുറന്നുപറയുന്നതിന്റെ ശക്തി ചെറുതല്ലെന്ന് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
സിനിമാ മേഖലയില്‍ നിന്നും ഇതുപോലുള്ള ഇടപെടലുകള്‍ സ്ത്രീകള്‍ നടത്തിയിട്ടുണ്ട്. 'മീ ടൂ' ക്യാംപയിനിന്റെ തന്നെ ഭാഗമായി എത്രയോ താരങ്ങളാണ് തങ്ങള്‍ സിനിമാജീവിതത്തിനിടെ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്.
ഇക്കഴിഞ്ഞ ദിവസം 'ദംഗല്‍' ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫാത്തിമ സന ഷെയ്ഖും സമാനമായ അനുഭവം തുറന്നുപറഞ്ഞിരുന്നു. മൂന്ന് വയസുള്ളപ്പോള്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും, 'സെക്‌സിസം' എത്ര ആഴത്തിലുള്ളതാണെന്ന് മനസിലാക്കുവാനായാണ് താനിത് തുറന്നുപറഞ്ഞതെന്നുമായിരുന്നു സന വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ ഇപ്പോഴിതാ ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനും ബാല്യകാലത്തിലുണ്ടായ മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. പതിനാല് വയസുള്ളപ്പോള്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പിന്നീട് മാതാപിതാക്കളെ അറിയിച്ചതോടെയാണ് അതില്‍ നിന്ന് രക്ഷ നേടാനായതെന്നും ഇറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.
ആ സാഹചര്യത്തില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം പിന്നീട് ആ അനുഭവങ്ങള്‍ തന്നെ വേട്ടയാടുകയോ പ്രതിസന്ധിയിലാക്കുകയോ ചെയ്തിട്ടില്ലെന്നും ഇറ വിശദീകരിക്കുന്നു. താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നതായി ഏതാനും നാള്‍ മുമ്പ് ഇറ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരപുത്രിയായ ഒരാള്‍ക്ക് എങ്ങനെയാണ് വിഷാദരോഗം പിടിപെടുക എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയിലും മറ്റും ഇറയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഇതിനോടുള്ള പ്രതികരണം എന്ന നിലയ്ക്ക് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇറ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരവും പങ്കുവച്ചത്. കുടുംബബന്ധങ്ങള്‍ തകര്‍ന്നതാണ് ഇറയുടെ വിഷാദത്തിന് കാരണമായതെന്ന് നടി കങ്കണ റണൗത്തും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കുടുംബം തകര്‍ന്ന കുടുംബമല്ലെന്നും, അച്ഛനും അമ്മയും ഇപ്പോഴും സുഹൃത്തുക്കളാണെന്നും, ഇരവരും തന്റേയും സഹോദരന്റേയും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും അതിനാല്‍ തന്നെ അവരുടെ ഡിവോഴ്‌സ് തന്നെ മാനസികമായി ബാധിച്ചിട്ടില്ലെന്നും ഇറ വീഡിയോയിലൂടെ പറയുന്നു.
താരപുത്രി ആയതുകൊണ്ടോ, സെലിബ്രിറ്റി ആയതുകൊണ്ടോ ഒന്നും വിഷാദരോഗത്തില്‍ നിന്ന് ഒരു വ്യക്തിക്ക് രക്ഷപ്പെടാനാകില്ലെന്നും തന്റെ രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇറ പറയുന്നു.
വീഡിയോ കാണാം...
Also Read:-'മൂന്ന് വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു'; വെളിപ്പെടുത്തലുമായി നടി...