'കേരളത്തിന് ഗ്ലോബൽ സൗത്തിൻ്റെ മാർഗദീപമാവാനുളള കഴിവുണ്ട്'; യുഎൻ വനിത പ്രതിനിധി നിഷിത സത്യം പറയുന്നു
വനിത സംവരണ ബിൽ കൂടുതൽ സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്ക് വരാനുളള പ്രചോദനം നൽകുമെന്നും നിഷിത പറഞ്ഞു.
ദില്ലി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം സങ്കടകരമെന്ന് യുഎൻ വനിത പ്രതിനിധി നിഷിത സത്യം. വനിത സംവരണ ബിൽ കൂടുതൽ സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്ക് വരാനുളള പ്രചോദനം നൽകുമെന്നും നിഷിത പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകയായ കുടുംബശ്രീ യുഎനിന് പോലും പ്രചോദനമാണെന്നും കേരളത്തിന് ഗ്ലോബൽ സൗത്തിൻ്റെ മാർഗദീപമാവാനുളള കഴിവുണ്ടെന്നും അവർ വ്യക്തമാക്കി. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നയതന്ത്രജ്ഞയും സാമ്പത്തിക വിദഗ്ദയുമായ നിഷിത സത്യം. നിലവിൽ യുഎൻ വിമനിന്റെ കിഴക്കൻ ടിമോർ ചുമതല വഹിക്കുകയാണ് നിഷിത സത്യം. ചില പ്രധാനപ്പെട്ട വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് നിഷയുടെ പ്രതികരണങ്ങൾ ഇങ്ങനെ...
രണ്ടു സ്ത്രീകളെ കൂട്ടബലാൽസംഘത്തിനിരയാക്കിയ ശേഷം നഗ്നരാക്കി നടത്തുന്ന വീഡിയോ മണിപ്പൂരിൽ നിന്ന് പുറത്തുവന്നിരുന്നു. ഇത് യുഎൻ വിമനിൻ്റെ ശ്രദ്ധയിൽ വന്നിരുന്നോ?.
'സങ്കടകരമായ സംഭവമാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനം എത്ര കുറവാണെന്ന് ഇതിലൂടെ മനസിലാവും. സ്ത്രീകൾ പോരാട്ടം തുടരണം' എന്ന് അവർ പറഞ്ഞു.
വനിത സംവരണ ബിൽ യാഥാർഥ്യമാവുകയാണ്. ഇത് കൂടുതൽ സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ പ്രചോദനമാകില്ലേ ?
'തീർച്ചയായും. തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണത്തിലൂടെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നത് നമ്മൾ കണ്ടതാണ്. ഇത് കൂടുതൽ സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് വരാൻ സഹായിക്കും' -അവർ പറഞ്ഞു.
അടുത്തിടെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കുഞ്ഞുമായി ഓഫീസിലിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് അഭിനന്ദിക്കുകയും വിമർശിക്കപ്പെടുകയും ചെയ്തു. നമ്മുടെ തൊഴിലിടങ്ങൾ പാരന്റ് ഫ്രണ്ട്ലി ആവേണ്ടതല്ലേ?
ആര്യാ രാജേന്ദ്രന് അഭിനന്ദങ്ങൾ. തൊഴിലിടങ്ങൾ എല്ലാവരേയും ഉൾക്കൊളളുന്ന സ്ഥലമാവണം. പാരന്റ് ഫ്രണ്ട്ലി എന്നതിന് രണ്ടു വശങ്ങളുണ്ട്. അച്ഛന്മാരെ ജോലിക്കാരായും അമ്മമാരെ അമ്മമാരായി മാത്രവും കാണുന്ന രീതി മാറണം.
കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമായ കുടുംബശ്രീ അടുത്തിടെ 25ാം വാർഷികം ആഘോഷിച്ചിരുന്നു. കുടുംബശ്രീയെപ്പറ്റി കേട്ടിട്ടുണ്ടോ?
കുടുബശ്രീ മികച്ച മാതൃകയാണ്. കുടുംബശ്രീ പ്രവർത്തനങ്ങൾ യുഎൻനിനും പ്രചോദനമാണ്. കേരളത്തിന് ഗ്ലോബൽ സൗത്തിൻ്റെ മാർഗദീപമാവാനുളള കഴിവുണ്ട്.