Women's Day : സ്ത്രീകളെ, നിങ്ങൾക്കായി സമയം മാറ്റിവയ്ക്കൂ, ആത്മവിശ്വാസം കെെവിടരുത് ; പ്രിയ വർഗീസ് എഴുതുന്നു
സ്വയം മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിക്കുമ്പോൾ മാത്രമേ അവർ എത്ര മികച്ച വ്യക്തിത്വങ്ങൾ ആണ് എന്ന് സ്ത്രീകൾക്ക് മനസ്സിലാക്കാൻ കഴിയൂ. ഇങ്ങനെ ശ്രമങ്ങൾ നടത്താതെപോകുമ്പോൾ മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്ത് സ്വന്തം കുറവുകളെ പെരുപ്പിച്ചു ചിന്തിച്ചു സമാധാനം നഷ്ടപ്പെട്ടു ജീവിക്കുന്ന അവസ്ഥ ഉണ്ടാകും.
നിന്നെക്കൊണ്ട് ഇതുവല്ലതും പറ്റുമെന്നു തോന്നുന്നുണ്ടോ? ആത്മവിശ്വാസക്കുറവുള്ള ഭാര്യയാണ് ഭർത്താവിൽ നിന്നും ഇത് കേൾക്കുന്നതെങ്കിൽ എങ്ങനെയായിരിക്കും അതവരെ ബാധിക്കുക? പൊതുവേ എല്ലാ കാര്യത്തിലും സ്വയം കുറ്റപ്പെടുത്തുകയും സ്വയം ഒരു വിലയും നൽകാതെ ജീവിക്കുകയും ചെയ്യുകയാവും ആത്മവിശ്വാസക്കുറവ് ഉള്ള ഭാര്യ ചെയ്യുക. അതുകൊണ്ടുതന്നെ സ്വന്തം ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്താനൊന്നും അവർ ശ്രമിക്കില്ല.
ചില സമയങ്ങളിൽ ഭർത്താവിനോട് ഒന്നും സംസാരിക്കാതെ ഒഴിഞ്ഞുമാറും. എനിക്കൊരു കഴിവുമില്ല എന്നെകൊണ്ടു വല്യ കാര്യമൊന്നും ഇല്ലന്ന് ചിന്തിക്കുക, എന്നെ ഭർത്താവിന് ഇഷ്ടമില്ല എന്ന് വിശ്വസിക്കുക എന്നിവയ്ക്കെല്ലാം സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ സ്വന്തവും മറ്റുള്ളവരുടെയും എല്ലാം കുറവുകളിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തു മനസ്സ് അസ്വസ്ഥമായ അവസ്ഥയിലായിരിക്കും അവരുണ്ടാവുക.
ചെറിയ കുറ്റപ്പെടുത്താൽപോലും അവരുടെ മനസ്സിനെ വല്ലാതെ ബാധിക്കും. പെൺകുട്ടികളെ ആത്മവിശ്വാസം ഉള്ളവരായി വളർത്തികൊണ്ടുവരിക എന്നത് ചെറുപ്പകാലം മുതലേ മാതാപിതാക്കൾ ശ്രമിക്കാതെ പോകുമ്പോൾ എല്ലാത്തിനോടും നെഗറ്റീവ് മനോഭാവം അവരിൽ രൂപപ്പെടാൻ അതൊരു പ്രധാന കാരണമാണ്. എനിക്ക് ഈ ലോകത്തു തീരെ ഇഷ്ടമില്ലാത്തത് എന്നെ തന്നെയാണ് എന്നാവും അവർ പറയുക.
ചെറുപ്പകാലത്തിൽ അനുഭവിക്കേണ്ടി വന്ന വിവേചനം, ഒറ്റപ്പെടൽ ഒക്കെ അവരെ തീർച്ചയായും ബാധിക്കും. ആരുടെയും അംഗീകാരം കിട്ടാത്ത ഞാൻ ഒരു പരാജയമാണ് എന്നവർ ഉറപ്പിക്കും. എന്റെ ഭർത്താവോ, മക്കളോ, അങ്ങനെ ആരെങ്കിലും എന്നെ അംഗീകരിക്കുകയും പ്രചോദനം നൽകുകയും ചെയ്യുമ്പോൾ മാത്രമാണ് എന്റെ ജീവിതത്തിന് അർത്ഥം ഉള്ളൂ എന്നവർ ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ സ്വയം മെച്ചപ്പെടാൻ ഒരു ശ്രമങ്ങളും നടത്താതെ എല്ലായ്പ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി ആഗ്രഹിക്കും.
സ്വന്തം ചിന്തകൾപോലും ശരിയാണോ തെറ്റാണോ എന്ന് സംശയിക്കും. എന്താണോ ഭർത്താവോ മക്കളോ അംഗീകരിക്കുന്നത് അതാണ് തന്റെ ശരിയെന്നവർ ചിന്തിക്കും. അങ്ങനെ ഓരോ ചെറിയ കാര്യത്തിനും വൈകാരികമായി വല്ലാതെ മറ്റുള്ളവരോട് അടിമപ്പെട്ട അവസ്ഥ. സ്വന്തം കഴിവുകളിലേക്കും നന്മകളിലേക്കും ഒന്നും തീരെ ശ്രദ്ധ കൊടുക്കില്ല. ഒടുവിൽ ഫലമോ- വിഷാദവും, സ്വയം കുറ്റപ്പെടുത്തലും മാത്രം.
ആർക്കും വേണ്ടാതെ ഞാൻ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന് പറഞ്ഞ് സങ്കടപ്പെട്ടു കരയുന്ന സ്ത്രീകൾ ഒരുപാട് പേരുണ്ട്. ഇത് വിദ്യാഭാസവും, ജോലിയും കുറഞ്ഞ സ്ത്രീകൾക്ക് മാത്രമല്ല എന്നതാണ് വാസ്തവം. സ്വന്തം വിദ്യാഭ്യാസത്തിനോ, ജോലിക്കോ, കഴിവുകൾക്കോ ഒന്നും തീരെ പ്രാധാന്യം സ്വയം കൊടുക്കാതെ ഭർത്താവിന്റെ അംഗീകാരത്തിനായി മാത്രം ജീവിക്കുന്ന സ്ത്രീകൾ ഉണ്ട്. അങ്ങനെ ഉള്ള സ്ത്രീകൾക്ക് തന്റെ കഴിവിനെ ചോദ്യം ചെയ്യുന്ന നിലയിലുള്ള സംസാരം ഭർത്താവിന്റെ ഭാഗത്തു നിന്ന് വരുന്നത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കും.
സ്വയം അംഗീകരിക്കാൻ സ്ത്രീകൾ പഠിക്കണം...
സ്വയം മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിക്കുമ്പോൾ മാത്രമേ അവർ എത്ര മികച്ച വ്യക്തിത്വങ്ങൾ ആണ് എന്ന് സ്ത്രീകൾക്ക് മനസ്സിലാക്കാൻ കഴിയൂ. ഇങ്ങനെ ശ്രമങ്ങൾ നടത്താതെപോകുമ്പോൾ മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്ത് സ്വന്തം കുറവുകളെ പെരുപ്പിച്ചു ചിന്തിച്ചു സമാധാനം നഷ്ടപ്പെട്ടു ജീവിക്കുന്ന അവസ്ഥ ഉണ്ടാകും. സ്ത്രീകളിലെ വിഷാദരോഗത്തിന് പലപ്പോഴും ഒരു വലിയ കാരണവും ഇത് തന്നെ.
മിക്കപ്പോഴും സ്വയം എന്താണെന്ന് വളരെ നെഗറ്റീവ് ആയ തെറ്റിദ്ധാരണ വച്ചുപുലർത്തുന്നതും അവരുടെ യഥാർത്ഥ വ്യക്തിത്വവും കഴിവുകളും തമ്മിൽ വലിയ അന്തരം ഉള്ളതായി കാണാൻ കഴിയും. ചുറ്റുമുള്ളവർ അവരെപ്പറ്റി നല്ലതു മാത്രം പറയുമ്പോൾ, അതൊന്നും വലിയ കാര്യമല്ല, അതൊക്കെ നിസ്സാരമാണ് എന്ന് പറഞ്ഞു തള്ളിക്കളയുന്ന രീതി ആത്മവിശ്വാസത്തെ തകർക്കും. സ്വയം കരുണയോടെ സംസാരിക്കുക എന്നത് മനസ്സിന്റെ വിഷാദം കുറയ്ക്കാൻ സ്ത്രീകൾ ഉറപ്പായും ചെയ്തേ മതിയാവൂ.
ഭർത്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
ഭാര്യയ്ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ട് എങ്കിൽ അവരെ ഉപദേശിച്ചു നേരെയാക്കാൻ ശ്രമിക്കുന്നതിനു പകരം അവരോടുള്ള സമീപനത്തിലൂടെ അവർക്ക് അംഗീകാരം നൽകുന്നു എന്ന് പ്രകടമാക്കുക. ഈ അവസ്ഥയെ മറികടക്കാൻ ഞാൻ ഒപ്പമുണ്ട് എന്ന സന്ദേശം നൽകുക. ഭാര്യ നെഗറ്റീവ് ചിന്തകൾ കാരണം കുറ്റബോധം അനുഭവിക്കുന്ന അവസ്ഥയിലായിരിക്കും ഉണ്ടാവുക. അവർ ചിന്തിക്കുന്നതും കടന്നുപോകുന്നതുമായ കാര്യങ്ങളെ അംഗീകരിച്ചുകൊണ്ട് ഒപ്പം നില്ക്കാൻ തയ്യാറാണ് എന്ന് പറയാൻ കഴിഞ്ഞാൽ അതായിരിക്കും നല്കാൻ കഴിയുന്ന ഏറ്റവും വലിയ സപ്പോർട്ട്.
എഴുതിയത്:
പ്രിയ വർഗീസ്
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ്
Breathe Mind Care
TMM- Ramanchira Road
തിരുവല്ല
For Appointments Call: 8281933323
Online/ In-person consultation available
www.breathemindcare.com